കൊച്ചിയുടെ കുതിപ്പിന് കണ്ണൂരിൽ അവസാനം; വാരിയേഴ്സ് ഒന്നാമത്
സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചിയെ 2-1ന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് പട്ടികയിൽ ഒന്നാമതെത്തി. രണ്ട് ഗോളുകൾക്കും അവസരം ഒരുക്കിയത് നിജോ ഗിൽബർട്ടാണ്

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സ് ഫോഴ്സ കൊച്ചിയെ 2-1ന് തോൽപ്പിച്ചു. സീസണിൽ തോൽവിയറിയാതെ മുന്നേറിയ കൊച്ചിയുടെ കുതിപ്പിന് ഇതോടെ അവസാനമായി.
39ആം മിനിറ്റിൽ സെർബിയൻ സ്ട്രൈക്കർ ബോഗ്ദാൻ സ്റ്റാമെൻകോവിച്ച് കണ്ണൂരിനെ മുന്നിലെത്തിച്ചു. വലത് വിങ്ഗിൽ നിന്ന് നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു ഗോൾ. ആദ്യ പകുതി അതേ നിലയിൽ അവസാനിച്ചു. ആറാം മിനിറ്റിൽ കണ്ണൂരിന്റെ അൽവാരോയുടെ ഷോട്ട് കൊച്ചി ഗോൾകീപ്പർ തടഞ്ഞതും ആദ്യ പകുതിയിലെ ശ്രദ്ധേയ നിമിഷമായിരുന്നു.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ കണ്ണൂർ ലീഡ് ഇരട്ടിപ്പിച്ചു. നിജോയുടെ പാസ് സ്വീകരിച്ച ഫസലുറഹ്മാന്റേതായിരുന്നു ഗോൾ. മിനിറ്റുകൾക്കകം കൊച്ചി തിരിച്ചടിച്ചു. വലത് വിങ്ഗിൽ നിന്ന് ഹർഷൽ റഹ്മാൻ നൽകിയ ക്രോസ് രാഹുൽ രാജു വലയിലാക്കി. സമനില ഗോളിനായി കൊച്ചി ആഞ്ഞുപിടിച്ചെങ്കിലും കണ്ണൂർ പ്രതിരോധം ഉറച്ചുനിന്നു. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ നിതിൻ മധു ചുവപ്പ് കാർഡ് കിട്ടിയതോടെ പത്തുപേരായി ചുരുങ്ങിയ കൊച്ചിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
ഇതോടെ സീസണിൽ നിജോയുടെ അസിസ്റ്റുകൾ മൂന്നായി. ഒരു സീസണിൽ കണ്ണൂർ താരത്തിന്റെ ഏറ്റവും കൂടുതൽ അസിസ്റ്റുകളെന്ന അഡ്രിയാൻ സർദിനേരോയുടെ റെക്കോർഡിനൊപ്പം നിജോ എത്തി.
ആദ്യ മത്സരത്തിൽ തൃശ്ശൂർ മാജികിനെ 1-0ന് തോൽപ്പിച്ച കണ്ണൂർ രണ്ടാം മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനോട് ഷൂട്ടൗട്ടിൽ തോറ്റിരുന്നു. മലപ്പുറത്തിനെ തോൽപ്പിച്ചും തൃശ്ശൂർ മാജികിനെ ഷൂട്ടൗട്ടിൽ മറികടന്നും എത്തിയ കൊച്ചിയുടെ സീസണിലെ ആദ്യ തോൽവിയാണിത്. മൂന്നു കളിയിൽ നിന്ന് ഏഴു പോയിന്റുമായി കണ്ണൂർ ഒന്നാമതാണ്. അഞ്ചു പോയിന്റ് വീതമുള്ള കാലിക്കറ്റ് എഫ്സിയും (രണ്ട് കളി) ഫോഴ്സ കൊച്ചിയും തൊട്ടുപിന്നാലെ.




