Home › ISL › മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ബ്ലാസ്റ്റേഴ്സിലേക്ക്; ഹാസ്നി അൽജോഫ്രീ സഹപരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ബ്ലാസ്റ്റേഴ്സിലേക്ക്; ഹാസ്നി അൽജോഫ്രീ സഹപരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ പതിറ്റാണ്ടോളം പരിശീലകനായിരുന്ന ഇംഗ്ലീഷുകാരൻ ഇനി കൊച്ചിയിലെ ഡഗ്ഔട്ടിൽ. ഐഎസ്എൽ കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആഷ്ലി വെസ്റ്റ്വുഡിന്റെ പരിശീലക സംഘത്തിലേക്ക് മൂന്ന് പേർ കൂടി; യുവ മിഡ്ഫീൽഡർ ജോഏൽ ലാൽറാമെംഗ്മാവിയയും ടീമിലെത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ബ്ലാസ്റ്റേഴ്സിലേക്ക്; ഹാസ്നി അൽജോഫ്രീ സഹപരിശീലകൻ
ജോഏൽ ലാൽറാമെംഗ്മാവിയയും ഹാസ്നി അൽജോഫ്രിയും
Image Courtesy: https://x.com/KeralaBlasters

കൊച്ചി: പുതിയ സീസണിലേക്കുള്ള ഒരുക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സംഘത്തെ അഴിച്ചുപണിതു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ അക്കാദമി പരിശീലകൻ ഹാസ്നി അൽജോഫ്രീയെ അസിസ്റ്റന്റ് മാനേജരായി ക്ലബ്ബ് നിയമിച്ചു. അമിത് റാന സഹപരിശീലകനായും ഫെലിക്സ് ഡിസൂസ ഗോള്കീപ്പിങ് പരിശീലകനായും ചുമതലയേറ്റു. മാർച്ചിൽ ഡേവിഡ് കതാല പോയതിനു പിന്നാലെ ചുമതലയേറ്റ മുഖ്യ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന് കീഴിലാണ് മൂവരും പ്രവർത്തിക്കുക. നിയമനം ക്ലബ്ബ് ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചു.

48കാരനായ അൽജോഫ്രീ യുണൈറ്റഡിന്റെ അക്കാദമിയിലാണ് കളിച്ചുവളർന്നത്. 1996ൽ ബോൾട്ടൺ വാണ്ടറേഴ്സിലേക്ക് മാറിയ സെന്റർ ബാക്ക് പിന്നീട് ഡണ്ടീ യുണൈറ്റഡ്, പ്ലിമത് ആർഗൈൽ, ഓൾഡ്ഹാം അത്ലറ്റിക് തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചു. കളി നിർത്തിയ ശേഷം 2011ൽ അണ്ടർ 15 ടീമിന്റെ സഹപരിശീലകനായി യുണൈറ്റഡിലേക്ക് തിരിച്ചെത്തി. അണ്ടർ 13, 14, 16, 17 ടീമുകളെ പരിശീലിപ്പിച്ചു. 2013 മുതൽ 2015 വരെ അക്കാദമി കോച്ച് കോഓർഡിനേറ്ററുമായിരുന്നു. 2018-19ൽ അദ്ദേഹം നയിച്ച അണ്ടർ 19 ടീം യുവേഫ യൂത്ത് ലീഗിൽ അഞ്ചു ജയവുമായി ഗ്രൂപ്പ് ജേതാക്കളായി. 2020ൽ യുണൈറ്റഡ് വിട്ട ശേഷം ഏഷ്യൻ ഫുട്ബോളിലേക്ക് തിരിഞ്ഞു. സിംഗപ്പൂർ ഫുട്ബോൾ അസോസിയേഷന്റെ കോച്ചിങ് വിദ്യാഭ്യാസ വിഭാഗം തലവനായിരുന്നു. അദ്ദേഹത്തിന്റെ മകൻ സോണി അൽജോഫ്രീ 14 വർഷം യുണൈറ്റഡ് അക്കാദമിയിലുണ്ടായിരുന്നു; അണ്ടർ 21 ടീമിന്റെ നായകനുമായി.

യുവതാരങ്ങളെ വാർത്തെടുക്കുന്നതിലുള്ള ഈ പരിചയസമ്പത്താണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കേരളത്തിലെ യുവതാരങ്ങൾക്ക് ഇംഗ്ലീഷ് അക്കാദമി രീതിയിലുള്ള പരിശീലനം ലഭിക്കാൻ ഇത് വഴിയൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇതേ തുടർച്ചയിൽ യുവ മിഡ്ഫീൽഡർ ജോഏൽ ലാൽറാമെംഗ്മാവിയയെയും ക്ലബ്ബ് ടീമിലെത്തിച്ചു. ഗോൾകീപ്പർ അമരീന്ദർ സിങ്, മുഹമ്മദ് യാസിർ എന്നിവരെ കഴിഞ്ഞ ആഴ്ച ടീം സ്വന്തമാക്കിയിരുന്നു. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕