രേഖകൾ നവംബർ രണ്ടിനകം വേണം; ഫിഫയ്ക്ക് യുവേഫയുടെ അന്ത്യശാസനം
ഭരണവും തീരുമാനങ്ങളും സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകണമെന്നും പ്രധാന രേഖകൾ കൈമാറണമെന്നും ആവശ്യപ്പെട്ട് യുവേഫ ജനറൽ സെക്രട്ടറി തിയോഡോർ തിയോഡോറിഡിസ് ഫിഫയ്ക്ക് കത്തയച്ചു

സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ പദ്ധതിയുടെ പേരിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കു മേൽ സമ്മർദം മുറുകുന്നു. ഭരണവും തീരുമാനങ്ങളും സംബന്ധിച്ച പ്രധാന രേഖകൾ പുറത്തുവിടാനും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനും നവംബർ രണ്ട് വരെയാണ് യുവേഫ ഫിഫയ്ക്ക് സമയം നൽകിയിരിക്കുന്നത്. യുവേഫ ജനറൽ സെക്രട്ടറി തിയോഡോർ തിയോഡോറിഡിസ് അയച്ച കത്തിന്റെ ഉള്ളടക്കം ബിബിസി സ്പോർട്ടാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച സൂറിച്ചിൽ ചേർന്ന ഫിഫ കൗൺസിൽ യോഗത്തിൽ ലോകകപ്പ് വിൽപ്പന പദ്ധതിയുടെ പേരിൽ ഇൻഫാന്റിനോ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ പദ്ധതി എങ്ങനെ രൂപപ്പെട്ടു എന്നതിന് പൂർണമായ വിശദീകരണം നൽകിയില്ല. ഫിഫ ഫോർവേഡ് എന്റർപ്രൈസ് (എഫ്എഫ്ഇ) എന്ന പേരിൽ ലോകകപ്പ് അടക്കമുള്ള മത്സരങ്ങളുടെ വാണിജ്യ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി നൽകാനായിരുന്നു നീക്കം. കടുത്ത എതിർപ്പിനെ തുടർന്ന് പദ്ധതി പിൻവലിച്ചിരുന്നു. ആശയവിനിമയത്തിലും കൂടിയാലോചനയിലും പിഴവുകൾ സംഭവിച്ചെന്ന് സമ്മതിച്ച ഇൻഫാന്റിനോ, അത് ഒരു നിർദേശം മാത്രമായിരുന്നെന്നും അന്തിമ തീരുമാനമായിരുന്നില്ലെന്നുമാണ് വാദിച്ചത്.
കൗൺസിലിൽ ഉന്നയിച്ച പല അടിസ്ഥാന ചോദ്യങ്ങൾക്കും ഫിഫ മറുപടി നൽകിയില്ലെന്ന് തിയോഡോറിഡിസ് കത്തിൽ കുറ്റപ്പെടുത്തുന്നു. "ചില ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുന്നു. ആവശ്യപ്പെട്ട വിവരങ്ങളും രേഖകളും നൽകിയിട്ടില്ല," കത്തിൽ പറയുന്നു. എഫ്എഫ്ഇയിലെ സ്വകാര്യ നിക്ഷേപം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകിയ ഫിഫ സമാധാന പുരസ്കാരം, ലോകകപ്പിനിടെ അമേരിക്കൻ സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന് നൽകിയ വിവാദ സസ്പെൻഡഡ് വിലക്ക് എന്നിവ ഉൾപ്പെടെ എട്ട് പേജ് ചോദ്യങ്ങളാണ് കത്തിലുള്ളത്.
"എഫ്എഫ്ഇ പിൻവലിച്ചതും പിഴവുകൾ സമ്മതിച്ചതും ഭരണപരിഷ്കാരങ്ങൾ ആലോചിക്കുമെന്ന് പ്രഖ്യാപിച്ചതും, തീരുമാനങ്ങൾ എങ്ങനെ എടുത്തു എന്നതിനോ ഉചിതമായ ഘട്ടത്തിൽ ഫിഫ കൗൺസിലിനെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നതിനോ ഉള്ള ഉത്തരമല്ല," കത്ത് തുടരുന്നു. വിവരങ്ങളോ രേഖകളോ നൽകാൻ വിസമ്മതിക്കുന്നുണ്ടെങ്കിൽ ഓരോന്നിനും വ്യക്തമായ കാരണം പറയണമെന്നും യുവേഫ ആവശ്യപ്പെട്ടു. "ഈ ചോദ്യങ്ങൾക്ക് ഇപ്പോൾ തന്നെ ഉത്തരം വേണം. അടുത്ത ഫിഫ കൗൺസിൽ യോഗം വരെ നീട്ടിവെക്കാനാകില്ല. ഭാവിയിലെ ഭരണപരിഷ്കാരങ്ങൾ, ഇതിനകം എടുത്ത തീരുമാനങ്ങളുടെ പരിശോധനയ്ക്കും ഉത്തരവാദിത്തത്തിനും പകരമാകില്ല," കത്തിൽ പറയുന്നു. സമയപരിധിക്കുള്ളിൽ ഫിഫ മറുപടി നൽകിയില്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് യുവേഫ വ്യക്തമാക്കിയിട്ടില്ല.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷയും ഫിഫ വൈസ് പ്രസിഡന്റുമായ ഡെബി ഹെവിറ്റ് കൗൺസിൽ യോഗത്തിനു ശേഷം ഇൻഫാന്റിനോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെങ്കിൽ ഇൻഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നായിരുന്നു ഹെവിറ്റിന്റെ പ്രതികരണം. കൗൺസിൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്ന് ജർമൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ബേൺഡ് നോയെൻഡോർഫും പറഞ്ഞു. 2016 മുതൽ ഫിഫ പ്രസിഡന്റായ ഇൻഫാന്റിനോ മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നുണ്ട്. യുവേഫയുടെ കത്തിനോട് ഫിഫയുടെ പ്രതികരണം ലഭ്യമായിട്ടില്ല.




