Cricket
തകർത്തടിച്ച് സഞ്ജു (82); ഇന്ത്യക്കെതിരെ വിന്റീസിന് 250 റൺസ് വിജയലക്ഷ്യം
റാഞ്ചിയിലെ രണ്ടാം ടി 20യിൽ 9 ഫോറും 4 കൂറ്റൻ സിക്സും പറത്തിയാണ് സഞ്ജു 41 പന്തിൽ 82 റൺസ് നേടിയത്. ശ്രേയസ് അയ്യരും തിലക് വർമ്മയും ഇഷാനും തിളങ്ങി

Image Courtesy: https://www.facebook.com/IndianCricketTeam
വിമർശനങ്ങളെ കാറ്റിൽ പറത്തി ക്ലാസിനു മുന്നിൽ ഫോമിനൊന്നും വലിയ സ്ഥാനമില്ലെന്ന് തെളിച്ച ഗംഭീര ഇന്നിംഗ്സ്. സഞ്ജു സാംസണന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യക്ക് വിന്റീസിനെതിരായ രണ്ടാം ടി20യിൽ കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 5 വിക്കറ്റിന് 249 റൺസ് നേടി.
ടോസ് നഷ്ടമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ആദ്യം അടി തുടങ്ങിയത് അഭിഷേകാണ്. എന്നാൽ 12 പന്തിൽ 20 റൺസെടുത്ത അഭിഷേകിനെ റോസ്റ്റൺ ചേസ് പുറത്താക്കി. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് സഞ്ജു തുടങ്ങിയത്. വ്യക്തിഗത സ്കോർ 6ൽ നിൽക്കെ സഞ്ജുവിന് ആദ്യ ലൈഫ് കിട്ടി. കാമിൽ പുരൻ സഞ്ജുവിന്റെ ക്യാച്ച് വിട്ടുകളഞ്ഞു. അക്കീൽ ഹൊസൈന്റെ മൂന്നാമത്തെ ഓവറിൽ സഞ്ജുവിന് ആത്മവിശ്വാസവും ഫോമും വീണ്ടെടുക്കാനായി. ആ ഓവറിൽ സഞജു നേടിയത് 21 റൺസാണ്. 9 ഫോറും 4 കൂറ്റൻ സിക്സും പറത്തി സഞ്ജു 41 പന്തിൽ 82 റൺസ് നേടിയത്.
അഭിഷേകിന് ശേഷം വന്ന ഇഷാൻ കിഷൻ മാരക ഫോമിലായിരുന്നു. 22 പന്തിൽ 43 റൺസെടുത്ത ഇഷാനെ ചേസ് ക്ലീൻ ബൗൾഡാക്കി. 6 ഫോറും 2 സിക്സും ചേർന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. അഭിഷേകിന് പകരം വന്ന ശിവം ദുബെ പതുക്കെയാണ് തുടങ്ങിയത്. പത്ത് പന്തിൽ 7 റൺസ് നേടി ദുബെയും ചേസിന് മുന്നിൽ വീണു. പതിനഞ്ചാം ഓവറിലാണ് സഞ്ജു പുറത്താകുന്നത്. ഷമർ സ്പ്രിൻഗറുടെ പന്ത് അപ്പർ കട്ട് ചെയ്ത സഞ്ജുവിന് പിഴച്ചു. ഇത്തവണ കാമിൽ പുരൻ ക്യാച്ച് കൈയ്യിലൊതുക്കി.
കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന നായകൻ ശ്രേയസ് അയ്യർ വിന്റീസ് ബൗളർമാരെ തല്ലങ്ങും വിലങ്ങും പായിച്ചു. 3 സിക്സും 3 ഫോറും ഉൾപ്പെടുന്നതായിരുന്നു ശ്രേയസിന്റെ 40 റൺസിന്റെ ഇന്നിംഗ്സ്. അവസാന ഓവറിൽ തിലക് വർമ്മ തുടർച്ചയായി 3 സിക്സർ പറത്തി. തിലക് വർമ്മ 18 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു. വിന്റീസിന് വേണ്ടി ചേസ് 3 വിക്കറ്റ് വീഴ്ത്തി.




