Home › ISL › സെൽഫ് ഗോളിന് തോയ് സിംഗിന്റെ മറുപടി; ഇന്റർ കാശിക്കും ഒഡീഷയ്ക്കും ആദ്യ പോയിന്റ്

സെൽഫ് ഗോളിന് തോയ് സിംഗിന്റെ മറുപടി; ഇന്റർ കാശിക്കും ഒഡീഷയ്ക്കും ആദ്യ പോയിന്റ്

ഇന്റർ കാശി ഡിഫൻഡർ പ്രതീക് ചൗധരിയുടെ സെൽഫ് ഗോളിലാണ് ഒഡീഷ മുന്നിലെത്തിയത്. ഹുയിദ്രോം തോയ് സിംഗിന്റെ ഗോളിലൂടെ ഇന്റർ കാശി തിരിച്ചടിച്ചു

സെൽഫ് ഗോളിന് തോയ് സിംഗിന്റെ മറുപടി; ഇന്റർ കാശിക്കും ഒഡീഷയ്ക്കും ആദ്യ പോയിന്റ്
Image Courtesy: facebook.com/interkashi

പുനെ: ആദ്യ മത്സരത്തിൽ തോറ്റെത്തിയ ഇന്റർ കാശിയും ഒഡീഷ എഫ്സിയും ഐഎസ്എല്ലിൽ 1-1 സമനിലയിൽ പിരിഞ്ഞു. ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ കാശി ഡിഫൻഡർ പ്രതീക് ചൗധരിയുടെ സെൽഫ് ഗോളിലാണ് ഒഡീഷ മുന്നിലെത്തിയത്. ഹുയിദ്രോം തോയ് സിംഗിന്റെ ഗോളിലൂടെ ഇന്റർ കാശി തിരിച്ചടിച്ചു. ഇതോടെ ഇരു ടീമുകളും സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.

ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ, 56-ാം മിനിറ്റിൽ ചൗധരിയുടെ ദേഹത്ത് തട്ടിയ പന്ത് സ്വന്തം വലയിൽ കയറിയതോടെ ഒഡീഷ ലീഡ് നേടി. 51-ാം മിനിറ്റിൽ ഹിതേഷ് ശർമ്മയ്ക്ക് മഞ്ഞക്കാർഡ് കിട്ടിയിരുന്നു. സജാദ് ഹുസൈൻ പാരെയും മഞ്ഞക്കാർഡ് കണ്ടു. തോൽവി ഉറപ്പിച്ചെന്ന് തോന്നിയ നിമിഷത്ത്, 89-ാം മിനിറ്റിൽ തോയ് സിംഗിലൂടെയാണ് കാർലോസ് വാസ് പിന്റോയുടെ സംഘം സമനില പിടിച്ചത്.

ആദ്യ റൗണ്ടിൽ ഇരു ടീമുകളും തോൽവി വഴങ്ങിയിരുന്നു. ഇന്റർ കാശി സ്വന്തം നാട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനോട് 2-0ന് തോറ്റു. ആ മത്സരത്തിൽ ഏറ്റവും കൂടുതൽ സെറ്റ് പീസുകൾ ഒരുക്കിയിട്ടും ഗോൾ കണ്ടെത്താനായിരുന്നില്ല. ഒഡീഷയാകട്ടെ, ഇഞ്ചുറി ടൈമിൽ റാഫേൽ മെസ്സി ബൗളി നേടിയ ഗോളിൽ പഞ്ചാബ് എഫ്സിയോട് 2-1ന് തോൽക്കുകയായിരുന്നു. "ഞങ്ങൾ മത്സരിക്കാൻ തയ്യാറാണ്, മൂന്ന് പോയിന്റാണ് ലക്ഷ്യം" എന്ന് മത്സരത്തിന് മുമ്പ് വാസ് പിന്റോ പറഞ്ഞിരുന്നു. "കഴിഞ്ഞ വർഷത്തെപ്പോലെയല്ല, മുന്നിലെത്താനാണ് പോരാടേണ്ടത്" എന്നായിരുന്നു മലയാളി പരിശീലകൻ ടി.ജി. പുരുഷോത്തമന്റെ വാക്കുകൾ.

കേരള ആരാധകർക്കും ഈ മത്സരത്തിൽ കണ്ണുവയ്ക്കാൻ ഏറെയുണ്ടായിരുന്നു. ഒഡീഷയെ പരിശീലിപ്പിക്കുന്നത് പുരുഷോത്തമനാണ്. ആഷിർ, തേജസ് കൃഷ്ണ, നിഹാൽ സുധീഷ്, അർജുൻ മാക്കോത്ത്, രാഹുൽ കെ.പി, സുഹൈർ വി.പി, സച്ചിൻ സുരേഷ് എന്നിങ്ങനെ ഒരുപിടി മലയാളി താരങ്ങളും ഒഡീഷ സ്ക്വാഡിലുണ്ട്. ഇന്റർ കാശി നിരയിൽ ശ്രീക്കുട്ടൻ വി.എസും കാർത്തിക് പണിക്കരുമുണ്ട്.

രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് വീതമാണ് ഇപ്പോൾ ഇരു ടീമുകൾക്കും. ഒക്ടോബർ 23-ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ഇന്റർ കാശിയുടെ അടുത്ത മത്സരം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕