Cricket
കോഹിലിയും ഗില്ലും തിളങ്ങി; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക ജയം
റൺ ചേസിങ്ങിൽ കോഹ്ലിയെ മറികടക്കുന്ന ബാറ്റർ മറ്റാരുമില്ല എന്ന് ഉറപ്പിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ വിന്റീസിനെതിരായ പ്രകടനം. ഏകദിനത്തിൽ പതിനയ്യായിരം റൺസ് എന്ന നാഴികകല്ലും കോഹ്ലി മറികടന്നു. നായകന്റെ പ്രകടനവുമായി ഗില്ലും തിളങ്ങി.

Image Courtesy: https://x.com/BCCI
മത്സരശേഷം വിന്റീസ് നായകൻ ഷായി ഹോപ്പ് പറഞ്ഞ ഒരു കാര്യത്തിൽ നിന്നും തുടങ്ങാം. ഇത്തരമൊരു മൈതാനത്ത് അറുപത് - എൺപത് റൺസ് കുറവാണ് തങ്ങൾ നേടിയതെന്നാണ് ഹോപ്പ് പറഞ്ഞത്. അതാണ് ഇന്ത്യ-വെസ്റ്റിന്റീസ് ആദ്യ ഏകദിനത്തിലെ ടേണിംഗ് പോയിന്റ്. കോഹ്ലിയും രോഹിത്തും ഗില്ലുമടങ്ങിയ ഇന്ത്യൻ നിരയെ പിടിച്ചുകെട്ടാനുള്ള സ്കോറായിരുന്നില്ല വെസ്റ്റിന്റീസ് ഉയർത്തിയ 296 എന്ന വിജയലക്ഷ്യം.
നായകൻ ശുബ്മാൻ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും അത്യുജ്ജ്വല സെഞ്ചുറി കൂട്ടുകെട്ടിന്റെ കരുത്തിൽ ഇന്ത്യ അനായാസമാണ് ഈ ലക്ഷ്യം മറികടന്നത്. ചേസിങ്ങിൽ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വിന്റീസ് ബൗളർമാർ വെല്ലുവിളിയായില്ല. അതേസമയം കുതിച്ചുകൊണ്ടിരുന്ന വെസ്റ്റിന്റീസ് നിരയെ പിടിച്ചു കെട്ടിയ സ്പിന്നർ കുൽദീപ് യാദവിന്റെ പ്രകടനം കളിയിൽ വേറിട്ടുനിൽക്കുകയും ചെയ്തു. സ്കോർ വെസ്റ്റിന്റീസ് 7ന് 295, ഇന്ത്യ 41.4 ഓവറിൽ 2ന് 300. കോഹ്ലി പുറത്താവാതെ 88 പന്തിൽ 139 റൺസും ഗിൽ 108 പന്തിൽ 110 റൺസും നേടി. വെസ്റ്റിന്റീസിന് വേണ്ടി ജസ്റ്റിൻ ഗ്രീവിസ് സെഞ്ച്വറിയും (108 പന്തിൽ 101) ജോൺ കാംപൽ (62 ) അമീർ ജാൻഗൂവും (58*) അർദ്ധ സെഞ്ച്വറിയും നേടി. കുൽദീപ് യാദവ് 4 വിക്കറ്റും പ്രസിദ് കൃഷ്ണ 3 വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുബ്മാൻ ഗിൽ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാര്യവട്ടത്തെ പിച്ച് ബാറ്റിംഗിനെ അതിശക്തമായി തുണയ്ക്കുന്ന ഒന്നായിരുന്നു. എന്നാൽ, സെപ്റ്റംബറിലെ കേരളത്തിലെ അന്തരീക്ഷം കണക്കിലെടുത്ത് ടോസ് നേടിയ ഉടൻ ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശുബ്മാൻ ഗില്ലിന്റെ തീരുമാനം 'ഡ്യൂ ഫാക്ടർ' കൃത്യമായി പ്രവചിച്ചുകൊണ്ടുള്ളതായിരുന്നു. ഉച്ചയ്ക്ക് ശേഷം പന്തെറിയുമ്പോൾ ലഭിക്കുന്ന വേഗതയും സ്വിംഗും പവർപ്ലേയിൽ ഇന്ത്യൻ പേസർമാർക്ക് അനുകൂലമാകുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും വിൻഡീസ് ഓപ്പണർമാർ അത് സമർത്ഥമായി പ്രതിരോധിച്ചു. എന്നാൽ രണ്ടാമത് പന്തെറിഞ്ഞ വെസ്റ്റ് ഇൻഡീസിന് കാര്യങ്ങൾ കൂടുതൽ ദുഷ്കരമായിരുന്നു. ഔട്ട്ഫീൽഡിൽ മഞ്ഞ് വീണതോടെ പന്ത് നനയുകയും, ഗുഡകേഷ് മോട്ടി ഉൾപ്പെടെയുള്ള സ്പിന്നർമാർക്ക് പന്ത് കൃത്യമായി ഗ്രിപ്പ് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തു
കാര്യവട്ടത്തെ പിച്ചിൽ കരീബിയൻ ഓപ്പണർമാരായ ജോൺ കാംപ്ബെല്ലും ജസ്റ്റിൻ ഗ്രീവ്സും ചേർന്ന് നന്നായിതന്നെ തുടങ്ങി. ഇന്ത്യൻ പേസ് നിരയെ നിഷ്പ്രഭമാക്കിക്കൊണ്ട് പവർപ്ലേ ഓവറുകളിൽ ഇരുവരും റൺസ് അടിച്ചുകൂട്ടി. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിൻഡീസ് വൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഗിൽ പന്തേൽപ്പിച്ചത്.മധ്യ ഓവറുകളിൽ കളിയിലെ വഴിത്തിരിവായത് കുൽദീപിന്റെ സ്പെല്ലായിരുന്നു. വിൻഡീസ് നട്ടെല്ലൊടിച്ച കുൽദീപ് 10 ഓവറിൽ വെറും 40 റൺസ് മാത്രം വഴങ്ങി നാല് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി. ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും ജസ്റ്റിൻ ഗ്രീവ്സ് ഇന്ത്യൻ ബോളിംഗിനെ ധീരമായി നേരിട്ട് 101 റൺസോടെ തന്റെ കന്നി ഏകദിന സെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ അമീർ ജങ്കൂ (43 പന്തിൽ 58*) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് വിൻഡീസിനെ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
അവസാന പത്ത് ഓവറുകളിൽ റൺസ് പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ പേസർമാർ പതറിയത് വരും മത്സരങ്ങളിൽ കോച്ച് ഗൗതം ഗംഭീറിന് ചിന്താക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. പേസർമാരായ നിതീഷ് റെഡിയും ബ്രാറും തല്ലുവാങ്ങി. ജഡേജയും പാർടൈം സ്പിന്നർ നമൻ ധീറും കാര്യമായ ഇംപാക്ട് ഉണ്ടാക്കിയില്ലതാനും. പക്ഷെ ഇതിന്റെയെല്ലാം ക്ഷീണം ഇന്ത്യ ബാറ്റിംഗിൽ തീർത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ (32) നല്ല തുടക്കമാണ് നൽകിയത്. കുറേ നാളുകൾക്ക് ശേഷം ഒരു റോ-കോ ബാറ്റിംഗ് കാണാൻ പക്ഷെ കാണികൾക്ക് ഭാഗ്യമുണ്ടായില്ല. രോഹിത് പുറത്തായ ശേഷമാണ് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച ബാറ്റിംഗ് വിരുന്ന് അരങ്ങേറിയത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ശുബ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും ചേർന്ന് വിൻഡീസ് ബൗളർമാരെ അക്ഷരാർത്ഥത്തിൽ മൈതാനത്തിന്റെ നാനാഭാഗത്തേക്കും പായിച്ചു. ക്ലാസിക് ഇന്നിംഗ്സ് പുറത്തെടുത്ത ക്യാപ്റ്റൻ ശുബ്മാൻ ഗിൽ 108 പന്തിൽ നിന്ന് 13 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 110 റൺസ് നേടി പുറത്തായി. എന്നാൽ റൺചേസിലെ തന്റെ അമാനുഷിക ഫോം ഒരിക്കൽക്കൂടി പുറത്തെടുത്ത വിരാട് കോഹ്‌ലി കാര്യവട്ടത്ത് സിക്സർ മഴയാണ് പെയ്യിച്ചത്. വിൻഡീസ് പേസർ അൽസാരി ജോസഫിനെ തുടർച്ചയായി അതിർത്തി കടത്തിയ കോഹ്‌ലി വെറും 88 പന്തിൽ നിന്ന് 10 ഫോറുകളും 9 പടുകൂറ്റൻ സിക്സറുകളുമടക്കം 139 റൺസോടെ പുറത്താകാതെ നിന്നു.
ഇതോടെ ഏകദിനക്രിക്കറ്റിൽ കോഹ്ലി പതിനയ്യായിരം റൺസ് പിന്നിട്ടു. റൺവേട്ടയിൽ സച്ചിൻ മാത്രമാണ് കോഹ്ലിക്ക് മുന്നിൽ ഉള്ളത്. എന്നാൽ വെറും 303 ഇന്നിംഗ്സുകളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട കോഹ്‌ലി, സച്ചിന്റെ റെക്കോർഡിനേക്കാൾ (377 ഇന്നിംഗ്സ്) 74 ഇന്നിംഗ്സുകൾക്ക് മുന്നേ 15,000 റൺസ് ക്ലബ്ബിലെത്തി.
കളിയിലെ ആങ്കർ റോളായിരുന്നു ഗില്ലിന്. സ്പിന്നർമാർക്കെതിരെ കൃത്യമായ സിംഗിളുകളും ഡബിളുകളും എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത ഗിൽ റിസ്ക് കുറഞ്ഞ ക്രിക്കറ്റാണ് കളിച്ചത്. രോഹിത് ശർമ്മ 30-കളിൽ പുറത്തായതിനു ശേഷം, കോഹ്ലിയും ക്യാപ്റ്റൻ ഗില്ലും ചേർന്ന് ഒരു റിസ്കുമെടുക്കാതെയാണ് ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. രണ്ടുപേരും സെഞ്ചുറി പൂർത്തിയാക്കി എന്നത് ഈ സമീപനത്തിന്റെ ഫലമായിരുന്നു. മത്സരം കയ്യിലായി എന്ന് ഉറപ്പായപ്പോൾ മാത്രമാണ് കോഹ്ലി വേഗം കൂട്ടിയത്. സ്ഥിരമായ സ്ട്രൈക്ക് റൊട്ടേഷൻ കൊണ്ട് വിന്റീസിന്റെ മുഴുവൻ ബൗളിംഗ് പദ്ധതികളും ഇവർ തകർക്കുകയും ചെയ്തു.
വൈകുന്നേരത്തോടെ പെയ്തിറങ്ങിയ കനത്ത മഞ്ഞ് വിൻഡീസ് സ്പിന്നർമാർക്ക് പന്ത് കൃത്യമായി ഗ്രിപ്പ് ചെയ്യാൻ സാധിക്കാതെയാക്കിയത് ഇന്ത്യൻ ബാറ്റിംഗ് കൂടുതൽ അനായാസമാക്കി. അൽസാരി ജോസഫിന്റെ ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിക്കൊണ്ടാണ് കോഹ്‌ലി ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്. ബോളിംഗിൽ വിൻഡീസിന്റെ കുതിപ്പിന് ബ്രേക്കിട്ട കുൽദീപ് യാദവാണ് മത്സരത്തിലെ താരം.
ഈ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും ചില ചോദ്യങ്ങൾ ബാക്കിയാക്കുന്നു. മുഹമ്മദ് സിറാജിനെ മാറ്റിനിർത്തിയുള്ള പരീക്ഷണം അവസാന ഓവറുകളിൽ പാളിയതായി കാണാം. അരങ്ങേറ്റക്കാരൻ നമൻ ധീറിനും നിതീഷ് റെഡ്ഡിക്കും വിൻഡീസിന്റെ അഗ്രസ്സീവ് ഓപ്പണിംഗിനെതിരെ കൃത്യമായ ലൈനും ലെങ്തും കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. ഈ വിഷയങ്ങളിൽ കോച്ച് ഗംഭീറിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. പരമ്പരയിലെ രണ്ടാം ഏകദിന മത്സരം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിൽ നടക്കും.



