Home › Football › ഫിഫയ്‌ക്കെതിരെ വിമത നീക്കം: 2.1 ബില്യൺ ഡോളർ വീതം നൽകണമെന്ന് യുവേഫയും കോൺകാകാഫും

ഫിഫയ്‌ക്കെതിരെ വിമത നീക്കം: 2.1 ബില്യൺ ഡോളർ വീതം നൽകണമെന്ന് യുവേഫയും കോൺകാകാഫും

ലോകകപ്പിലെ സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ഫിഫയുടെ സാമ്പത്തിക കരുതൽ ശേഖരം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

ഫിഫയ്‌ക്കെതിരെ വിമത നീക്കം: 2.1 ബില്യൺ ഡോളർ വീതം നൽകണമെന്ന് യുവേഫയും കോൺകാകാഫും
ഫിഫയുടെ 211 അംഗരാജ്യ ഫുട്ബോൾ അസോസിയേഷനുകൾക്ക് 2.1 ബില്യൺ ഡോളർ വീതം നൽകണമെന്ന് ആവശ്യപ്പെട്ട് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിനും കോൺകാകാഫ് പ്രസിഡന്റ് വിക്ടർ മൊന്റാഗ്ലിയാനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് കത്തയച്ചു. ഫിഫയുടെ വൈസ് പ്രസിഡന്റുമാർ കൂടിയായ ഇരുവരും 2027-30 കാലയളവിൽ ഓരോ അംഗ അസോസിയേഷനും കുറഞ്ഞത് 1 കോടി ഡോളർ വീതം ലഭ്യമാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. നിലവിലുള്ള ഫിഫ ഫോർവേഡ് പ്രോഗ്രാമിന് പുറമെയായിരിക്കും ഈ ഒറ്റത്തവണ വിതരണം. വെള്ളിയാഴ്ച അയച്ച കത്തിൽ, ഒക്ടോബർ 15ന് സൂറിച്ചിൽ നടക്കുന്ന യോഗത്തിന് മുന്നോടിയായി ഫിഫയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമ്പൂർണ്ണവും സ്വതന്ത്രവുമായ വിശകലനം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 2023-26 സൈക്കിൾ അവസാനിക്കുമ്പോൾ ഫിഫയുടെ കരുതൽ ശേഖരം ഏകദേശം 6 ബില്യൺ ഡോളറിലെത്തുമെന്നും, ഇത് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരുതൽ ശേഖരമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഇത്രയും തുക വിതരണം ചെയ്താലും ഫിഫയുടെ കരുതൽ ശേഖരം 1.5 ബില്യൺ ഡോളറിൽ താഴെയാകില്ലെന്നും കത്തിൽ പറയുന്നു. "സ്വകാര്യ നിക്ഷേപ ഇടപാട് അംഗരാജ്യങ്ങൾക്ക് കൂടുതൽ വിഭവങ്ങൾ എത്തിക്കാൻ ആവശ്യമായിരുന്നോ എന്ന ചോദ്യമാണ് ഞങ്ങളുടെ വിശകലനം ഉയർത്തുന്നത്," എന്നും "മത്സരങ്ങളിലെ ഓഹരികൾ വിറ്റഴിക്കാതെ തന്നെ, സ്വന്തം ബാലൻസ് ഷീറ്റിൽ നിന്ന് അംഗരാജ്യങ്ങൾക്ക് കൂടുതൽ വിഭവങ്ങൾ നൽകാൻ ഫിഫയ്ക്ക് ഇപ്പോൾ തന്നെ ശേഷിയുണ്ട്," എന്നും കത്തിൽ സെഫെറിനും മൊന്റാഗ്ലിയാനിയും സംയുക്തമായി പറഞ്ഞു. ജോഷ്വ കുഷ്നറുടെ നേതൃത്വത്തിലുള്ള നിക്ഷേപക സംഘത്തിന് ലോകകപ്പിലെ ഓഹരി വിൽക്കാൻ ഇൻഫാന്റിനോ ശ്രമിച്ചെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നുണ്ടായ കടുത്ത എതിർപ്പിനെ തുടർന്നാണ് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. യുവേഫ ഫിഫ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് പദ്ധതി പിൻവലിക്കപ്പെട്ടത്. ഈ കത്തിന് തലേദിവസം ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ചെയർ ഡെബി ഹ്യൂയിറ്റും ഈ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇൻഫാന്റിനോയ്ക്ക് കത്തയച്ചിരുന്നു. അടുത്ത വർഷം മാർച്ചിലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപോ ശേഷമോ ഇൻഫാന്റിനോയെ പുറത്താക്കാനും യുവേഫയും കോൺകാകാഫും ശ്രമം നടത്തുന്നുണ്ട്.

Read Next

K SPORTSSPORTS. STORIES. BEYOND.