ഒരുമിച്ച് നിൽക്കാം, ചിരിക്കാം; സിറ്റി ആരാധകരോട് ഹാളണ്ട്
സാമ്പത്തിക നിയമലംഘനക്കേസിലെ വിധിക്കു പിന്നാലെ ആൻഫീൽഡിലേക്ക് പോകുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകരോട് എർലിങ് ഹാളണ്ടിന്റെ സന്ദേശം. ജീവിതത്തിൽ എന്തു സംഭവിച്ചാലും ചിരിക്കണം, ഒരുമിച്ച് നിൽക്കണം.

മാഞ്ചസ്റ്റർ: ക്ലബ്ബ് വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആരാധകരോട് ഒരുമിച്ചു നിൽക്കാൻ ആഹ്വാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്റ്റാർ എർലിങ് ഹാളണ്ട്. പ്രീമിയർ ലീഗിന്റെ സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുവെന്ന കേസിൽ സിറ്റി കുറ്റക്കാരാണെന്ന് സെപ്റ്റംബർ 29ന് സ്വതന്ത്ര കമ്മീഷൻ വിധിച്ചിരുന്നു. ഞായറാഴ്ച ആൻഫീൽഡിൽ ലിവർപൂളിനെ നേരിടാൻ ഒരുങ്ങുന്നതിനിടെ ക്ലബ്ബ് മീഡിയ പുറത്തുവിട്ട വീഡിയോയിലാണ് നോർവീജിയൻ സ്ട്രൈക്കറുടെ വാക്കുകൾ.
ഒരുമിച്ച് നിൽകണം, പോസിറ്റീവായി മുന്നോട്ടു നോക്കണം, കളികൾ ജയിക്കാൻ ശ്രമിക്കണം എന്നാണ് ഹാളണ്ടിന്റെ സന്ദേശം. ജീവിതത്തിൽ എന്ത് സംഭവിച്ചാലും മുഖത്ത് ചിരി വേണം. സാഹചര്യം ആസ്വദിക്കാൻ ശ്രമിക്കണം, പരസ്പരം സ്നേഹം പകരണം. ഒരുമിച്ചു നിന്ന് ഈ യാത്ര ആസ്വദിക്കാം എന്നു പറഞ്ഞാണ് ഹാളണ്ട് വീഡിയോ അവസാനിപ്പിക്കുന്നത്.
സിറ്റിയുമായുള്ള തന്റെ ആത്മബന്ധവും ഹാളണ്ട് വീഡിയോയിൽ പങ്കുവെച്ചു. അച്ഛൻ ആൽഫ്-ഇംഗെ ഹാളണ്ട് സിറ്റിക്കായി കളിച്ചിരുന്ന കാലത്ത് അമ്മയും ചേർന്ന് പത്തു വർഷം ഇംഗ്ലണ്ടിലായിരുന്നു താമസം. നോട്ടിങ്ഹാമിലും ലീഡ്സിലുമായിരുന്നു കുടുംബം. മാഞ്ചസ്റ്ററിൽ താമസിച്ചിട്ടില്ലെങ്കിലും അച്ഛൻ ദിവസവും കാരിങ്ടണിലെ പരിശീലന കേന്ദ്രത്തിലെത്തി. ജീവിതത്തിലെ ആദ്യ നാലു വർഷം താൻ ഇവിടെയാണ് ചെലവഴിച്ചതെന്നും സഹോദരന് ഒൻപതും സഹോദരിക്ക് ആറും വർഷം ഇവിടെ ജീവിച്ചുവെന്നും ഹാളണ്ട് ഓർത്തു. കുടുംബത്തിന് ഇത് പ്രത്യേക ഇടമാണ്. സിറ്റിയെയും ആരാധകരെയും ഏറെ സ്നേഹിക്കുന്നു. കാരണം താനും ഒരു ആരാധകനാണ്. അവരുടെ വികാരം തനിക്കും അറിയാമെന്ന് ഹാളണ്ട് പറഞ്ഞു. കുഞ്ഞായിരുന്നപ്പോൾ സിറ്റി ജേഴ്സി അണിഞ്ഞു നിൽക്കുന്ന ഹാളണ്ടിന്റെ പഴയ ചിത്രവും വീഡിയോയിലുണ്ട്.
ലിവർപൂളിനെതിരായ മത്സരങ്ങൾ എപ്പോഴും പ്രത്യേകതയുള്ളതാണെന്ന് ഹാളണ്ട് പറഞ്ഞു. ആൻഫീൽഡിൽ ജയിച്ചിട്ടുണ്ട്, സമനില വഴങ്ങിയിട്ടുണ്ട്, തോറ്റിട്ടുമുണ്ട്. എല്ലാ പ്രീമിയർ ലീഗ് കളിയും വ്യത്യസ്തമാണെങ്കിലും ലിവർപൂളിനെതിരായ കളി എപ്പോഴും വേറിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് ആൻഫീൽഡിലെ കിക്കോഫ്.
സിറ്റിയെ സംബന്ധിച്ചിടത്തോളം വിധി വലിയ ആഘാതമാണ്. 2009-10 മുതൽ 2017-18 വരെയുള്ള കാലത്ത് വ്യാജ സ്പോൺസർഷിപ്പ് കരാറുകളിലൂടെ വരുമാനം ഏകദേശം 830 മില്യൺ പൗണ്ട് പെരുപ്പിച്ചുകാട്ടിയെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കമ്മീഷൻ കണ്ടെത്തി. എന്താണ് ശിക്ഷയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തങ്ങൾ നിരപരാധികളാണെന്നും വിധി നിയമപരമായി പിഴവുള്ളതാണെന്നും പറഞ്ഞ് സിറ്റി അപ്പീൽ നൽകിക്കഴിഞ്ഞു. അപ്പീൽ നടപടികൾ 2027 വരെ നീണ്ടേക്കാമെന്നാണ് സൂചന. ഇതിനിടയിലാണ് കളത്തിലും ഗ്യാലറിയിലും ആത്മവിശ്വാസം കൈവിടാതിരിക്കാനുള്ള ഹാളണ്ടിന്റെ ആഹ്വാനം.



