ട്രാക്കിൽ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ; നാലു ദിവസം താരങ്ങൾ പുറത്ത്
ഒളിമ്പിക്സ് മെഡലുകളുടെ നാടെന്ന് അഭിമാനിക്കുന്ന ഹരിയാനയിൽ, കായികതാരങ്ങൾ ഓടേണ്ട സിന്തറ്റിക് ട്രാക്ക് നാലു ദിവസം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് പാർക്കിങ് സ്ഥലമായി. മുഖ്യമന്ത്രി സിംഗപ്പൂരിൽ ആയിരുന്നപ്പോൾ ഗുരുഗ്രാമിലെ താരങ്ങൾക്ക് പരിശീലനം നഷ്ടമായത് സുരക്ഷാകാരണങ്ങൾ പറഞ്ഞ്.

ഗുരുഗ്രാം: ഓടാനുള്ള ട്രാക്കിൽ പാർക്ക് ചെയ്ത് ഹെലികോപ്റ്റർ. ഗേറ്റിൽ സുരക്ഷാ ജീവനക്കാർ. പുറത്ത് പരിശീലന വസ്ത്രമണിഞ്ഞ കായികതാരങ്ങൾ. ഗുരുഗ്രാമിലെ താവ് ദേവിലാൽ സ്പോർട്സ് കോംപ്ലക്സിൽ നാലു ദിവസം കണ്ട ദൃശ്യമാണിത്. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി ഉപയോഗിക്കുന്ന സർക്കാർ ഹെലികോപ്റ്ററാണ് സ്റ്റേഡിയത്തിലെ ഇന്നർ ഗ്രൗണ്ടിൽ പാർക്ക് ചെയ്തത്. ഹെലികോപ്റ്റർ അവിടെ കിടന്ന ദിവസങ്ങളിലത്രയും സിന്തറ്റിക് ട്രാക്കും ഉൾഭാഗവും അടച്ചിട്ടു. ദിവസവും ഇവിടെ പരിശീലിക്കുന്ന സംസ്ഥാതല ഓട്ടക്കാരും സ്പ്രിന്റർമാരും കുട്ടികളുമടക്കം നൂറുകണക്കിന് കായികതാരങ്ങളെ സുരക്ഷാ ജീവനക്കാർ തടഞ്ഞു.
ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചതാണ് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സ്റ്റാൻഡ്ബൈ ആയി സൂക്ഷിച്ചതല്ലെന്നും മീഡിയ ഉപദേശകൻ രാജീവ് ജേട്ലി പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ട്രാക്ക് അടച്ചതെന്ന് ഹരിയാന സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ റാം മേഹർ സിങ്ങും. മുഖ്യമന്ത്രി സിംഗപ്പൂർ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി ഹെലികോപ്റ്ററിൽ ചണ്ഡിഗഢിലേക്ക് പറന്നതോടെയാണ് ട്രാക്ക് താരങ്ങൾക്ക് തിരികെ കിട്ടിയത്.
പക്ഷേ പ്രശ്നം ഒറ്റത്തവണത്തേതല്ല. മിക്ക മാസവും ഒന്നോ രണ്ടോ ദിവസം ഹെലികോപ്റ്റർ ഇവിടെ പാർക്ക് ചെയ്യാറുണ്ടെന്നാണ് താരങ്ങൾ പറയുന്നത്. ഓരോ തവണയും ട്രാക്ക് അടയ്ക്കും. തുടർച്ചയായി മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് ഒന്നോ രണ്ടോ ദിവസത്തെ പരിശീലനം നഷ്ടമാകുന്നതുപോലും വലിയ തിരിച്ചടിയാണെന്ന് ഒരു താരം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ഗുരുഗ്രാമിലെ പല കായികതാരങ്ങൾക്കും പരിശീലിക്കാൻ ലഭ്യമായ ഏക ട്രാക്കാണിത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്ര ചെയ്തെത്തിയ കുട്ടികൾ അടച്ച ഗേറ്റിനു മുന്നിൽ നിന്ന് മടങ്ങിയതായി രക്ഷിതാക്കളും പറയുന്നു.
ഗുരുഗ്രാമിൽ സർക്കാർ ഹെലിപാഡ് ഇല്ലാത്തതും, ഡൽഹിയിൽ പാർക്ക് ചെയ്താൽ ഫീസ് നൽകേണ്ടിവരുന്നതുമാണ് സ്റ്റേഡിയം തിരഞ്ഞെടുക്കാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അതായത്, ഫീസ് ലാഭിക്കാൻ വേണ്ടി വില നൽകേണ്ടിവരുന്നത് കായികതാരങ്ങളുടെ പരിശീലന ദിവസങ്ങള്. ഗുരുഗ്രാമിലെ ഗ്ലോബൽ സിറ്റിയിൽ ഹെലി ഹബ്ബിനായി 2022ൽ സർക്കാർ 25 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. നാലു വർഷം കഴിഞ്ഞിട്ടും അവിടെ ഒരു കല്ലുപോലും വീണിട്ടില്ല. ഹെലികോപ്റ്ററിന് പാർക്കിങ് വേറെ സ്ഥലം കണ്ടെത്തണമെന്ന് പരിശീലകർ ആവശ്യപ്പെടുന്നു.
നീരജ് ചോപ്രയുടെയും ബജ്രംഗ് പുനിയായുടെയും നാടാണ് ഹരിയാന. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടുമ്പോൾ സ്വീകരണവും കോടികളുടെ സമ്മാനവുമായി എത്തുന്ന സർക്കാർ, അതേ താരങ്ങൾ വളരേണ്ട ട്രാക്ക് ഹെലിപാഡാക്കുന്നു. മെഡൽ വേദിയിലെ ഫോട്ടോകളിൽ കാണുന്ന കായികസ്നേഹം ട്രാക്കിൽ ഇല്ലെന്നതിന് ഇതിന്റെയത്ര വലിയ തെളിവ് വേറെ വേണ്ട. ഓടാൻ ഇടം ചോദിക്കുന്ന കുട്ടികൾക്ക് മുന്നിൽ ഹെലികോപ്റ്റർ പാർക്ക് ചെയ്ത് ഗേറ്റടയ്ക്കുന്ന സംവിധാനത്തിന് എന്ത് സന്ദേശമാണ് നൽകാനുള്ളത്?



