Home › Football › ഹാംപ്ഡനിൽ സ്കോട്ട്ലൻഡിനെ വീഴ്ത്തി സ്ലൊവേനിയ; നേഷൻസ് ലീഗ് റൗണ്ടപ്പ്

ഹാംപ്ഡനിൽ സ്കോട്ട്ലൻഡിനെ വീഴ്ത്തി സ്ലൊവേനിയ; നേഷൻസ് ലീഗ് റൗണ്ടപ്പ്

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ച സ്ലൊവേനിയ ഗ്ലാസ്ഗോവിൽ സ്കോട്ട്ലൻഡിനെ 2-1ന് തോൽപ്പിച്ചു. പുതിയ പരിശീലകൻ സെബാസ്റ്റ്യൻ പൊക്കോഞ്ഞോലിക്ക് ഹാംപ്ഡനിൽ ആദ്യ ജയത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. ലീഗ് സിയിൽ സ്ലൊവാക്യക്ക് വമ്പൻ ജയം.

ഹാംപ്ഡനിൽ സ്കോട്ട്ലൻഡിനെ വീഴ്ത്തി സ്ലൊവേനിയ; നേഷൻസ് ലീഗ് റൗണ്ടപ്പ്
സ്കോട്ട്ലാന്റിനെതിരെ ഗോൾ നേടിയെ സ്ലോവേനിയൻ താരങ്ങൾ
Image Courtesy: https://www.facebook.com/NogometnazvezaSlovenije

ഗ്ലാസ്ഗോ: യുവേഫ നേഷൻസ് ലീഗ് ലീഗ് ബി ഗ്രൂപ്പ് ഒന്നിൽ സ്കോട്ട്ലൻഡിന് സ്വന്തം നാട്ടിൽ തിരിച്ചടി. ചൊവ്വാഴ്ച ഹാംപ്ഡൻ പാർക്കിൽ നടന്ന മത്സരത്തിൽ സ്ലൊവേനിയ 2-1ന് ജയിച്ചു. 31- മിനിറ്റിൽ റയാൻ ക്രിസ്റ്റിയുടെ ഗോളിൽ സ്കോട്ട്ലൻഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ അലിയോഷ മാറ്റ്കോയും ഡാനിയൽ സ്റ്റുർമും ചേർന്ന് കളി തിരിച്ചു. 57-ാം മിനിറ്റിൽ സ്റ്റുർമിന്റെ പാസുമായി കുതിച്ച മാറ്റ്കോ ഇടംകാൽ ഷോട്ടിലൂടെ സ്ലൊവേനിയയെ ഒപ്പമെത്തിച്ചു. 71-ാം മിനിറ്റിൽ ഇരുവരും വീണ്ടും ഒന്നിച്ചു; മാറ്റ്കോയുടെ പാസ് സ്റ്റുർം തൊട്ടടുത്തു നിന്ന് വലയിലാക്കിയതോടെ ഗാലറിയിൽ നിന്ന് സ്വന്തം ടീമിനെതിരെ കൂക്കിവിളി ഉയർന്നു. കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചിട്ടും അവ ഗോളാക്കാൻ സ്കോട്ട്ലൻഡിനായില്ല. ടീം നന്നായില്ലെന്നും എതിരാളികൾ പോരാട്ടവീര്യത്തിൽ മുന്നിട്ടുനിന്നെന്നും മത്സരശേഷം നായകൻ ആൻഡി റോബർട്സൺ സമ്മതിച്ചു.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ച് പൊക്കോഞ്ഞോലിക്ക് ആദ്യ ജയം സമ്മാനിച്ച സ്കോട്ട്ലൻഡിന് ഈ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ച നാലു മത്സരങ്ങളിൽ ഒരു ജയം മാത്രം. ഹാംപ്ഡനിലെ അവസാന നാലു മത്സരങ്ങളിൽ മൂന്നിലും ടീം തോറ്റു; പരിശീലകനു മേലുള്ള സമ്മർദവും കൂടുകയാണ്. ഏഴു പോയിന്റുമായി സ്ലൊവേനിയ ഗ്രൂപ്പിൽ രണ്ടാമതാണ്; മൂന്നാമതുള്ള സ്കോട്ട്ലൻഡിനെക്കാൾ മൂന്നു പോയിന്റ് മുന്നിൽ. നാലിൽ നാലും ജയിച്ച സ്വിറ്റ്സർലൻഡാണ് 12 പോയിന്റുമായി ഒന്നാമത്. നവംബറിൽ നോർത്ത് മാസിഡോണിയയ്ക്കും സ്വിറ്റ്സർലൻഡിനുമെതിരെയാണ് സ്കോട്ട്ലൻഡിന്റെ അവസാന മത്സരങ്ങൾ.

ലീഗ് സിയിൽ ഗ്രൂപ്പ് മൂന്നിൽ സ്ലൊവാക്യ മോൾഡോവയെ 4-0ന് തകർത്തപ്പോൾ കസാഖ്സ്ഥാനും ഫറോ ദ്വീപുകളും രണ്ടു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ഒന്നിൽ ബെലാറൂസ് ഫിൻലൻഡിനെ 1-0നും അൽബേനിയ സാൻ മറീനോയെ 2-1നും തോൽപ്പിച്ചു. ഗ്രൂപ്പ് നാലിൽ ലക്സംബർഗിനെതിരെ ബൾഗേറിയ 2-0ന് ജയിച്ചപ്പോൾ എസ്റ്റോണിയ–ഐസ്‌ലൻഡ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕