Home › Football › ലണ്ടൻ ഡർബിയിൽ ടോട്ടനം; ചെൽസിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ലണ്ടൻ ഡർബിയിൽ ടോട്ടനം; ചെൽസിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ഗോളി മൈക് പെൻഡേഴ്സിന്റെ സെൽഫ് ഗോളും കോൾ പാൾമറുടെ ചുവപ്പു കാർഡും ചെൽസിക്ക് വിനയായി. മാറ്റിസ് ടെലിന്റെ ഗോളിൽ ടോട്ടനം ജയം ഉറപ്പിച്ചു.

ലണ്ടൻ ഡർബിയിൽ ടോട്ടനം; ചെൽസിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
Image Courtesy: https://www.facebook.com/TottenhamHotspur

ലണ്ടൻ: സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ലണ്ടൻ ഡർബിയിൽ ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളിന് ടോട്ടനം തകർത്തു. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം അവസാന പതിന്നാലു മിനിറ്റിലാണ് കളിയുടെ ഗതി മാറിയത്. ചെൽസി ഗോളി മൈക് പെൻഡേഴ്സിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ റോബർട്ടോ ഡീ സെർബിയുടെ സംഘത്തിന്റെ ജയം മാറ്റിസ് ടെൽ ഉറപ്പിച്ചു. ഇതിനിടെ കോൾ പാൾമർ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ സാബി അലോൺസോയുടെ ചെൽസിക്ക് തിരിച്ചുവരവിനുള്ള വഴിയും അടഞ്ഞു.

77ആം മിനിറ്റിലാണ് ചെൽസിയെ ഞെട്ടിച്ച സെൽഫ് ഗോൾ. തൊട്ടുപിന്നാലെ പെഡ്രോ നെട്ടോയ്ക്ക് മഞ്ഞക്കാർഡ്. 71ആം മിനിറ്റിൽ തർക്കത്തിന് മഞ്ഞക്കാർഡ് കണ്ടിരുന്ന പാൾമർ 80ആം മിനിറ്റിൽ മോശം ഫൗളിന് രണ്ടാം മഞ്ഞക്കാർഡും കണ്ടതോടെ ചെൽസി പത്തുപേരായി ചുരുങ്ങി. 87ആം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ടെൽ തൊടുത്ത വലതുകാലൻ ഷോട്ട് വലയുടെ താഴെ ഇടത് മൂലയിൽ കയറിയതോടെ കളിയുടെ കാര്യത്തിൽ തീരുമാനമായി.

മഞ്ഞക്കാർഡുകളുടെ കളികൂടിയായിരുന്നു ഡർബി. ടോട്ടനത്തിന്റെ കോൺർ ഗാലഗർ, മിക്കീ വാൻ ഡെ വെൻ, മാത്യൂസ് ഫെർണാണ്ടസ് എന്നിവരും ചെൽസിയുടെ മോർഗൻ റോജേഴ്സും മഞ്ഞക്കാർഡ് കണ്ടു. തർക്കത്തിന് ഡീ സെർബിക്ക് ഡഗ്ഔട്ടിലും മഞ്ഞക്കാർഡ് ലഭിച്ചു. താടിയെല്ല് തകർന്ന എമിലിയാനോ മാർട്ടിനസ് പരിക്കേറ്റ് പുറത്തായതിനാലാണ് പെൻഡേഴ്സ് ചെൽസിയുടെ വല കാത്തത്. ചുവപ്പു കാർഡ് സസ്പെൻഷനിലായിരുന്ന റോഡ്രിഗോ ബെന്താൻകൂർ ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕