Cricket
മൈൽസ്റ്റോണുകൾ എന്റെ ലക്ഷ്യമല്ല, ടീമിനെ വിജയിപ്പിക്കുകയാണ് പ്രധാനം: വിരാട് കോഹ്ലി
15,000 റൺസ് നേട്ടത്തിലും ബാറ്റിംഗ് ശൈലിയിലും മനസ്സ് തുറന്ന് വിരാട് കോഹ്ലി

Image Courtesy: https://x.com/BCCI
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ തന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ചും കരിയറിലെ ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി. ലോക ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ബാറ്ററാണ് കോഹ്‌ലി. എന്നാൽ വെറും 303 ഇന്നിംഗ്സുകളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട കോഹ്‌ലി, സച്ചിന്റെ റെക്കോർഡിനേക്കാൾ (377 ഇന്നിംഗ്സ്) 74 ഇന്നിംഗ്സുകൾ കുറച്ചു കളിച്ചാണ് കോഹ്ലി 15,000 റൺസ് ക്ലബ്ബിലെത്തിയത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താൻ ഒരിക്കലും വ്യക്തിഗത റെക്കോർഡുകൾക്ക് പിന്നാലെ പോകാറില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി .
"സത്യം പറഞ്ഞാൽ ഇത്തരം നാഴികക്കല്ലുകൾ എന്റെ ലക്ഷ്യമേയല്ല. കളിക്കളത്തിലെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ടീം എന്നിൽ നിന്ന് എന്താണോ ആവശ്യപ്പെടുന്നത്, ആ ജോലി ഭംഗിയായി പൂർത്തിയാക്കുക എന്നത് മാത്രമാണ് ഞാൻ ചെയ്യാറുള്ളത്. അങ്ങനെ ചെയ്യുമ്പോൾ നേട്ടങ്ങൾ തനിയെ കരിയറിലേക്ക് വന്നുചേരും. ഇത്രയും നീണ്ട കാലം രാജ്യത്തിനായി കളിക്കാൻ കഴിഞ്ഞതിലും ഈ സ്ഥാനത്ത് എത്തിനിൽക്കാൻ കഴിഞ്ഞതിലും ഞാൻ ദൈവത്തോട് അങ്ങേയറ്റം കൃതജ്ഞതയുള്ളവനാണ്," കോഹ്‌ലി പറഞ്ഞു .
പുതിയ ബാറ്റിംഗ് ശൈലിയും ഫിറ്റ്‌നസുംതന്റെ നിലവിലെ ബാറ്റിംഗ് ഫോമിനെക്കുറിച്ചും കരിയറിന്റെ ഈ ഘട്ടത്തിൽ സ്വീകരിക്കുന്ന പുതിയ ശൈലിയെക്കുറിച്ചും താരം വിശദീകരിച്ചു. മൂന്ന് ഫോർമാറ്റുകളിലും സജീവമായിരുന്ന കാലത്ത് പോലും താൻ നെറ്റ്സിൽ കഠിനമായി ഒരുപാട് സമയം പരിശീലിക്കുന്ന വ്യക്തിയായിരുന്നില്ലെന്ന് കോഹ്‌ലി വെളിപ്പെടുത്തി. മാനസികമായി എപ്പോഴും ഫ്രഷ് ആയിരിക്കുക എന്നതിനാണ് താൻ മുൻഗണന നൽകുന്നത്. "കരിയറിന്റെ ഈ ഘട്ടത്തിൽ കളി ഒരു ഗിയർ കൂടി ഉയർത്തുക , കൂടുതൽ പോസിറ്റീവായി ബാറ്റ് ചെയ്യുക എന്നത് എനിക്ക് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. കളിയിലുടനീളം ഒരു കമാൻഡിംഗ് പൊസിഷൻ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പുതിയ ബാറ്റിംഗ് ശൈലി രൂപപ്പെടുത്തുക എന്നത് എന്നെ സംബന്ധിച്ച് വളരെ ആവേശകരമായ ഒന്നാണ്. ഇത് ഫ്രീ മൈൻഡോടെ കളിക്കാൻ എന്നെ സഹായിക്കുന്നുണ്ട്. എന്നാൽ പോസിറ്റീവായി കളിക്കുക എന്നതിനർത്ഥം അശ്രദ്ധമായി പന്തുകൾ അടിച്ചു കളയുക എന്നതല്ല. അതിനിടയിലുള്ള കൃത്യമായ ആ അതിർവരമ്പ് പക്വതയോടെ പാലിക്കാൻ ഒരു സീനിയർ കളിക്കാരൻ എന്ന നിലയിൽ എനിക്ക് സാധിക്കേണ്ടതുണ്ട്," കോഹ്‌ലി തന്റെ നിലപാട് വ്യക്തമാക്കി.
സ്വതന്ത്രമായ ഒരു കളിമനസ്സ് ഉണ്ടാകണമെങ്കിൽ അതിന് ഏറ്റവും പ്രധാനം മികച്ച ശാരീരികക്ഷമതയാണെന്ന് കോഹ്‌ലി കൂട്ടിച്ചേർത്തു. ഫിറ്റ് ആയ ഒരു ശരീരമുണ്ടെങ്കിൽ മാത്രമേ നമ്മൾ വിചാരിക്കുന്ന രീതിയിൽ കളിക്കളത്തിൽ തന്ത്രങ്ങൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഏകദിന ലോകകപ്പിന് ഇനിയും ഒരു വർഷം ബാക്കിയുണ്ടെന്നും, ഓരോ മത്സരത്തിലും തന്റെ ശാരീരികക്ഷമതയും തീവ്രതയും മികച്ച രീതിയിൽ നിലനിർത്തി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.കാര്യവട്ടത്ത് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് പിന്തുടർന്ന ഇന്ത്യക്കായി വിരാട് കോഹ്‌ലി വെറും 84 പന്തിൽ നിന്ന് 9 സിക്സറുകളുടേയും 10 ഫോറുകളുടേയും അകമ്പടിയോടെ 139 റൺസെടുത്ത് പുറത്താകാതെ നിന്നിരുന്നു.



