Home › ISL › ഫത്തോർഡയിൽ സമനില; ഗോവയും ചെന്നൈയിനും ഒരോ ഗോളടിച്ച് പിരിഞ്ഞു

ഫത്തോർഡയിൽ സമനില; ഗോവയും ചെന്നൈയിനും ഒരോ ഗോളടിച്ച് പിരിഞ്ഞു

ഇർഫാൻ യദ്വാഡിന്റെ ഗോളിൽ മുന്നിലെത്തിയ ചെന്നൈയിനെ 12 മിനിറ്റിനുള്ളിൽ ഗോവ പിടിച്ചുകെട്ടി. പഴയ സഹതാരങ്ങളായ ഗൗരമാംഗി സിങ്ങും ക്ലിഫോർഡ് മിറാൻഡയും പരിശീലകരായി ഏറ്റുമുട്ടിയ കളി സമനിലയിൽ.

ഫത്തോർഡയിൽ സമനില; ഗോവയും ചെന്നൈയിനും ഒരോ ഗോളടിച്ച് പിരിഞ്ഞു
ഗോവ- ചെന്നൈയിൻ കളിയിൽ നിന്നും
Image Courtesy: https://www.facebook.com/FCGoaOfficial

മഡ്ഗാവ്: ഐഎസ്എലിന്റെ ആദ്യ ദിനത്തിലെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവയും ചെന്നൈയിൻ എഫ്സിയും 1-1 സമനിലയിൽ പിരിഞ്ഞു. ഫത്തോർഡ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ 63ആം മിനിറ്റിൽ ഇർഫാൻ യദ്വാഡാണ് ചെന്നൈയിനെ മുന്നിലെത്തിച്ചത്. 75ആം മിനിറ്റിൽ ചിക്കിയിലൂടെ ഗോവ സമനില ഗോൾ നേടി.

കഴിഞ്ഞ സീസണിലും ഇരുടീമും തമ്മിലുള്ള അവസാന മത്സരം ഇതേ തിരക്കഥയിലായിരുന്നു. ചെന്നൈയിൽ നടന്ന ആ കളിയിലും ഇർഫാൻ യദ്വാഡ് ചെന്നൈയിനെ മുന്നിലെത്തിച്ചു. വൈകി സന്ദേശ് ഝിങ്കനിലൂടെ ഗോവ സമനില പിടിച്ചു. അതേ കളി തന്നെ സീസണിലെ ആദ്യ ദിനത്തിലും ആവർത്തിച്ചു.

ഗോവയുടെ പുതിയ പരിശീലകൻ ഗൗരമാംഗി സിങ്ങിന്റെയും ചെന്നൈയിൻ പരിശീലകൻ ക്ലിഫോർഡ് മിറാൻഡയുടെയും ആദ്യ പോരാട്ടമായിരുന്നു ഇത്. ഇരുവരും കളിക്കാലത്ത് സഹതാരങ്ങളായിരുന്നു. ഗോവയിൽ നിന്ന് എത്തിയ ഗ്ലാൻ മാർട്ടിന്സും ബ്രിസൺ ഫെർണാണ്ടസും ചെന്നൈയിൻ നിരയിലുണ്ട്. കഴിഞ്ഞ സീസണിൽ 13ആം സ്ഥാനത്ത് ഒതുങ്ങിയ ചെന്നൈയിന് എവേ മൈതാനത്തെ സമനില പോസിറ്റീവ് തുടക്കമാണ്.

കേരള ബ്ലാസ്റ്റേഴ്സ് നാളെ വൈകുന്നേരം അഞ്ചിന് ഇന്റർ കാശിക്കെതിരെ സീസണിലെ ആദ്യ മത്സരത്തിനിറങ്ങും.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕