റോമയ്ക്ക് തകർപ്പൻ ജയം; പത്തുപേരുമായി സമനില കാത്ത് അത്ലറ്റിക്കോ
സ്ലോവനെ 4-0ന് തകർത്ത് റോമ; പോർട്ടോയ്ക്ക് മൂന്നാം തോൽവി, ഡോർട്മുണ്ടിന് ജയം

റോം: ചാമ്പ്യൻസ് ലീഗിൽ റോമയ്ക്ക് തകർപ്പൻ ജയം. സ്വന്തം മൈതാനത്ത് സ്ലോവാക്കിയൻ ക്ലബ്ബ് സ്ലോവൻ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റോമ തോൽപ്പിച്ചത്. 21ആം മിനിറ്റിൽ ഹെർമോസോ ഗോളടിക്ക് തുടക്കമിട്ടു. 39ആം മിനിറ്റിൽ മൊളീന ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 52ആം മിനിറ്റിൽ പിസില്ലിയും 56ആം മിനിറ്റിൽ മാലനും ലക്ഷ്യം കണ്ടു. കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനോട് 4-3ന് തോറ്റ റോമയുടെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയമാണിത്.
ജർമനിയിൽ സ്റ്റുട്ഗാർട്ടും അത്ലറ്റിക്കോ മാഡ്രിഡും 1-1ന് സമനിലയിൽ പിരിഞ്ഞു. 36ആം മിനിറ്റിൽ ജാമി ലെവെലിങ് സ്റ്റുട്ഗാർട്ടിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ, 47ആം മിനിറ്റിൽ ഹൂലിയൻ ആൽവാരസ് അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. 65ആം മിനിറ്റിൽ മധ്യനിര താരം യുൽമാൻഡിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും അത്ലറ്റിക്കോ സമനില കൈവിടാതെ കാത്തു.
പോർച്ചുഗലിൽ പോർട്ടോയെ ഡച്ച് ക്ലബ്ബ് പിഎസ്വി ഐന്തോവൻ 1-0ന് തോൽപ്പിച്ചു. 57ആം മിനിറ്റിൽ ടിൽ ആണ് വിജയഗോൾ നേടിയത്. മൂന്ന് കളിയും തോറ്റ പോർട്ടോയ്ക്ക് ഇതുവരെ പോയിന്റൊന്നുമില്ല. നേരത്തെ നടന്ന മത്സരങ്ങളിൽ അസർബൈജാൻ ക്ലബ്ബ് സബായെ ബാക്കുവിൽ ബൊറൂസിയ ഡോർട്മുണ്ട് 2-1ന് തോൽപ്പിച്ചു. സെർഹൂ ഗിറാസി ഇരട്ടഗോൾ നേടി. ഫെനർബാഷെയും സ്ലാവിയ പ്രാഗും 2-2ന് സമനിലയിൽ പിരിഞ്ഞു. ഇന്ന് രാത്രി 10.15ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോമോയെയും ലീൽ ഗലാറ്റസരായിയെയും നേരിടും.




