സ്മൃതി മന്ദാന ഇന്ത്യൻ വനിതാ ടീമിന്റെ പുതിയ നായിക; മിന്നു മണി ടി20 ടീമിൽ തിരിച്ചെത്തി
ഹർമൻപ്രീത് കൗർ നായകസ്ഥാനം ഒഴിഞ്ഞ് മണിക്കൂറുകൾക്കകം സ്മൃതി മന്ദാനയെ ഇന്ത്യൻ വനിതാ ടീമിന്റെ പുതിയ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചു. സിംബാബ്വെക്കെതിരായ പരമ്പരയിൽ ആണ് സ്മൃതി മന്ദാന വനിതാ ടീമിന്റെ പുതിയ നായികയാകുന്നത്. ടി20 ടീമിൽ മലയാളി താരം മിന്നു മണിയും ഇടം നേടി.

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന് പുതിയ നായിക. ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻസി ഒഴിഞ്ഞതിനു പിന്നാലെ ചൊവ്വാഴ്ച സ്മൃതി മന്ദാനയെ പുതിയ നായികയായി ബിസിസിഐ പ്രഖ്യാപിച്ചു. 2013 മുതൽ ടീമിന്റെ ഭാഗമായ മന്ദാന നായികയായി ആദ്യമായല്ല എത്തുന്നത്. 22 വൈറ്റ് ബോൾ മത്സരങ്ങളിൽ ഇതിനകം ഇന്ത്യയെ നയിച്ചിട്ടുണ്ട്. 18 ടി20 മത്സരങ്ങളിൽ 11 ജയവും ആറു തോൽവിയും; ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. നയിച്ച നാല് ഏകദിനങ്ങളും ജയിച്ചു. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 2024-ലും 2026-ലും ചാമ്പ്യന്മാരാക്കിയ നായികയുമാണ് മന്ദാന.
ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്തം ഏറെ സവിശേഷമായ ബഹുമതിയാണെന്ന് മന്ദാന പ്രതികരിച്ചു. ഈ പദവിക്കൊപ്പം വരുന്ന ഉത്തരവാദിത്തം തിരിച്ചറിയുന്നുവെന്നും ടീമിനൊപ്പം പ്രവർത്തിച്ചും പഠിച്ചും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാൻ പരമാവധി ശ്രമിക്കുമെന്നും അവർ പറഞ്ഞു. വർഷങ്ങളോളം ഏറെ പ്രതിബദ്ധതയോടെ ടീമിനെ നയിച്ച ഹർമൻപ്രീതിന്റെ സംഭാവനകളെ മന്ദാന പ്രത്യേകം അനുസ്മരിച്ചു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഹർമൻപ്രീത് ടി20, ഏകദിന ടീമുകളിൽ തുടരും.
സിംബാബ്വെക്കെതിരായ പരമ്പരയിലാണ് മന്ദാനയുടെ ആദ്യ ദൗത്യം. ഒക്ടോബർ 16, 18, 20 തീയതികളിൽ റായ്പൂരിൽ മൂന്നു ടി20 മത്സരങ്ങളും 23, 25, 28 തീയതികളിൽ വഡോദരയിൽ മൂന്ന് ഏകദിനങ്ങളും നടക്കും. ടി20-യിൽ ഷഫാലി വർമയും ഏകദിനത്തിൽ ദീപ്തി ശർമയുമാണ് ഉപനായികമാർ. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലെ ശ്രേയങ്ക പാട്ടീൽ, രേണുക സിങ് ഠാക്കൂർ, രാധ യാദവ്, ഭാരതി ഫുൽമാലി എന്നിവർ ടി20 ടീമിൽ ഇല്ല. പകരം നിക്കി പ്രസാദ്, അനുഷ്ക ശർമ, പ്രേമ റാവത്ത്, ജിന്റിമണി കലിത, മിന്നു മണി എന്നിവർ ടീമിലെത്തി. മലയാളികൾക്ക് സന്തോഷം നൽകുന്നതാണ് മിന്നു മണിയുടെ തിരിച്ചുവരവ്.
കർണാടകക്കാരിയായ ഇരുപതുകാരി നിക്കി പ്രസാദിന് ഇത് ദേശീയ ടി20 ടീമിലേക്കുള്ള ആദ്യ വിളിയാണ്. ഡബ്ല്യുപിഎല്ലിൽ ഡൽഹി കാപ്പിറ്റൽസിനായി ഏഴ് ഇന്നിങ്സുകളിൽ 153 റൺസ് നേടിയ മധ്യനിര ബാറ്റർ, അടുത്തിടെ ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പരയിൽ മൂന്നു ഫോർമാറ്റിലും അർധസെഞ്ചുറി നേടിയിരുന്നു. ഇതേ പരമ്പരയിൽ ഏകദിന മത്സരങ്ങളിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടിയ അനുഷ്ക ശർമയും ടി20 ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിൽ രേണുക ഠാക്കൂറും തേജൽ ഹസബ്നിസും മടങ്ങിയെത്തി. ദ ഹൺഡ്രഡിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ ജെമീമ റോഡ്രിഗസ് ഇരു ടീമുകളിലുമില്ല.
ടി20 ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷഫാലി വർമ (വൈസ് ക്യാപ്റ്റൻ), നിക്കി പ്രസാദ്, ഹർമൻപ്രീത് കൗർ, അനുഷ്ക ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, പ്രേമ റാവത്ത്, ശ്രീ ചരണി, നന്ദിനി ശർമ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ജിന്റിമണി കലിത, മിന്നു മണി.
ഏകദിന ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷഫാലി വർമ, പ്രതിക റാവൽ, ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ, തേജൽ ഹസബ്നിസ്, ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), വൈഷ്ണവി ശർമ, നന്ദിനി ശർമ, ശ്രീ ചരണി, ക്രാന്തി ഗൗഡ്, സായലി സത്ഘരെ, രേണുക ഠാക്കൂർ.



