Kerala
രഞ്ജി ട്രോഫിയിൽ കേരള - ജാർഖണ്ഡ് മത്സരം സമനിലയിൽ; ലീഡുമായി മൂന്ന് പോയിൻ്റ് സ്വന്തമാക്കി ജാർഖണ്ഡ്
കേരളം 395ന് പുറത്തായതോടെ 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും അതിന്റെ പോയിന്റും ജാർഖണ്ഡിന് കിട്ടി. രണ്ടാം ഇന്നിംഗ്സിൽ കേരളം 2ന് 62 എടുത്തുനിൽക്കെ കളി അവസാനിച്ചു

Image Courtesy: കേരള ക്രിക്കറ്റ് അസോസിയേഷൻ
ജംഷഡ്പൂർ: കേരളവും ജാർഖണ്ഡും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിനായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജാർഖണ്ഡിന്റെ കൂറ്റൻ സ്കോറായ 587 റൺസിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 395ന് അവസാനിച്ചിരുന്നു.
ജാർഖണ്ഡ്: 587 , കേരളം (ഒന്നാം ഇന്നിങ്സ്): 395, കേരളം (രണ്ടാം ഇന്നിങ്സ്): 62-2
ആറ് വിക്കറ്റിന് 269 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി പുനരാരംഭിച്ച കേരളത്തിന് സൽമാൻ നിസാറും ആദിത്യ സർവാടെയും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 353ൽ നിൽക്കെ സൽമാൻ നിസാറിന്റെ വിക്കറ്റ് വീഴ്ത്തി മനീഷ് സിങ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. 43 റൺസാണ് സൽമാൻ നേടിയത്.
തുടന്നെത്തിയവർക്ക് ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ഏദൻ ആപ്പിൾ ടോം മൂന്ന് റൺസെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ചുനിന്ന ആദിത്യ സർവാടെയും സെഞ്ച്വറിക്ക് അരികെ പുറത്തായതോടെ കേരളത്തിൻ്റെ പ്രതീക്ഷൾ അവസാനിച്ചു. 14 ബൗണ്ടറികളും ഒരു സിക്സുമടക്കം 95 റൺസെടുത്ത ആദിത്യ സർവാടെ, ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ജാർഖണ്ഡിനായി ഉത്കർഷ് സിങ്ങും മനീഷി സിങ്ങും നാല് വിക്കറ്റ് വീതവും മുഹമ്മദ് കുനൈൻ ഖുറേഷി രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ ജാർഖണ്ഡ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.




