ആശ്രമ സന്ദർശനത്തിന് 5 കോടി? ആരോപണം തള്ളി കോലി
വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ വിരാട് കോലിക്ക് 5 കോടി രൂപ ലഭിച്ചുവെന്ന ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് താരത്തിന്റെ വക്താവ്. വിശ്വാസത്തിന്റെ പേരിലാണ് കോലി ആശ്രമത്തിൽ പോകുന്നതെന്ന് വിശദീകരണം.

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വൃന്ദാവൻ സന്ദർശനങ്ങൾ വിവാദത്തിൽ. ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിലേക്ക് കോലി എത്താൻ 5 കോടി രൂപ ചെലവഴിച്ചുവെന്ന ആരോപണവുമായി ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ ന്യാസ് അധ്യക്ഷൻ ദിനേശ് ശർമ (ഫലഹാരി മഹാരാജ്) രംഗത്തെത്തി. ആരോപണം കള്ളവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കോലിയുടെ വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
രാജസ്ഥാൻ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയും ഒരു ബിൽഡർ ലോബിയും ചേർന്ന് 2023ലെ കോലിയുടെ ആദ്യ സന്ദർശനത്തിനായി 5 കോടി രൂപ ചെലവാക്കിയെന്നാണ് ദിനേശ് ശർമയുടെ ആരോപണം. ആശ്രമത്തിന്റെ ജനപ്രീതി വർധിപ്പിക്കാനായിരുന്നു ഇതെന്നും ആശ്രമത്തിൽ പിആർ കമ്പനികളും ബിൽഡർ ലോബിയും കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ ആരോപണങ്ങൾ ഉന്നയിച്ച് ഒക്ടോബർ 4ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം കത്തും നൽകി. എന്നാൽ പണം കൈമാറിയതിന് തെളിവായി കരാറോ, ഇൻവോയ്സോ, ബാങ്ക് ഇടപാടോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ആരോപണം ശക്തമായി നിഷേധിച്ചാണ് കോലിയുടെ വക്താവിന്റെ പ്രസ്താവന. ആഴത്തിലുള്ള വിശ്വാസവും ആദരവും കൊണ്ടു മാത്രമാണ് കോലി പ്രേമാനന്ദ് മഹാരാജിനെ സന്ദർശിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരം വാർത്തകൾ നൽകുന്നതിനു മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും വക്താവ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
2023 ജനുവരി 4നാണ് കോലിയും ഭാര്യ അനുഷ്ക ശർമയും മകൾ വാമികയുമൊത്ത് വൃന്ദാവനിലെ രാധാ കേലി കുഞ്ജ് ആശ്രമത്തിൽ ആദ്യമായി എത്തിയത്. പിന്നീട് ഐപിഎലിന് മുമ്പും ശേഷവും, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഉൾപ്പെടെ പല തവണ ദമ്പതികൾ അവിടെയെത്തി. ഈ വർഷം ജൂലൈ 22നായിരുന്നു ഒടുവിലത്തെ സന്ദർശനം. ചാറ്റൽമഴയത്ത് നഗ്നപാദരായി ഇരുവരും ആശ്രമത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ആശ്രമത്തിനോ പ്രേമാനന്ദ് മഹാരാജിനോ വേണ്ടി ഇതുവരെ ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരോപണത്തെക്കുറിച്ച് ഏതെങ്കിലും അന്വേഷണം പ്രഖ്യാപിച്ചതായും വിവരമില്ല.



