Home › Football › കോച്ചുമായുള്ള തർക്കം രൂക്ഷം; പോർച്ചുഗൽ ക്യാമ്പിൽ നിന്നും ഇറങ്ങിപ്പോയി റൊണാൾഡോ

കോച്ചുമായുള്ള തർക്കം രൂക്ഷം; പോർച്ചുഗൽ ക്യാമ്പിൽ നിന്നും ഇറങ്ങിപ്പോയി റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോളിൽ വൻ കൊടുങ്കാറ്റ് ഉയർത്തിക്കൊണ്ട് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചു മടങ്ങി. പുതിയ കോച്ച് ജോർജ് ജെസൂസുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് താരത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ

കോച്ചുമായുള്ള തർക്കം രൂക്ഷം; പോർച്ചുഗൽ ക്യാമ്പിൽ നിന്നും ഇറങ്ങിപ്പോയി റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ
Image Courtesy: https://www.facebook.com/Cristiano
കോപ്പൻഹേഗൻ: ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചു മടങ്ങി. യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരായ നിർണായക മത്സരത്തിന് തൊട്ടുമുൻപാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുതിയ ഹെഡ് കോച്ച് ഹോർഹെ ജിസസുമായി (Jorge Jesus) നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് താരത്തിന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

ഡെന്മാർക്കിനെതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകില്ലെന്ന് കോച്ച് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നിന്നും ഫെഡറേഷൻ വാഹനത്തിൽ അടിയന്തിരമായി മടങ്ങിയത്.

വിവാദങ്ങളുടെ തുടക്കം നോർവേ മത്സരത്തിൽ
കഴിഞ്ഞ ദിവസം നോർവേയ്‌ക്കെതിരെ നടന്ന മത്സരത്തിൽ പോർച്ചുഗൽ 2-1 ന് വിജയിച്ചിരുന്നെങ്കിലും 41-കാരനായ റൊണാൾഡോയ്ക്ക് ഒരു മിനിറ്റ് പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിന്റെ പകുതി സമയത്ത് താരം വാം-അപ്പ് ചെയ്തെങ്കിലും കോച്ച് മൈതാനത്തിറക്കിയില്ല. ഇതിൽ കടുത്ത അസംതൃപ്തനായ താരം മത്സരശേഷം സഹതാരങ്ങൾക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാൻ നിൽക്കാതെയാണ് ഗ്രൗണ്ട് വിട്ടത്. റൊണാൾഡോയ്ക്ക് പകരം ഇറങ്ങിയ ഗോൺസാലോ റാമോസ് മത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു. നോർവേ മത്സരത്തിന് മുൻപ് വെയിൽസിനെതിരായ പോരാട്ടത്തിലും റൊണാൾഡോ പൂർണ്ണസമയം ബെഞ്ചിലായിരുന്നു. ഇതിന് പിന്നാലെ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങാതിരുന്ന താരം ജിം സെഷനുകളിൽ മാത്രമാണ് പങ്കെടുത്തത്.
തുറന്നടിച്ച് കോച്ച് ഹോർഹെ ജിസസ്
മാധ്യമങ്ങൾ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് ആദ്യം പറഞ്ഞ കോച്ച് ജിസസ്, പിന്നീട് വാർത്താസമ്മേളനത്തിൽ കടുത്ത നിലപാടാണ് വ്യക്തമാക്കിയത്. "ഞാനാണ് ടീമിന്റെ പരിശീലകൻ, തീരുമാനങ്ങൾ എടുക്കുന്നത് ഞാനാണ്. കളിക്കാരുടെ ഭൂതകാല നേട്ടങ്ങളല്ല, നിലവിലെ പ്രകടനമാണ് എനിക്ക് പ്രധാനം. റൊണാൾഡോ നന്നായി കളിച്ചാൽ ടീമിലുണ്ടാകും, ഇല്ലെങ്കിൽ ഇവിടെ സ്ഥാനമുണ്ടാകില്ല. ഡെന്മാർക്കിനെതിരെയും ഗോൺസാലോ റാമോസ് തന്നെയാകും കളിക്കുക. എനിക്ക് ആവശ്യമെങ്കിൽ റൊണാൾഡോയെ പകരക്കാരനായി ഇറക്കും, ഇല്ലെങ്കിൽ പുറത്തിരുത്തും. ഒരു കളിക്കാരനും എനിക്ക് മുകളിൽ തീരുമാനം എടുക്കില്ല." ഹോർഹെ ജിസസ് പറഞ്ഞു. നോർവേയ്‌ക്കെതിരായ മത്സരത്തിൽ താരത്തെ വാം-അപ്പ് ചെയ്യിപ്പിച്ച ശേഷം ഇറക്കാതിരുന്നത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് സമ്മതിച്ച കോച്ച്, പക്ഷേ അതിൽ മാപ്പ് പറയാൻ തയ്യാറായില്ല.

ഇൻസ്റ്റാഗ്രാമിലൂടെ ബോംബ് പൊട്ടിച്ച് റൊണാൾഡോ
കോച്ചിന്റെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് താൻ ക്യാമ്പ് വിടുകയാണെന്ന് റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. പ്രശ്നം പരിഹരിക്കാൻ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (FPF) പ്രസിഡന്റ് പെഡ്രോ പ്രോൻസ ഡെന്മാർക്കിലെത്തി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. "ദേശീയ ടീം പരിശീലകന്റെ വാർത്താസമ്മേളനത്തിന് ശേഷം, ഫെഡറേഷൻ പ്രസിഡന്റുമായി സംസാരിച്ചാണ് ഞാൻ ക്യാമ്പ് വിടാൻ തീരുമാനിച്ചത്. ഞാൻ എപ്പോഴും ജീവനതുല്യം സ്നേഹിച്ച ഈ രാജ്യത്തോട് ഞാൻ എന്തിനാണ് ക്യാമ്പ് വിട്ടതെന്നതിന്റെ യഥാർത്ഥ സത്യം ശരിയായ സമയത്ത് ഞാൻ വെളിപ്പെടുത്തും. ഇപ്പോൾ എന്റെ സഹതാരങ്ങൾക്ക് യാതൊരു വിവേചനവുമില്ലാതെ എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു." ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഔദ്യോഗിക സ്ഥിരീകരണവുമായി ഫെഡറേഷൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാമ്പ് വിട്ട കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. എന്നാൽ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഫെഡറേഷൻ തയ്യാറായില്ല. ഡെന്മാർക്ക്, നോർവേ മത്സരങ്ങൾക്കായി സ്ക്വാഡിലുള്ള ബാക്കി 24 കളിക്കാരുമായി ടീമിന്റെ മുന്നൊരുക്കങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്നും, ടീമിന്റെ മുഴുവൻ ശ്രദ്ധയും വരാനിരിക്കുന്ന മത്സരങ്ങളിലാണെന്നും ഫെഡറേഷൻ അറിയിച്ചു. പോർച്ചുഗലിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടി ലോക റെക്കോർഡ് കുറിച്ച റൊണാൾഡോ, 2026 തന്റെ കരിയറിലെ അവസാന വർഷമായിരിക്കുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. ഈ നാടകീയമായ പടിയിറക്കത്തോടെ ഇതിഹാസ താരത്തിന്റെ അന്താരാഷ്ട്ര കരിയറിന് അന്ത്യമാകുമോ എന്ന ആശങ്കയിലാണ് കായികലോകം.

Read Next

K SPORTSSPORTS. STORIES. BEYOND.