Cricket
സഞ്ജുവന്റെ അടിക്ക് ഹോപ്പിന്റെ നൂറടി ; റാഞ്ചിയിൽ ഇന്ത്യക്ക് തോൽവി
സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച നായകൻ ഷായ് ഹോപ്പും (102*) റുഥർഫോഡും (84) ചേർന്ന് വിന്റീസിനെ വിജയത്തിലെത്തിച്ചു. സഞ്ജുവിന്റെ 82 പ്രകടനം പാഴായി. വിന്റീസ് 250 മറി കടന്നത് പന്തുകൾ ബാക്കി നിൽക്കെ.

റാഞ്ചിയിൽ സിക്സർ മഴ പെയ്യിച്ച് വിന്റീസ് ഇന്ത്യയെ തകർത്തു. സെഞ്ച്വറി നേടിയ നായകൻ ഷായ് ഹോപ്പും അർദ്ധ സെഞ്ച്വറി നേടിയ ഷെർഫെയ്ൻ റുഥർഫോഡും ചേർന്ന് ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ വിജയലക്ഷ്യം 9 പന്ത് ബാക്കി നിൽക്കെ മറികടന്നു. 45 പന്തിൽ 6 ഫോറും 9 സിക്സും പറത്തിയാണ് ഷായ് ഹോപ്പ് പുറത്താകാതെ 102 നേടിയത്. റുഥർഫോഡ് 37 പന്തിൽ 7 വീതം സിക്സും ഫോറും പറത്തി 84 റൺസെടുത്തു. ആദ്യ ഓവറിൽ 5 റൺസിന് 2 വിക്കറ്റ് നഷ്ടമായിടത്തു നിന്നാണ് വിന്റീസ് ജയിച്ചു കയറിയത്. റൊമാരിയോ ഷെപ്പേർഡ് പുറത്താകാതെ 13 പന്തിൽ 34 റൺസ് നേടി. ഇന്ത്യയുടെ എല്ലാ ബൗളർമാരും നല്ല തല്ല് കൊണ്ടു. ആകെ 20 സിക്സാണ് വിന്റീസ് ഇന്നിംഗ്സിൽ പിറന്നത്. 13 സിക്സാണ് ഇന്ത്യ നേടിയത്.
57 പന്തിൽ 120 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്റീസിനെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നത്. വിന്റീസിന്റെ ഏറ്റവും വലിയ ടി20 റൺചേസ് ആണ് ഇത്. റോവ്മൻ പവൽ 13 പന്തിൽ 24 റൺസെടുത്തു. 36 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവ് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ ബൗളർ.
സഞ്ജുവിന്റെ വെടിക്കെട്ട് പാഴായി
ടോസ് നഷ്ടമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ആദ്യം അടി തുടങ്ങിയത് അഭിഷേകാണ്. എന്നാൽ 12 പന്തിൽ 20 റൺസെടുത്ത അഭിഷേകിനെ റോസ്റ്റൺ ചേസ് പുറത്താക്കി. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് സഞ്ജു തുടങ്ങിയത്. വ്യക്തിഗത സ്കോർ 6ൽ നിൽക്കെ സഞ്ജുവിന് ആദ്യ ലൈഫ് കിട്ടി. കാമിൽ പുരൻ സഞ്ജുവിന്റെ ക്യാച്ച് വിട്ടുകളഞ്ഞു. അക്കീൽ ഹൊസൈന്റെ മൂന്നാമത്തെ ഓവറിൽ സഞ്ജുവിന് ആത്മവിശ്വാസവും ഫോമും വീണ്ടെടുക്കാനായി. ആ ഓവറിൽ സഞജു നേടിയത് 21 റൺസാണ്. 9 ഫോറും 4 കൂറ്റൻ സിക്സും പറത്തി സഞ്ജു 41 പന്തിൽ 82 റൺസ് നേടിയത്.
അഭിഷേകിന് ശേഷം വന്ന ഇഷാൻ കിഷൻ മാരക ഫോമിലായിരുന്നു. 22 പന്തിൽ 43 റൺസെടുത്ത ഇഷാനെ ചേസ് ക്ലീൻ ബൗൾഡാക്കി. 6 ഫോറും 2 സിക്സും ചേർന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. അഭിഷേകിന് പകരം വന്ന ശിവം ദുബെ പതുക്കെയാണ് തുടങ്ങിയത്. പത്ത് പന്തിൽ 7 റൺസ് നേടി ദുബെയും ചേസിന് മുന്നിൽ വീണു. പതിനഞ്ചാം ഓവറിലാണ് സഞ്ജു പുറത്താകുന്നത്. ഷമർ സ്പ്രിൻഗറുടെ പന്ത് അപ്പർ കട്ട് ചെയ്ത സഞ്ജുവിന് പിഴച്ചു. ഇത്തവണ കാമിൽ പുരൻ ക്യാച്ച് കൈയ്യിലൊതുക്കി.
കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന നായകൻ ശ്രേയസ് അയ്യർ വിന്റീസ് ബൗളർമാരെ തല്ലങ്ങും വിലങ്ങും പായിച്ചു. 3 സിക്സും 3 ഫോറും ഉൾപ്പെടുന്നതായിരുന്നു ശ്രേയസിന്റെ 40 റൺസിന്റെ ഇന്നിംഗ്സ്. അവസാന ഓവറിൽ തിലക് വർമ്മ തുടർച്ചയായി 3 സിക്സർ പറത്തി. തിലക് വർമ്മ 18 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു. വിന്റീസിന് വേണ്ടി ചേസ് 3 വിക്കറ്റ് വീഴ്ത്തി.




