അസ്ഹറുദ്ദീന് സെഞ്ച്വറി; ഒഡീഷയ്ക്കെതിരെ കേരളം കരുത്തുറ്റ നിലയിൽ
കേരളം 404ന് പുറത്ത്; 139 റൺസുമായി പുറത്താകാതെ അസ്ഹറുദ്ദീൻ; രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒഡീഷ മൂന്നിന് 114

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളം മേൽകൈ നേടി. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയുടെ കരുത്തിൽ ആദ്യ ഇന്നിങ്സിൽ 404 റൺസെടുത്ത കേരളം, രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒഡീഷയെ മൂന്നിന് 114 എന്ന നിലയിൽ പിടിച്ചുനിർത്തി. എഴ് വിക്കറ്റ് കൈയിലിരിക്കെ ഒഡീഷ ഇനിയും 290 റൺസ് പിന്നിലാണ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ആറിന് 245 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് അസ്ഹറുദ്ദീനും ആദിത്യ സർവതെയും ചേർന്ന് കരുത്തുറ്റ തുടക്കമാണ് നൽകിയത്. ഏഴാം വിക്കറ്റിൽ ഇരുവരും 99 റൺസ് കൂട്ടിച്ചേർത്തു. 77 പന്തിൽ ഏഴ് ഫോറുകളടക്കം 53 റൺസെടുത്ത സർവതെയെ രാജേഷ് മൊഹാന്തിയാണ് പുറത്താക്കിയത്. വാലറ്റംകാരെ കൂട്ടുപിടിച്ച് ബാറ്റ് ചെയ്ത അസ്ഹറുദ്ദീൻ 263 പന്തിൽ 11 ഫോറുകളടക്കം 139 റൺസുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റിൽ എം.ഡി. നിധീഷിനൊപ്പം (15) 24 റൺസും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു. 129.3 ഓവറിൽ 404 റൺസിന് കേരളം എല്ലാവരും പുറത്തായി.
ആദ്യ ദിനം തകർച്ചയിൽ നിന്നാണ് കേരളം തിരിച്ചുവന്നത്. ടോസ് നേടിയ ഒഡീഷ കേരളത്തെ ബാറ്റിങിന് അയച്ചു. 18 റൺസെടുക്കുമ്പോഴേക്കും അഭിഷേക് പി. നായർ, ജലജ് സക്സേന, അഭിഷേക് നായർ എന്നിവർ മടങ്ങി. അഞ്ചിന് 101 എന്ന നിലയിൽ നിന്ന് ആറാം വിക്കറ്റിൽ സച്ചിൻ ബേബിയും അസ്ഹറുദ്ദീനും ചേർന്ന് 141 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 235 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 112 റൺസെടുത്ത സച്ചിൻ ബേബി ആദ്യ ദിനം കളി അവസാനിക്കാറായപ്പോഴാണ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സച്ചിന്റെ 16ആം സെഞ്ച്വറിയാണിത്. ഒഡീഷയ്ക്കായി ലളിത് യാദവ് 53 റൺസിന് മൂന്നു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഒഡീഷയുടെ ഓപ്പണർമാർ 60 റൺസ് കൂട്ടിച്ചേർത്തു. ശന്തനു മിശ്രയെ (32) വിക്കറ്റിന് മുന്നിൽ കുടുക്കി ജലജ് സക്സേനയാണ് കൂട്ടുകെട്ട് പിരിച്ചത്. അർധസെഞ്ച്വറി നേടിയ ഗൗരവ് ചൗധരിയെയും (50) ഓം മുണ്ടെയെയും (14) ആദിത്യ സർവതെ മടക്കി. 17 ഓവറിൽ എട്ട് മേഡിൻ ഉൾപ്പെടെ 27 റൺസ് മാത്രം വഴങ്ങിയാണ് സർവതെ രണ്ടു വിക്കറ്റെടുത്തത്. നായകൻ സുബ്രാംശു സേനാപതിയും (16) സന്ദീപ് പട്നായികുമാണ് (2) ക്രീസിൽ.




