ഇന്ന് ചിന്നസ്വാമിയിൽ 'ഫൈനൽ'; പരമ്പര തീരുമാനിക്കുന്ന അഞ്ചാം ടി20ക്ക് മഴഭീഷണി
പരമ്പര 2-2ന് സമനിലയിൽ. വിൻഡീസ് ജയിച്ചാൽ 2019നു ശേഷം ഇന്ത്യയിൽ ടി20 പരമ്പര നേടുന്ന ആദ്യ ടീമാകും. അർഷ്ദീപിന് പരിക്ക്, ഭുവനേശ്വർ കുമാർ ടീമിൽ. കളി രാത്രി ഏഴിന്.

ബെംഗളൂരു: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയുടെ വിധി ഇന്ന് ചിന്നസ്വാമിയിൽ അറിയാം. രാത്രി ഏഴിനാണ് അഞ്ചാം മത്സരം. ലക്നൗവിലും ഇൻഡോറിലും ഇന്ത്യ ജയിച്ചപ്പോൾ റാഞ്ചിയിലും ഹൈദരാബാദിലും വിൻഡീസ് തിരിച്ചടിച്ചു. ഇന്ന് വിൻഡീസ് ജയിച്ചാൽ 2019 ഫെബ്രുവരിയിൽ ഓസ്ട്രേലിയ നേടിയ വിജയത്തിനു ശേഷം ഇന്ത്യൻ മണ്ണിൽ ടി20 പരമ്പര നേടുന്ന ആദ്യ ടീമാകും. എന്നാൽ ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ആശങ്കയാണ്.
ഹൈദരാബാദിൽ ബൗളിങ് കൈയ്ക്ക് പന്തു കൊണ്ട് പരിക്കേറ്റ അർഷ്ദീപ് സിങിന് പകരം ഭുവനേശ്വർ കുമാറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരയിൽ ഇന്ത്യൻ ബൗളിങ് നേരിടുന്ന പ്രതിസന്ധി ഇതോടെ കൂടുതൽ വലുതാകും. ബുംറ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നിവർ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ചെറിയ ബൗണ്ടറികളും ബാറ്റിങിനു അനുകൂലമായ പിച്ചുമുള്ള ചിന്നസ്വാമിയിൽ ടോസ് നേടുന്നവർ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. പരമ്പരയിൽ രണ്ടു അർധസെഞ്ച്വറി നേടിയ സഞ്ജു സാംസണിലേക്കാണ് മലയാളി ആരാധകരുടെ കണ്ണ്.
ഷായ് ഹോപ്പാണ് ഇന്ത്യയുടെ പ്രധാന ഭീഷണി. ഏകദിയും ടി20യുമായി ഈ പര്യടനത്തിൽ നാലു സെഞ്ച്വറികളാണ് വിൻഡീസ് നായകൻ നേടിയത്. ഹോപ്പ് പുറത്താകാതെ നിന്ന എല്ലാ കളികളിലും വിൻഡീസ് ജയിച്ചു. 250 റൺസ് പിന്തുടർന്ന് ജയിക്കുകയും 247 റൺസ് പ്രതിരോധിക്കുകയും ചെയ്ത ടീമിനെതിരെ ഇന്നും റൺമഴ പ്രതീക്ഷിക്കാം. ടി20യിൽ ഇരു ടീമുകളും 35 തവണ ഏറ്റുമുട്ടിയപ്പോൾ 22ലും ജയം ഇന്ത്യയ്ക്കായിരുന്നു.




