Home › School Games › കോഴിക്കോട് ഇനി കൗമാര കുതിപ്പിന്; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് എൻഐടിയിൽ കൊടിയേറ്റം

കോഴിക്കോട് ഇനി കൗമാര കുതിപ്പിന്; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് എൻഐടിയിൽ കൊടിയേറ്റം

മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നീന്തൽ ഉൾപ്പെടെ പൂർത്തിയായ ഇനങ്ങളിൽ തിരുവനന്തപുരം ഏറെ മുന്നിൽ; ഇനി അത്‍ലറ്റിക്ക്സിന്റെ ഊഴം.

കോഴിക്കോട് ഇനി കൗമാര കുതിപ്പിന്; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് എൻഐടിയിൽ കൊടിയേറ്റം
Image Courtesy: https://www.instagram.com/nitcofficial/

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് ചാത്തമംഗലം എൻഐടി ക്യാമ്പസിൽ തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തുനിന്നുള്ള ട്രോഫി പ്രയാണവും കാസർകോട്ടുനിന്നുള്ള ദീപശിഖാ പ്രയാണവും രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് നഗരം ചുറ്റിയുള്ള ഘോഷയാത്രയ്ക്കും മാർച്ച് പാസ്റ്റിനും ശേഷം എൻഐടിയിൽ ഉദ്ഘാടന ചടങ്ങ് നടക്കും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന മേള ഒക്ടോബർ 31ന് സമാപിക്കും. സമാപന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി.

ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന മേളയിലെ നീന്തൽ, ബോക്സിംഗ്, ജൂഡോ, ജിമ്നാസ്റ്റിക്സ് ഇനങ്ങൾ നേരത്തെ പൂർത്തിയായി. തിരുവനന്തപുരം പിരപ്പൻകോട് അക്വാട്ടിക് സെന്ററിൽ നടന്ന നീന്തലിൽ കുതിച്ച തിരുവനന്തപുരം 606 പോയിന്റുമായി ഏറെ മുന്നിലാണ്. എറണാകുളം (160), തൃശൂർ (120) ജില്ലകളാണ് തൊട്ടുപിന്നിൽ. ബോക്സിംഗിലും ജൂഡോയിലും ജിമ്നാസ്റ്റിക്സിലും തിരുവനന്തപുരം തന്നെയാണ് ചാമ്പ്യന്മാർ. കഴിഞ്ഞ രണ്ടു പതിപ്പുകളിലും ഓവറോൾ കിരീടം നേടിയ തലസ്ഥാന ജില്ല ഹാട്രിക്ക് ലക്ഷ്യമിട്ടാണ് കോഴിക്കോട്ടെത്തുന്നത്. എന്നാൽ സ്കൂൾ കായികമേളയുടെ ഹൃദയമായ അത്‍ലറ്റിക്ക്സും 11 ഗെയിംസ് ഇനങ്ങളും ഇനിയും ബാക്കിയുണ്ട്. നീന്തലിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തുണ്ടത്തിൽ എം.വി. എച്ച്.എസ്.എസിലെ എസ്. അരോഷും ആർ. വൈകാശും ഉൾപ്പെടെ പലരും സംസ്ഥാന റെക്കോർഡ് കുറിച്ചു.

അത്‍ലറ്റിക്ക്സ് മത്സരങ്ങൾക്കായി എൻഐടിയിലെ സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിച്ചിട്ടുണ്ട്. നവീകരണത്തിനു ശേഷം ഇവിടെ നടക്കുന്ന ആദ്യ വലിയ മത്സരമാണിത്. കണ്ണൂരിൽ നടക്കേണ്ടിയിരുന്ന മേള പുതിയ സർക്കാർ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട്ടാണ് മികച്ച സൗകര്യങ്ങളുള്ളതെന്നായിരുന്നു കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ വിശദീകരണം. അടുത്ത പതിപ്പിന് കണ്ണൂരിനെ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉറപ്പു നൽകിയതായി റിപ്പോർട്ടുണ്ട്. 17 സബ് കമ്മിറ്റികളാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. മഴയും ശക്തമായ കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ വേദികളുടെ സുരക്ഷ ഇടയ്ക്കിടെ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും മത്സരങ്ങൾ സമയത്ത് നടത്താനും സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕