Home › Kerala › ജി.വി. രാജ പുരസ്കാരങ്ങൾ സമ്മാനിച്ചു; താരങ്ങളുടെ മത്സരച്ചെലവ് മുടങ്ങില്ലെന്ന് മുഖ്യമന്ത്രി

ജി.വി. രാജ പുരസ്കാരങ്ങൾ സമ്മാനിച്ചു; താരങ്ങളുടെ മത്സരച്ചെലവ് മുടങ്ങില്ലെന്ന് മുഖ്യമന്ത്രി

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി മെഡൽ നേടിയ മലയാളി താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഞ്ജു സാംസണെ പ്രത്യേകം ആദരിച്ചു. കായിക വകുപ്പിന്റെ ബ്രാൻഡ് അംബാസഡറായി സഞ്ജുവിനെയും, സെലിബ്രിറ്റി ഇൻഫ്ലുവൻസറായി നടൻ ആന്റണി വർഗീസ് പെപ്പെയെയും കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു.

ജി.വി. രാജ പുരസ്കാരങ്ങൾ സമ്മാനിച്ചു; താരങ്ങളുടെ മത്സരച്ചെലവ് മുടങ്ങില്ലെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ആൻസി സോജൻ
Image Courtesy: https://www.facebook.com/janeeshoj

തിരുവനന്തപുരം: 2025-26ലെ ജി.വി. രാജ കായിക പുരസ്കാരങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. ജി.വി. രാജയുടെ ജന്മദിനമായ ഒക്ടോബർ 13ന്, സംസ്ഥാന കായിക ദിനത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 'നിശാഗന്ധി കായിക രാവ്' ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ പുരസ്കാരം നേരിട്ട് ഏറ്റുവാങ്ങി. വനിതാ വിഭാഗത്തിൽ പുരസ്കാരം നേടിയ ബാഡ്മിൻറൺ താരം ട്രീസ ജോളിക്കുവേണ്ടി മാതാപിതാക്കളാണ് പുരസ്കാരം സ്വീകരിച്ചത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

കായിക താരങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി ഉറപ്പുനൽകി. മത്സരത്തിനുള്ള യാത്രാബത്തയും ദിനബത്തയും ഇനി ആർക്കും മുടങ്ങില്ല. ഇതിന്റെ വിശദാംശങ്ങൾ കായിക വകുപ്പ് മുൻകൂട്ടി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. മത്സരച്ചെലവ് സർക്കാർ നൽകുന്നില്ലെന്ന താരങ്ങളുടെ പരാതികൾക്കിടെയാണ്, ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ. യോഗ്യതയുള്ള എല്ലാ താരങ്ങൾക്കും മികവിന് അനുസരിച്ച് കേരളത്തിൽ തന്നെ ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങൾ എങ്ങോട്ടും പോകണ്ട, ഇവിടെ നിന്നാൽ നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാകും," മുഖ്യമന്ത്രി താരങ്ങളോട് പറഞ്ഞു. സംസ്ഥാനത്തുടനീളം കൂടുതൽ കളിസ്ഥലങ്ങൾ ഒരുക്കുമെന്നും, യുവാക്കൾ ലഹരി ഉപേക്ഷിച്ച് കളിക്കളത്തിലേക്ക് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി മെഡൽ നേടിയ മലയാളി താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഞ്ജു സാംസണെ പ്രത്യേകം ആദരിച്ചു. നഗോയ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ വെള്ളി നേടിയ തൃശ്ശൂർ നാട്ടിക സ്വദേശിനി ആൻസി സോജൻ ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. ആൻസിയുടെ പരിശീലകൻ അനൂപ് ജോസഫിനാണ് ഇതേ വേദിയിൽ മികച്ച പരിശീലകനുള്ള ജി.വി. രാജ പുരസ്കാരം ലഭിച്ചത്. കായിക വകുപ്പിന്റെ ബ്രാൻഡ് അംബാസഡറായി സഞ്ജുവിനെയും, സെലിബ്രിറ്റി ഇൻഫ്ലുവൻസറായി നടൻ ആന്റണി വർഗീസ് പെപ്പെയെയും കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു. പുതുതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കാനാണ് ഈ നീക്കം.

കോമൺവെൽത്ത് ഗെയിംസ് സ്വർണം, ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ, കോണ്ടിനെന്റൽ ടൂർ വിജയങ്ങൾ എന്നിവ പരിഗണിച്ചാണ് എൽദോസ് പോളിന് പുരസ്കാരം. ഏഷ്യൻ വനിതാ ടീം ചാമ്പ്യൻഷിപ്പിൽ സ്വർണം, കോമൺവെൽത്ത് ഗെയിംസിൽ ടീം, വനിതാ ഡബിൾസ് വിഭാഗങ്ങളിൽ വെങ്കലം, ആൾ ഇംഗ്ലണ്ട് സെമിഫൈനൽ എന്നിവയാണ് ട്രീസയെ പുരസ്കാരത്തിന് അർഹയാക്കിയത്.

ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക ആജീവനാന്ത പുരസ്കാരം (രണ്ടു ലക്ഷം രൂപ) ഡോ. പി.ടി. ജോസഫ് ഏറ്റുവാങ്ങി. ആൻസി സോജന്റെ പരിശീലകൻ അനൂപ് ജോസഫ് മികച്ച പരിശീലകനുള്ള പുരസ്കാരം (ഒരു ലക്ഷം രൂപ) നേടി. മികച്ച കോളേജിനുള്ള പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനും മികച്ച കോളേജ് കായികാധ്യാപകനുള്ള പുരസ്കാരം ഡോ. സി.എസ്. സദാനന്ദനും ലഭിച്ചു. സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ വോളിബോൾ താരങ്ങളായ എഡ്വിൻ പോൾ സിബി, അനാമിക പി. എന്നിവർ പുരസ്കാരം നേടി.

മാധ്യമ വിഭാഗത്തിൽ മികച്ച കായിക ലേഖകനുള്ള പുരസ്കാരം അജയ് ബെൻ (മലയാള മനോരമ), ദൃശ്യമാധ്യമ പുരസ്കാരം ശ്രാവണ് കൃഷ്ണ (ഏഷ്യാനെറ്റ് ന്യൂസ്), ഫോട്ടോഗ്രാഫി പുരസ്കാരം കെ.കെ. സന്തോഷ് (മാതൃഭൂമി) എന്നിവർക്കാണ്. സഞ്ജു സാംസണെക്കുറിച്ച റിപ്പോർട്ടാണ് ശ്രാവണിന് പുരസ്കാരം നേടിക്കൊടുത്തത്. 'ഉണരൂ ആരാധകരേ ഉണരൂ' എന്ന കൃതിക്ക് മികച്ച കായിക പുസ്തകത്തിനുള്ള പുരസ്കാരവും ലഭിച്ചു. പാരാ പവർലിഫ്റ്റർ ജോബി മാത്യു, മുൻ ഇന്ത്യൻ-കേരള ഗോൾകീപ്പർ വിക്ടർ മഞ്ഞില എന്നിവർക്ക് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

അഞ്ജു ബോബി ജോർജ്, പി.ആർ. ശ്രീജേഷ്, ഡോ. ബിനു ജോർജ് വർഗീസ്, സനിൽ പി. തോമസ് എന്നിവരും കായിക വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പതിനാലു വിഭാഗങ്ങളിൽ രണ്ടെണ്ണത്തിൽ മതിയായ നിലവാരമുള്ള അപേക്ഷകളില്ലാത്തതിനാൽ ഇതവണ പുരസ്കാരം നൽകിയില്ല.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕