News
ഹോക്കി ആവേശം മഹാരാജാസിലേക്ക്; ഇഎച്ച്എൽ മിക്സഡ് മാസ്റ്റേഴ്സ് ടൂർണ്ണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
നവംബർ 27,28,29 തിയ്യതികളിൽ മഹാരാജാസ് കോളേജിലെ ഹോക്കി ടർഫിലാണ് മത്സരം. ഓൾ കേരള ഇന്റർ സ്ക്കൂൾ ഇൻവിറ്റേഷൻ പ്രൈസ് മണി ടൂർണ്ണമെന്റും ഇതോടൊപ്പമുണ്ട്.

കൊച്ചി: എറണാകുളം ഹോക്കി ലവേഴ്സിന്റെ (ഇഎച്ച്എൽ) നേതൃത്വത്തിൽ ഓൾ ഇന്ത്യ മിക്സഡ് മാസ്റ്റേഴ്സ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 27,28,29 തിയ്യതികളിൽ എറണാകുളം മഹാരാജാസ് കോളേജിലെ ഹോക്കി ടർഫിലാണ് മത്സരം. സിക്സ് എ സൈഡ് ടൂർണ്ണമെന്റായിട്ടാണ് മിക്സഡ് മാസ്റ്റേഴ്സ് മത്സരം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഓൾ കേരള ഇന്റർ സ്ക്കൂൾ ഇൻവിറ്റേഷൻ പ്രൈസ് മണി ടൂർണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്. ഇത് 11 എ സൈഡാണ്.
ടൂർണ്ണമെന്റിന്റെ പോസ്റ്റർ കൊച്ചിയിൽ നടന്ന ചടങ്ങിൽ വച്ച് സംവിധായകനും നടനുമായ സോഹൻ സീനുലാൽ പ്രകാശനം ചെയ്തു. ഹോക്കിയുടെ വികസനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന സംഘടനക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് സോഹൻ സീനുലാൽ പറഞ്ഞു. പ്രശസ്ത ഡിസൈനർ കോളിൻസ് ലിയോഫിൽ ആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്.
ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട് സമ്മാന കൂപ്പണും ചടങ്ങിൽ ഇഎച്ച്എൽ പുറത്തിറക്കി. മാധ്യമപ്രവർത്തകൻ ഹൈദർ അലി ആദ്യകൂപ്പൺ ഏറ്റുവാങ്ങി. കെ സ്പോർഡ്സ് എഡിറ്റർ സതീഷ് എരിയാളത്ത് ആശംസകൾ അറിയിച്ചു. എറണാകുളം ജില്ല ഹോക്കി അസോസിയേഷൻ ഭാരവാഹി നിഖിൽ , ഇഎച്ച്എൽ പ്രസിഡന്റ് സിജോ ജോസഫ് , ജനറൽ സെക്രട്ടറി ഇഎം ഷാജി, ട്രഷറർ ജൂബി ജോർജ്, അഡ്വ: ശോഭൻ ജോർജ് ഉൾപ്പടെയുള്ള ഭാരവാഹികൾ പങ്കെടുത്തു. സംഘടനയുടെ സ്ഥാപകാംഗമായ ആയില്യൻ കരുണാകരൻ നിർമ്മിച്ച ഇഎച്ച്എൽ തീം സോഗും ചടങ്ങിൽ പുറത്തിറക്കി.
എറണാകുളം ആസ്ഥാനമായി നിരവധി വർഷങ്ങളായി ഹോക്കിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് എറണാകുളം ഹോക്കി ലവേഴ്സ്. വിവിധ തലങ്ങളിൽ ഹോക്കി കളിച്ച താരങ്ങളാണ് സംഘടനയെ നയിക്കുന്നത്. താഴേത്തട്ടിൽ ഹോക്കി വളർത്തുന്നതിനുള്ള പദ്ധതികളുമായി ഇഎച്ച്എൽ ഭാരവാഹികൾ ഒക്ടോബർ 4ന് സംസ്ഥാന കായിക മന്ത്രി ഒ ജെ ജനീഷിനെ സന്ദർശിച്ചിരുന്നു. വിശദമായ പദ്ധതിയും നിവേദനവും സംഘടന മന്ത്രിക്ക് സമർപ്പിച്ചു. സംഘടനയുടെ ശ്രമങ്ങൾക്ക് മന്ത്രി പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.




