Home › Cricket › ഭുവിയുടെ പരിചയസമ്പത്ത് ടീമിന് കരുത്താകും; വൈഭവിന് ഇനിയും സമയമുണ്ടെന്ന് ശ്രേയസ് അയ്യർ

ഭുവിയുടെ പരിചയസമ്പത്ത് ടീമിന് കരുത്താകും; വൈഭവിന് ഇനിയും സമയമുണ്ടെന്ന് ശ്രേയസ് അയ്യർ

ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി ക്രൈസ്റ്റ്ചർച്ചിൽ ഇന്ത്യൻ നായകന്റെ വാർത്താസമ്മേളനം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറെന്നും ശ്രേയസ്.

ഭുവിയുടെ പരിചയസമ്പത്ത് ടീമിന് കരുത്താകും; വൈഭവിന് ഇനിയും സമയമുണ്ടെന്ന് ശ്രേയസ് അയ്യർ
ശ്രേയസ് അയ്യർ
Image Courtesy: BCCI- https://www.facebook.com/IndianCricketTeam

ക്രൈസ്റ്റ്ചർച്ച്: ഏറെക്കാലത്തിനു ശേഷം ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്ക്. ന്യൂസിലൻഡിനെതിരായ അഞ്ചു മത്സര പരമ്പരയ്ക്ക് മുന്നോടിയായി ക്രൈസ്റ്റ്ചർച്ചിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ശ്രേയസ് ഇക്കാര്യം തുറന്നുപറഞ്ഞത്. "ഭുവി ടീമിന് വലിയ പരിചയസമ്പത്ത് നൽകുന്നു. ഐപിഎലിനു ശേഷം പ്രത്യേകിച്ചും ഞങ്ങൾക്ക് കുറവുണ്ടായിരുന്നത് അതാണ്. ഒരുപാട് പുതിയ ബൗളർമാരാണ് ടീമിലുള്ളത്," ശ്രേയസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ഐപിഎൽ കിരീടം നേടിയ ഭുവനേശ്വറിന് ഈ ഫോർമാറ്റിൽ ആധിപത്യം നേടേണ്ടതെങ്ങനെയെന്ന് നന്നായി അറിയാമെന്നും നായകൻ കൂട്ടിച്ചേർത്തു. 88 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 90 വിക്കറ്റുള്ള 36കാരനായ സ്വിംഗ് ബൗളർ നാല് വർഷത്തിനു ശേഷമാണ് ഇന്ത്യൻ ട്വന്റി20 ടീമിൽ മടങ്ങിയെത്തുന്നത്.

കൗമാര താരം വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ കാത്തിരിപ്പ് വേണ്ടിവരുമെന്ന സൂചനയാണ് നായകൻ നൽകിയത്. ഓപ്പണർമാർ സ്ഥിരതയോടെ റൺസ് നേടുന്നതിനാൽ വൈഭവിന് അവസരം പിന്നീട് വരുമെന്ന് ശ്രേയസ് വ്യക്തമാക്കി. "അവൻ വളരെ ചെറുപ്പമാണ്. അവസരങ്ങൾക്കായി ഇനിയും ഏറെ വർഷങ്ങൾ അവന് മുന്നിലുണ്ട്," ശ്രേയസ് പറഞ്ഞു. വിദേശത്ത് ടീമിനൊപ്പമുള്ള ഈ ദിവസങ്ങൾ വൈഭവിന് മുന്നോട്ടുള്ള യാത്രയിൽ സഹായകമാകുമെന്നും ശ്രേയസ് സൂചിപ്പിച്ചു.

സ്വന്തം ബാറ്റിങ് പൊസിഷനിൽ ശ്രേയസിന് കടുംപിടിയില്ല. അടുത്തിടെ മൂന്ന്, നാല്, അഞ്ച് നമ്പറുകളിൽ ബാറ്റ് ചെയ്ത നായകൻ, സാഹചര്യം അനുസരിച്ച് ഏത് നമ്പറിലും ഇറങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി. ന്യൂസിലൻഡിലെ സാഹചര്യങ്ങൾ പൂർണ്ണമായും വ്യത്യസ്തമല്ലെന്നും എത്രയും വേഗം ഇണങ്ങാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഒരു ദിവസം പിച്ച് എങ്ങനെയാകുമെന്ന് ആർക്കും പറയാനാകില്ല," ശ്രേയസ് കൂട്ടിച്ചേർത്തു. തുടർച്ചയായ മത്സരങ്ങളും യാത്രകളും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നുണ്ടെങ്കിലും കൂടുതൽ കളിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് നായകന്റെ നിലപാട്. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഹാഗ്ലി ഓവലിലാണ് ആദ്യ മത്സരം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕