Home › Football › പരിശീലകൻ വാക്ക് തെറ്റിച്ചു; മൌനം വെടിഞ്ഞ് റൊണാൾഡോ, വിരമിക്കില്ലെന്നും പ്രഖ്യാപനം

പരിശീലകൻ വാക്ക് തെറ്റിച്ചു; മൌനം വെടിഞ്ഞ് റൊണാൾഡോ, വിരമിക്കില്ലെന്നും പ്രഖ്യാപനം

പോർച്ചുഗൽ ക്യാമ്പ് വിട്ടതിന്റെ കാരണങ്ങൾ വിശദീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടായിരത്തോളം വാക്കുകളുള്ള പ്രസ്താവന. പരിശീലകൻ ഹോർഹെ ഹെസൂസ് രണ്ടു തവണ വാക്കു തെറ്റിച്ചുവെന്ന് ആരോപണം. ദേശീയ ടീമിൽ നിന്ന് വിരമിക്കില്ലെന്നും ഫെഡറേഷൻ നൽകുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും നായകൻ.

Image Courtesy: Илья Хохлов/Ilya Khokhlov/Ilja Chochłow

ലിസ്ബൺ: ഒരാഴ്ച നീണ്ട മൗനത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മനസ്സ് തുറന്നു. ചൊവ്വാഴ്ച രാത്രി, ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മണിക്കൂറുകൾ മുൻപ്, ഇൻസ്റ്റഗ്രാമിൽ പതിനൊന്നു സ്ലൈഡുകളിലായി പങ്കുവച്ച രണ്ടായിരത്തോളം വാക്കുകളുള്ള പ്രസ്താവനയിൽ പോർച്ചുഗൽ ടീം ക്യാമ്പ് വിട്ടതിന്റെ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നില്ലെന്നാണ് പ്രസ്താവനയിലെ പ്രധാന പ്രഖ്യാപനം. ശാരീരികമായി മികച്ച നിലയിലാണെങ്കിൽ, ക്ലബ്ബിൽ കളിക്കുന്നുണ്ടെങ്കിൽ, തനിക്കു മേൽ ചുമത്തിയേക്കാവുന്ന സസ്പെൻഷൻ പൂർത്തിയാക്കിയ ശേഷം ദേശീയ ടീമിനായി കളിക്കാൻ എന്നത്തെയും പോലെ ലഭ്യമായിരിക്കുമെന്ന് നാൽപ്പത്തിയൊന്നുകാരൻ വ്യക്തമാക്കി.

പരിശീലകൻ ഹോർഹെ ഹെസൂസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റൊണാൾഡോ ഉന്നയിച്ചത്. സെപ്റ്റംബർ 27-ന് ഓസ്‌ലോയിൽ നോർവെക്കെതിരായ മത്സരദിവസം തന്നെ 30 മിനിറ്റ് കളിപ്പിക്കുമെന്ന് ഹെസൂസ് ഉറപ്പു നൽകിയിരുന്നു. ഇടവേള മുതൽ വാം അപ്പ് ചെയ്ത് മിനിറ്റുകൾ എണ്ണിക്കാത്തിരുന്നെങ്കിലും ഇറക്കിയില്ല. പരിശീലകൻ തനിക്കു നൽകിയ വാക്ക് തെറ്റിച്ചുവെന്നാണ് റൊണാൾഡോയുടെ വാക്കുകൾ. മത്സരശേഷം സഹതാരങ്ങൾക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാതെ മടങ്ങിയതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ആ നിമിഷം ഒറ്റയ്ക്കിരിക്കാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും, അത് തന്റെ മാത്രം വീഴ്ചയാണെന്നും അദ്ദേഹം സമ്മതിച്ചു.

തുടർന്ന് അൽ നസർ സ്പോർട്ടിങ് ഡയറക്ടർ സിമാവോ കൗട്ടീഞ്ഞോയുടെ സാന്നിധ്യത്തിൽ ഹെസൂസുമായി കൂടിക്കാഴ്ച നടന്നു. പിന്നാലെ കൗട്ടീഞ്ഞോയും റൊണാൾഡോയുടെ ഉപദേഷ്ടാവ് തിയാഗോ ക്രവേറോയും പങ്കെടുത്ത ചർച്ചയിൽ, വാർത്താസമ്മേളനത്തിൽ ഹെസൂസ് പറയേണ്ട എട്ടു കാര്യങ്ങൾ എഴുതി തയ്യാറാക്കിയെന്നും റൊണാൾഡോ വെളിപ്പെടുത്തി. റൊണാൾഡോ ഒരിക്കലും കളിസമയം ആവശ്യപ്പെട്ടിട്ടില്ലെന്നും, പെലെയുടെയോ മറഡോണയുടെയോ നിലവാരമുള്ള ഒരു താരത്തെ വാം അപ്പ് ചെയ്യിച്ച ശേഷം ഇറക്കാതിരുന്നത് തന്റെ തെറ്റാണെന്നും ഹെസൂസ് പറയുമെന്നായിരുന്നു ധാരണയെന്ന് റൊണാൾഡോ അവകാശപ്പെടുന്നു. എന്നാൽ വാർത്താസമ്മേളനത്തിൽ കേട്ടത് താൻ അർഹിക്കാത്ത ആക്രമണോത്സുകതയും, 'ഞാൻ തീരുമാനിക്കും, ഞാൻ ആജ്ഞാപിക്കും' എന്ന മനോഭാവവുമായിരുന്നു. രണ്ടാം തവണയും വാക്കു തെറ്റിയതോടെ ഇനിയും വാഗ്ദാനലംഘനങ്ങൾക്കായി കാത്തുനിൽക്കാതെ ക്യാമ്പ് വിട്ടുവെന്നാണ് റൊണാൾഡോയുടെ വിശദീകരണം. അത്തരമൊരു ധാരണ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ഹെസൂസ് നിഷേധിച്ചിരുന്നു.

പരിശീലകനോടുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടിട്ടും ക്യാമ്പ് വിടാൻ പാടില്ലായിരുന്നുവെന്ന് റൊണാൾഡോ സമ്മതിക്കുന്നുണ്ട്. സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും മാപ്പു ചോദിച്ച അദ്ദേഹം, ഫെഡറേഷൻ നൽകുന്ന ഏതു ശിക്ഷയും സ്വീകരിക്കുമെന്നും തനിക്ക് ഒരു ഇളവും നൽകരുതെന്നും ആവശ്യപ്പെട്ടു. ഏകദേശം 25 വർഷത്തെ കരിയറിൽ ഒരു പരിശീലകന്റെയും സാങ്കേതിക തീരുമാനങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും, എന്നാൽ നൽകിയ വാക്ക് തെറ്റിക്കപ്പെടുമ്പോൾ തന്റെ സ്ഥാനം അവിടെയല്ലെന്ന് തോന്നുമെന്നും അദ്ദേഹം കുറിച്ചു. പിതാവിന്റെ മരണവാർത്തയറിഞ്ഞ ദിവസവും ദേശീയ ടീം ക്യാമ്പ് വിടാതെ പിറ്റേന്നത്തെ മത്സരം വരെ തുടർന്നത് ഓർമിപ്പിച്ച റൊണാൾഡോ, ഒരു ക്ലബ്ബിനു വേണ്ടിയും ചെയ്യാത്തത് രാജ്യത്തിനായി ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.


ലോകകപ്പിനു ശേഷം വിരമിക്കൽ കുറിപ്പ് എഴുതി തയ്യാറാക്കിയിരുന്നുവെന്ന വെളിപ്പെടുത്തലും പ്രസ്താവനയിലുണ്ട്. വടക്കേ അമേരിക്കയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോയെൻസയാണ് തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിച്ചത്. പുതിയ പരിശീലകനായി ഹെസൂസിനെ പരിഗണിക്കുന്നതിനെക്കുറിച്ച് പ്രോയെൻസ അഭിപ്രായം ചോദിച്ചപ്പോൾ ശരിയായ തിരഞ്ഞെടുപ്പാണെന്ന് മറുപടി നൽകിയതും താൻ തന്നെയാണെന്ന് റൊണാൾഡോ പറയുന്നു. ആരാധകർക്കായി ഒന്നോ അതിലധികമോ വിടവാങ്ങൽ മത്സരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയ അദ്ദേഹം, പക്ഷേ ദേശീയ ടീമിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ മത്സരിക്കാനുള്ള ആഗ്രഹമാണെന്നും കൂട്ടിച്ചേർത്തു. 234 മത്സരങ്ങളിൽ 146 ഗോളുകളുമായി രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ റൊണാൾഡോയുടെ ഭാവി ഇനി ഫെഡറേഷന്റെ തീരുമാനത്തെയും ഹെസൂസിന്റെ പ്രതികരണത്തെയും ആശ്രയിച്ചിരിക്കും.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕