Home › News › ഇവിടെ അഹന്തയ്ക്ക് സ്ഥാനമില്ല"; അഞ്ചര മിനിറ്റ് വൈകാരിക പ്രസംഗവുമായി കാരിക്ക്, ബ്രൂണോയെ പുറത്തിരുത്തുമോ എന്നതിൽ മൗനം

ഇവിടെ അഹന്തയ്ക്ക് സ്ഥാനമില്ല"; അഞ്ചര മിനിറ്റ് വൈകാരിക പ്രസംഗവുമായി കാരിക്ക്, ബ്രൂണോയെ പുറത്തിരുത്തുമോ എന്നതിൽ മൗനം

ചോദ്യങ്ങൾക്ക് മുമ്പ് അഞ്ചര മിനിറ്റ് നീണ്ട പ്രസംഗം. ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ ബോൺമൗത്തിനെതിരെ നായകൻ കളത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.

ഇവിടെ അഹന്തയ്ക്ക് സ്ഥാനമില്ല"; അഞ്ചര മിനിറ്റ് വൈകാരിക പ്രസംഗവുമായി കാരിക്ക്, ബ്രൂണോയെ പുറത്തിരുത്തുമോ എന്നതിൽ മൗനം

മാഞ്ചസ്റ്റർ: പതിവുപോലെ കസേരയിൽ ഇരുന്ന് ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം, താൻ തുടങ്ങാം എന്ന് പറഞ്ഞാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്ക് വെള്ളിയാഴ്ച കാരിങ്ടണിലെ വാർത്താസമ്മേളനം ആരംഭിച്ചത്. തുടർന്ന് അഞ്ചു മിനിറ്റും 30 സെക്കൻഡും നീണ്ട വൈകാരികമായ പ്രസംഗം. തുടർച്ചയായ ഏഴു കളികളിൽ ജയമില്ലാതെ കസേര തന്നെ ഇളകിനിൽക്കുന്ന സാഹചര്യത്തിലാണ് കാരിക്കിന്റെ ഏകപക്ഷീയ പ്രസംഗം. സർ അലക്സ് ഫെർഗൂസൺ ഇതേ രീതി പിന്തുടർന്നിരുന്നെങ്കിലും ഇത്ര നീണ്ടു സംസാരിക്കാറുണ്ടായിരുന്നില്ല.

ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ കോമോയോട് 4-1ന് തോറ്റതിന്റെ ആഘാതം കാരിക്കിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. "ബുധനാഴ്ച മോശം രാത്രിയായിരുന്നു. ടീം അങ്ങനെ കളിക്കുന്നത് കണ്ട് എനിക്ക് വേദനിച്ചു. അത് അംഗീകരിക്കാനാവില്ല," അദ്ദേഹം പറഞ്ഞു. ക്ലബ്ബിനെയും ആരാധകരെയും പ്രതിനിധീകരിക്കുന്ന, അവർക്ക് അഭിമാനിക്കാവുന്ന ഒരു ടീമിനെ കളത്തിലിറക്കുകയാണ് തന്റെ ചുമതലയെന്നും അടുത്തിടെ ടീം ആ സ്വത്വത്തിൽ നിന്ന് അകന്നുപോയെന്നും കാരിക്ക് സമ്മതിച്ചു.

പ്രസംഗത്തിന്റെ കാതൽ ക്ലബ്ബിന്റെ മൂല്യങ്ങളായിരുന്നു. വിനയവും കഠിനാധ്വാനവുമാണ് യുണൈറ്റഡിന്റെ അടിത്തറയെന്ന് എടുത്തുപറഞ്ഞ കാരിക്കിന്റെ ഏറ്റവും ശക്തമായ വാചകം ഇതായിരുന്നു: "ഈ ക്ലബ്ബിൽ അഹന്തയ്ക്ക് സ്ഥാനമില്ല. ആ മൂല്യങ്ങൾ ഒരിക്കലും നഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല." ക്ലബ്ബിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ പോരാട്ടവീർയം താൻ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണെന്നും യുണൈറ്റഡിൽ തന്നെ ദീർഘകാലം കളിച്ച മുൻ താരം പറഞ്ഞു.

കോമോയ്ക്കെതിരായ തോൽവിക്കു ശേഷം കാരിക്കിന്റെ തന്ത്രങ്ങളെ പരസ്യമായി വിമർശിച്ച നായകൻ ബ്രൂണോ ഫെർണാണ്ടസിനെക്കുറിച്ചായിരുന്നു പിന്നീട് ചോദ്യങ്ങൾ. ക്ലബ് നേതൃത്വത്തെ ആക്രമിച്ച് പ്രതിരോധ താരം ലിസാൻഡ്രോ മാർടിനസും രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ബോൺമൗത്തിനെതിരായ മത്സരത്തിൽ ബ്രൂണോയെ പുറത്തിരുത്തുമോ എന്ന ചോദ്യത്തിന് കാരിക്ക് എതിർത്തോ അനുകൂലിച്ചോ മറുപടി പറഞ്ഞില്ല. "എനിക്ക് ഏറ്റവും പ്രധാനം ടീമും സ്ക്വാഡും അതിനുള്ളിലെ അന്തരീക്ഷവുമാണ്. ക്ലബ്ബിന് ഏറ്റവും നല്ലത് എന്താണോ അതേ ഞാൻ എപ്പോഴും ചെയ്യൂ," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. യൂറോപ്പ ലീഗിൽ എസി മിലാനെ 3-0ന് തകർത്ത് ആത്മവിശ്വാസത്തോടെയാണ് ബോൺമൗത്ത് ഓൾഡ് ട്രാഫോർഡിലേക്ക് എത്തുന്നത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕