Home › ISL › കൊമ്പൻമാർ ഇന്നിറങ്ങുന്നു; ആദ്യ കളിയിൽ എതിരാളി ഇന്റർ കാശി

കൊമ്പൻമാർ ഇന്നിറങ്ങുന്നു; ആദ്യ കളിയിൽ എതിരാളി ഇന്റർ കാശി

കഴിഞ്ഞ സീസണിൽ കൊച്ചിയിൽ വന്ന് ഞെട്ടിച്ച ഇന്റർ കാശിയോട് കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. വൈകുന്നേരം 5 മണിക്ക് പൂനെയിൽ കിക്കോഫ്.

കൊമ്പൻമാർ ഇന്നിറങ്ങുന്നു; ആദ്യ കളിയിൽ എതിരാളി ഇന്റർ കാശി

പൂനെ: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നു. ഇന്റർ കാശിയാണ് ആദ്യ എതിരാളികൾ. പൂനെ ബാലേവാഡി സ്റ്റേഡിയത്തിൽ വൈകുന്നേരം 5 മണിക്കാണ് കിക്കോഫ്. ഏഴു വർഷത്തിനു ശേഷം ആദ്യമായാണ് ബാലേവാഡി ഒരു ഐഎസ്എൽ മത്സരത്തിന് വേദിയാകുന്നത്.

കഴിഞ്ഞ സീസണ് ബ്ലാസ്റ്റേഴ്സിന് ഓർക്കാൻ ഇഷ്ടമല്ല. പരിശീലകൻ ഡേവിഡ് കാറ്റലയെ പുറത്താക്കി, മഞ്ഞപ്പട ആരാധകർ കളി ബഹിഷ്കരിച്ചു, ടീം എട്ടാം സ്ഥാനത്ത് ഒതുങ്ങി. സീസണിനിടയിൽ ചുമതലയേറ്റ ഇംഗ്ലീഷുകാരൻ ആഷ്ലി വെസ്റ്റ്‌വുഡ് ടീമിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിച്ചു. ഇതേ വെസ്റ്റ്‌വുഡിന് കീഴിലാണ് ഇതതവണയും കൊമ്പൻമാർ ഇറങ്ങുന്നത്. യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ കൺസോർഷ്യം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനം വന്നതും സീസണ് തുടങ്ങുന്നതിന് തൊട്ടുമുൻപാണ്.

കാൽവണ്ണയ്ക്ക് പരിക്കേറ്റ പ്രതിരോധ താരം ബികാശ് യുംനം ഒരു മാസത്തോളം പുറത്തിരിക്കുമെന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന തിരിച്ചടി. ബാക്കി സംഘം പൂർണ്ണ കായികക്ഷമതയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്ലബ്ബിന്റെ ഏറ്റവും വിശ്വസ്തനായ വിദേശ താരം അഡ്രിയൻ ലൂണ തിരിച്ചെത്തിയത് ആരാധകർക്ക് വലിയ ആശ്വാസമാണ്. ബ്ലാസ്റ്റേഴ്സിനായി 87 കളികളിൽ 15 ഗോളും 27 അസിസ്റ്റുമാണ് ഉറുഗ്വേക്കൻ താരത്തിന്റെ സമ്പാദ്യം.

ഇന്ത്യൻ കരുത്തിലാണ് ഇതതവണ ക്ലബ് പണമിറക്കിയത്. ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗ്, എഫ്സി ഗോവയിൽ നിന്ന് മുഹമ്മദ് യാസിർ, എസ്സി ഡൽഹിയിൽ നിന്ന് ഛുംഗ ഹമർ എന്നിവര്ക്കൊപ്പം മലയാളി വിങ്ങർ മുഹമ്മദ് സനാനും ടീമിലെത്തി. ജംഷെഡ്പൂർ എഫ്സിയിൽ നിന്ന് വന്ന 22കാരനായ സനാൻ ഇടതു വിങ്ങിൽ ആണ് കളിക്കുന്നത്. ഹാസ്നി അൽജോഫ്രീ അസിസ്റ്റന്റ് കോച്ചായി ചേർന്നതും ഈ സീസണിലെ മാറ്റമാണ്.

എതിരാളികളായ ഇന്റർ കാശിയെ കാല്ലോസ് വാസ് പിന്റോയാണ് പരിശീലിപ്പിക്കുന്നത്. ട്രാൻസ്ഫർ രജിസ്ട്രേഷൻ വിലക്ക് നേരിടുന്ന ഇന്റർ കാശി ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ വരെ സമ്പൂർണ്ണ ഇന്ത്യൻ സംഘവുമായാണ് കളിക്കുക. മുൻ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് കാശിയുടെ വല കാക്കുമ്പോൾ പഴയ ടീമിനെതിരെയുള്ള പോരാട്ടം കൂടിയാകും ഇത്.

ഇന്റർ കാശിക്ക് ബ്ലാസ്റ്റേഴ്സ് ഒരു കണക്ക് ബാക്കിയുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28ന് കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാശി 2-1ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ഉയർന്ന തലത്തിൽ കാശിയുടെ ആദ്യ ജയമായിരുന്നു അത്.

സോണി ടെൻ 2 ചാനലിലും യൂട്യൂബിൽ സൗജന്യമായും മത്സരം കാണാം. എവേ മത്സരത്തിന് ശേഷം ഒക്ടോബർ 18ന് ഗുവാഹത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അടുത്ത കളി. ഒക്ടോബർ 25ന് മുംബൈ സിറ്റിക്കെതിരെ കൊച്ചിയിലാണ് സീസണിലെ ആദ്യ ഹോം മത്സരം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕