Home › ISL › 33 സെക്കൻഡിൽ ഗോൾ, ഗുവാഹത്തിയിൽ ഗോവയുടെ കൊള്ളിയാൻ; പോയിന്റ് പങ്കിട്ട് ചെന്നൈയിനും പഞ്ചാബും

33 സെക്കൻഡിൽ ഗോൾ, ഗുവാഹത്തിയിൽ ഗോവയുടെ കൊള്ളിയാൻ; പോയിന്റ് പങ്കിട്ട് ചെന്നൈയിനും പഞ്ചാബും

മുഹമ്മദ് നെമിലിന്റെ ആദ്യമിനിറ്റിലെ ഗോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി എഫ്‌സി ഗോവ. ഗുവാഹത്തിയിൽ എതിരാളികളുടെ അപരാജിത കുതിപ്പിന് തടയിട്ട ഗോവയ്ക്ക് നിർണായക മൂന്ന് പോയിന്റ്. ചെന്നൈയിൽ നിഖിൽ പ്രഭുവിന്റെ സെൽഫ് ഗോളും റാഫേൽ മെസ്സി ബൗലിയുടെ മറുപടിയും ചെന്നൈയിൻ–പഞ്ചാബ് പോരാട്ടം സമനിലയിലാക്കി.

33 സെക്കൻഡിൽ ഗോൾ, ഗുവാഹത്തിയിൽ ഗോവയുടെ കൊള്ളിയാൻ; പോയിന്റ് പങ്കിട്ട് ചെന്നൈയിനും പഞ്ചാബും

ഗുവാഹത്തി: മത്സരം തുടങ്ങി 34 സെക്കൻഡ് മാത്രം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുഹമ്മദ് നെമിൽ പന്ത് വലയിലെത്തിച്ചു. ആ ഒരേയൊരു ഗോളിൽ ഗുവാഹത്തിയിൽ എഫ്‌സി ഗോവയ്ക്ക് ജയം. ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0ന് തോൽപ്പിച്ച ഗോവ, പുതിയ പരിശീലകൻ ഏയ്ഞ്ചൽ വിയാദെറോയ്ക്ക് വിജയത്തുടക്കം സമ്മാനിക്കുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും വേഗമേറിയ ഗോളെന്ന നേട്ടവും നെമിലിന്റെ പേരിലായി.

പ്രതിരോധത്തിലെ പിഴവാണ് നോർത്ത് ഈസ്റ്റിന് തുടക്കത്തിലേ തിരിച്ചടിയായത്. പ്രംവീർ സിങ്ങിന്റെ നിയന്ത്രണത്തിലെത്തിയ പന്ത് നഷ്ടപ്പെട്ടതോടെ നെമിലിന് മുന്നിൽ അവസരം തുറന്നു. ബോക്സിലേക്ക് കയറിയ താരം പന്ത് വലയുടെ അകന്ന മൂലയിലേക്ക് തൊടുത്തു. പിന്നാലെ സമനിലയ്ക്കായി നോർത്ത് ഈസ്റ്റ് ശക്തമായി ശ്രമിച്ചെങ്കിലും ഗോവൻ ഗോളി ബോബ് ജാക്സൺ രാജയുടെ പ്രകടനം വഴിമുടക്കി. എഥ്യാൻ ഗോൺസാലസിന്റെ ശ്രമം ക്രോസ് ബാറിൽ തട്ടിയതും ആതിഥേയർക്ക് തിരിച്ചടിയായി.

ഈ ജയത്തോടെ ഗോവ അഞ്ച് മത്സരങ്ങളിൽ എട്ട് പോയിന്റിലെത്തി. നോർത്ത് ഈസ്റ്റിന്റെ ഈ സീസണിലെ അപരാജിത കുതിപ്പിനും ഗുവാഹത്തിയിൽ അവസാനമായി. മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടും അവയെ ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് നോർത്ത് ഈസ്റ്റിന് വിലയായത്.

ചെന്നൈയിൽ നടന്ന മറ്റൊരു മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയും പഞ്ചാബ് എഫ്‌സിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയെങ്കിലും രണ്ടാം പകുതിയിൽ വിജയഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. 13ആം മിനിറ്റിൽ നിഖിൽ പ്രഭുവിന്റെ സെൽഫ് ഗോളിലൂടെ ചെന്നൈയിൻ മുന്നിലെത്തി. ഇര്ഫാൻ യാദ്വാദിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ പന്ത് പ്രഭുവിൽ തട്ടി വലയിലെത്തുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റാഫേൽ മെസ്സി ബൗലി പഞ്ചാബിനെ ഒപ്പമെത്തിച്ചു. മുഹമ്മദ് സുഹൈലിന്റെ ഷോട്ട് ചെന്നൈയിൻ ഗോളി മുഹമ്മദ് നവാസ് തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ബൗലി പന്ത് വലയിലെത്തിച്ചു. സീസണിൽ ബൗലിയുടെ നാലാമത്തെ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും പ്രതിരോധം മറികടക്കാനായില്ല

STORY HIGHLIGHTS

ISL: FC Goa Beat NorthEast United 1-0, Chennaiyin and Punjab Share Points

Read Next

K SPORTSSPORTS. STORIES. BEYOND.
⌕