ISL
ഐഎസ്എലിന് ഇന്ന് കിക്കോഫ്; ആദ്യകളിയിൽ ബെംഗളൂരുവും ഡൽഹിയും നേർക്കുനേർ
ക്ലബുകൾ നയിക്കുന്ന പുതിയ മാതൃകയിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം. വൈകുന്നേരം അഞ്ചിന് ബെംഗളൂരുവിൽ ബെംഗളൂരു എഫ്സി–എസ്സി ഡൽഹി ഉദ്ഘാടന മത്സരം. രാത്രി 7.30ന് ഗോവയിൽ എഫ്സി ഗോവ–ചെന്നൈയിൻ പോരാട്ടം.

Image Courtesy: https://www.facebook.com/bengalurufootballclub
ബെംഗളൂരു: കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസണിന് ഇന്ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ കിക്കോഫ്. വൈകുന്നേരം അഞ്ചിന് ബെംഗളൂരു എഫ്സി, എസ്.സി ഡൽഹിയെ നേരിടുന്നതോടെ പുതിയ സീസൺ തുടങ്ങും. രാത്രി 7.30ന് രണ്ടാമത്തെ കളിയിൽ ഫത്തോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവ ചെന്നൈയിൻ എഫ്സിയെ നേരിടും.
ക്ലബ്ബുകൾ നേതൃത്വം നൽകുന്ന പുതിയ മാതൃകയിലാണ് ഈ സീസൺ. 13 ക്ലബ്ബുകൾ, ഒന്നാം ഘട്ടത്തിൽ 78 മത്സരങ്ങൾ. ആദ്യ ആറു സ്ഥാനക്കാർ പ്ലേ ഓഫിലേക്ക്. ഒന്നാം ഘട്ടം 2027 ജനുവരി 17 വരെ. നവംബർ 7 മുതൽ 20 വരെ ഫിഫ വിൻഡോക്കായി ലീഗ് നിർത്തിവെക്കും. മത്സരങ്ങളിൽ ഭൂരിഭാഗവും വാരാന്ത്യങ്ങളിൽ, വൈകുന്നേരം അഞ്ചിനും രാത്രി 7.30നുമാണ്.
ആദ്യ മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ജയത്തോടെ തുടങ്ങാനാണ് ബെംഗളൂരുവിന്റെ ലക്ഷ്യം. ലീഗിലേക്ക് പുതുതായി എത്തിയ എസ്.സി ഡൽഹിക്ക് ഐസ്എല്ലിൽ ഇത് കന്നിപ്പോരാട്ടം. ഗോവ–ചെന്നൈയിൻ പോരാട്ടത്തിൽ ഫത്തോർഡയിലെ സ്വന്തം ആരാധകരുടെ പിന്തുണ ഗോവയ്ക്കുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നാളെ വൈകുന്നേരം അഞ്ചിന് ഇന്റർ കാശിക്കെതിരെയാണ്. രാത്രി 7.30ന് ഗോവയിൽ ചർച്ചിൽ ബ്രദേഴ്സും മുംബൈ സിറ്റിയും ഏറ്റുമുട്ടും.




