Home › ISL › സ്റ്റേഡിയത്തിന്റെ വാടക കുറച്ചു; ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നിന്നും പോകില്ല

സ്റ്റേഡിയത്തിന്റെ വാടക കുറച്ചു; ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നിന്നും പോകില്ല

ആദ്യ മത്സരത്തിന് വാടക മൂന്ന് ലക്ഷം. കായികമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടു. തദ്ദേശ വകുപ്പിന് നിർദേശം നൽകി മന്ത്രി കെ.എം ഷാജി.

സ്റ്റേഡിയത്തിന്റെ വാടക കുറച്ചു; ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നിന്നും പോകില്ല
JLN സ്റ്റേഡിയം
Image Courtesy: https://www.facebook.com/jnskaloor

കൊച്ചി: ഐ.എസ്.എൽ. സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങാനിരിക്കെ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ വാടകയെച്ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനനിമിഷം പരിഹരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഓരോ മത്സരത്തിനും ഒൻപത് ലക്ഷം രൂപ വാടക നൽകണമെന്ന ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജി.സി.ഡി.എ.) നിലപാടാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ഒടുവിൽ സർക്കാർ തലത്തിലുള്ള ഇടപെടലിനെത്തുടർന്ന് ആദ്യ മത്സരത്തിനുള്ള വാടക മൂന്ന് ലക്ഷമായി കുറച്ചെന്നാണ് സൂചന.

വാടക ഇളവോടെ ഞായറാഴ്ച മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരം കൊച്ചിയിൽ നടത്താനുള്ള വഴിതുറന്നു. എന്നാൽ തുടർന്നുള്ള ഹോം മത്സരങ്ങളുടെ വാടക സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. 25 ലക്ഷം രൂപ ഡിപ്പോസിറ്റായി നൽകണമെന്നും നിർദേശമുണ്ട്.

മുൻ ഭരണസമിതി നിശ്ചയിച്ച വാടകത്തുകയിൽ മാറ്റം വരുത്താൻ നിയമപരമായി കഴിയില്ലെന്ന നിലപാടാണ് ജി.സി.ഡി.എ. ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നാണ് വിവരം. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷിനെ സമീപിച്ചത്. വിഷയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഇടപെടലിലൂടെ വാടക കുറയ്ക്കാനുള്ള നീക്കമുണ്ടായെന്നാണ് റിപ്പോർട്ട്.

ആദ്യ മത്സരത്തിന് താൽക്കാലിക ആശ്വാസം ലഭിച്ചെങ്കിലും തുടർന്നുള്ള മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സും ജി.സി.ഡി.എ.യും തമ്മിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരും. വാടക സംബന്ധിച്ച അന്തിമ ധാരണയാകും കൊച്ചിയിലെ ശേഷിക്കുന്ന ഹോം മത്സരങ്ങളുടെ നടത്തിപ്പിൽ നിർണായകമാവുക.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕