Home › Football › താടിയെല്ലിന് പൊട്ടൽ; എമി മാർട്ടിനസിന് ശസ്ത്രക്രിയ

താടിയെല്ലിന് പൊട്ടൽ; എമി മാർട്ടിനസിന് ശസ്ത്രക്രിയ

എവർട്ടണെതിരായ മത്സരത്തിനിടെ ബ്രാൻത്വെയ്റ്റുമായി കൂട്ടിയിടിച്ച ചെൽസി ഗോളിക്ക് താടിയെല്ലിന് പൊട്ടലും കൺകഷനും; ഏതാനും ആഴ്ചക്കകം തിരിച്ചെത്തുമെന്ന് താരം

താടിയെല്ലിന് പൊട്ടൽ; എമി മാർട്ടിനസിന് ശസ്ത്രക്രിയ
Image Courtesy: Wikipedia

ലിവർപൂൾ: ചെൽസി ഗോളി എമിലിയാനോ മാർട്ടിനസിന്റെ താടിയെല്ലിന് പൊട്ടൽ. ശനിയാഴ്ച എവർട്ടണെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ എവർട്ടൺ ഡിഫൻഡർ ജറാഡ് ബ്രാന്ത്‌വെയ്റ്റുമായി കൂട്ടിയിടിച്ചാണ് അർജന്റീന താരത്തിന് പരിക്കേറ്റത്. മണിക്കൂറുകൾക്കകം തന്നെ മാർട്ടിനസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

"എല്ലാ സന്ദേശങ്ങൾക്കും നന്ദി, ശസ്ത്രക്രിയ വിജയകരമായിരുന്നു. ഏതാനും ആഴ്ചകള്ക്കകം ഞങ്ങൾ തിരിച്ചെത്തും," ആശുപത്രിക്കിടക്കയിൽ നിന്ന് ഇൻസ്റ്റഗ്രാമിൽ മാർട്ടിനസ് കുറിച്ചു.

എവർട്ടന്റെ തട്ടകമായ ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിൽ, എവർട്ടൺ എടുത്ത ഫ്രീകിക്കിൽ പന്തിനായി ഉയർന്നുചാടിയപ്പോഴായിരുന്നു അപകടം. ബ്രാന്ത്‌വെയ്റ്റിന്റെ തല മാർട്ടിനസിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. എട്ട് മിനിറ്റിലേറെ മൈതാനത്ത് ചികിത്സ നൽകിയ ശേഷം സ്ട്രെച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. ചെൽസി 1-0ന് മുന്നിട്ടുനിൽക്കുമ്പോൾ 73ആം മിനിറ്റിൽ 21കാരനായ ബെൽജിയൻ ഗോളി മൈക്ക് പെൻഡേഴ്സ് പകരക്കാരനായി ഇറങ്ങി. പെൻഡേഴ്സിന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റമായിരുന്നു ഇത്. മത്സരം ചെൽസി 2-0ന് ജയിച്ചു.

മാർട്ടിനസ് ബോധത്തോടെയാണ് സ്റ്റേഡിയം വിട്ടതെന്നും മുൻകരുതലെന്ന നിലയിൽ ആശുപത്രിയിൽ പരിശോധനകൾ നടക്കുകയാണെന്നും മത്സരശേഷം ചെൽസി പരിശീലകൻ സാബി അലോൻസോ പറഞ്ഞു. താരത്തിന് കൺകഷനുണ്ടെന്നും അലോൻസോ വ്യക്തമാക്കി. പുറം, കഴുത്ത് എന്നിവിടങ്ങളിലെ സ്കാനിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്ന് അർജന്റീനിയൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എദുൽ റിപ്പോർട്ട് ചെയ്തു.

"ഏതാനും ആഴ്ചകൾ" എന്ന് താരം പറയുന്നുണ്ടെങ്കിലും കൺകഷൻ കൂടിയുള്ളതിനാൽ തിരിച്ചുവരവ് വൈകിയേക്കാം. ഒക്ടോബർ 24ന് ടോട്ടനത്തിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം. തുടർന്ന് കരബാവോ കപ്പിൽ ലിവർപൂളിനെയും ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും സണ്ടർലാൻഡിനെയും നേരിടണം. നവംബർ ഒമ്പതിന് തുടങ്ങുന്ന രാജ്യാന്തര ഇടവേളയ്ക്ക് മുമ്പുള്ള ഈ നാല് മത്സരങ്ങളും മാർട്ടിനസിന് നഷ്ടമായേക്കും. ഇവയിൽ ചെൽസിയുടെ വല കാക്കാനുള്ള ചുമതല പെൻഡേഴ്സിനാകുമെന്നാണ് സൂചന.

2022 ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച 34കാരനായ മാർട്ടിനസ്, ആസ്റ്റൺ വില്ലയിൽ നിന്നാണ് ചെൽസിയിലെത്തിയത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕