39മത് സെക്കന്റിലും ഇഞ്ചുറി ടൈമിലും ബൗളി; ഒഡീഷയെ വീഴ്ത്തി പഞ്ചാബിന് ജയത്തുടക്കം
സീസണിലെ ഏറ്റവും വേഗമേറിയ ഗോളും സ്റ്റോപ്പേജ് ടൈമിലെ വിജയഗോളും നേടി റാഫേൽ മെസ്സി ബൗളി. മലയാളി താരം മുഹമ്മദ് ഉവൈസിന് അസിസ്റ്റ്.

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയെ 2-1ന് തോൽപ്പിച്ച് പഞ്ചാബ് എഫ്സി സീസൺ തുടങ്ങി. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാമറൂൺ സ്ട്രൈക്കർ റാഫേൽ മെസ്സി ബൗളി ഇരട്ട ഗോൾ നേടി. കളി തുടങ്ങി 39ആം സെക്കൻഡിൽ ആദ്യ ഗോളും, സ്റ്റോപ്പേജ് ടൈമിന്റെ അഞ്ചാം മിനിറ്റിൽ (90+5) വിജയഗോളും. തോയബ സിംഗാണ് ഒഡീഷയുടെ സ്കോറർ.
വലത് വിങ്ങിൽ നിന്ന് മലയാളി ഡിഫൻഡർ മുഹമ്മദ് ഉവൈസ് നൽകിയ ക്രോസ് ആറു വാര ബോക്സിൽ നിന്ന് ബൗളി വലയിലാക്കി. ഈ സീസണിലെ ഏറ്റവും വേഗമേറിയ ഗോളും ഐഎസ്എൽ ചരിത്രത്തിലെ ആറാമത്തെ വേഗമേറിയ ഗോളുമാണിത്. എന്നാൽ ആദ്യ ഇരുപതു മിനിറ്റിനുള്ളിൽ ഒഡീഷ ഒപ്പമെത്തി. കോർണറിൽ നിന്ന് നായകൻ ലാല്താതംഗ ഖാവ്ല്രിംഗ് നൽകിയ ക്രോസ് തോയബ സിംഗ് തലകൊണ്ട് വലയിലാക്കി.
സമനിലയിലേക്ക് നീങ്ങിയ കളിയുടെ അവസാന നിമിഷമാണ് ബൗളി വീണ്ടും ലക്ഷ്യം കണ്ടത്. വി. യാദവിന്റെ പാസിൽ നിന്നായിരുന്നു വിജയഗോൾ. ഇതോടെ ഗ്രീക് പരിശീലകൻ പാവ്ലോസ് ഡെർമിത്സാകിസിന് ഐഎസ്എലിലെ അരങ്ങേറ്റം ജയത്തോടെയായി. "നീണ്ട പ്രീ-സീസണിൽ ഞങ്ങൾ നന്നായി തയ്യാറെടുത്തു," എന്നായിരുന്നു മത്സരത്തിനു മുമ്പ് അദ്ദേഹത്തിന്റെ വാക്കുകൾ.
മലയാളി പരിശീലകൻ ടി.ജി. പുരുഷോത്തമന് കീഴിലുള്ള ആദ്യ മത്സരത്തിൽ ഒഡീഷയ്ക്ക് അവസാന നിമിഷം പോയിന്റ് നഷ്ടമായത് വലിയ നിരാശയായി. പരിക്കേറ്റ മലയാളി വിങ്ഗർ രാഹുൽ കെ.പി. ഒഡീഷ നിരയിൽ ഇല്ലായിരുന്നു. കഴിഞ്ഞ സീസണിൽ 11ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ മേയ് മാസത്തിനുശേഷം ഒരു കളിയും ജയിച്ചിട്ടില്ല.




