Cricket
ലങ്കയെ എറിഞ്ഞുടച്ച് ഇന്ത്യ ഫൈനലിൽ; സ്വർണ്ണപ്പോരാട്ടത്തിൽ എതിരാളികൾ പാകിസ്ഥാൻ
ശ്രീലങ്കയെ 124 റൺസിന് തകർത്തുവിട്ട് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ വെറും 9.5 ഓവറിൽ 45 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു.

Image Courtesy: https://www.facebook.com/IndianCricketTeam
നിഷിൻ (ജപ്പാൻ): ബാറ്റിംഗ് ദുഷ്കരമായ കൊറോഗി സ്‌പോര്‍ട്‌സ് പാർക്ക് സ്റ്റേഡിയത്തിൽ ശ്രീലങ്കയെ അടിമുടി തകർത്തുവിട്ട് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസ് ഫൈനലിലേക്ക് യോഗ്യത നേടി. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷന്റെ തകർപ്പൻ അർദ്ധസെഞ്ച്വറിയും (80*) ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, അഭിഷേക് ശർമ്മ എന്നിവരുടെ മാരക ബൗളിംഗുമാണ് ഇന്ത്യക്ക് 124 റൺസിന്റെ കൂറ്റൻ വിജയം സമ്മാനിച്ചത്. 45 റൺസിന് പുറത്തായ ശ്രീലങ്ക, അന്താരാഷ്ട്ര ടി20 ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറെന്ന നാണക്കേടും ഇതോടെ സ്വന്തമാക്കി.
ഇഷൻ കിഷന്റെ രക്ഷാപ്രവർത്തനം
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ശ്രീലങ്കൻ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കം. ഓപ്പണർ അഭിഷേക് ശർമ്മ (7), സഞ്ജു സാംസൺ (7) എന്നിവർ ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ മടങ്ങിയതോടെ ഇന്ത്യ 24/2 എന്ന നിലയിൽ തകർന്നു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന 15-കാരൻ യുവതാരം വൈഭവ് സൂര്യവംശിയും (21 പന്തിൽ 38) അഞ്ചാം നമ്പറിലിറങ്ങിയ ഇഷൻ കിഷനും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), ശിവം ദുബെ (3) എന്നിവർ പരാജയപ്പെട്ടെങ്കിലും ഇഷൻ കിഷൻ ലങ്കൻ സ്പിന്നർമാരെ കടന്നാക്രമിച്ചു. വെറും 46 പന്തിൽ 4 ഫോറും 5 സിക്സറുമടക്കം 80 റൺസോടെ പുറത്താകാതെ നിന്ന കിഷനാണ് ഇന്ത്യയെ 169 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. ശ്രീലങ്കയ്ക്കായി തരിന്ദു രത്നായകെ, സഹൻ ആരാച്ചിഗെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
പിച്ചിച്ചീന്തി ഇന്ത്യൻ ബൗളിംഗ് പട
170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കൻ ഇന്നിംഗ്സ് തകർന്നടിയാൻ അധികസമയം വേണ്ടി വന്നില്ല. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ സിനേത് ജയവർദ്ധനയെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി ജസ്പ്രീത് ബുംറ ലങ്കൻ തകർച്ചയ്ക്ക് തുടക്കമിട്ടു. പവർപ്ലേയിൽ പന്തുകൊണ്ട് സിപ് ലോക്കിട്ട അക്സർ പട്ടേലും ബുംറയും ലങ്കൻ ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നൽകിയില്ല.
നുവാനിഡു ഫെർണാണ്ടോ (15) മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്ന ഏക താരം. മൂന്ന് റണ്ണൗട്ടുകൾ കൂടി കളിയിലുണ്ടായതോടെ ലങ്ക പൂർണ്ണമായും കീഴടങ്ങി. അവസാന ഓവറിലെ തുടർച്ചയായ പന്തുകളിൽ വിക്കറ്റ് വീഴ്ത്തി അഭിഷേക് ശർമ്മയാണ് ശ്രീലങ്കൻ ഇന്നിംഗ്സ് 9.5 ഓവറിൽ 45 റൺസിൽ അവസാനിപ്പിച്ചത്. ഇന്ത്യക്കായി അഭിഷേക് ശർമ്മ (2/2), ജസ്പ്രീത് ബുംറ (2/7), അക്സർ പട്ടേൽ (2/8) എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
ഇതോടെ വെള്ളിയാഴ്ച്ച നടക്കുന്ന ചരിത്ര ഫൈനലിൽ സ്വർണ്ണ മെഡലിനായി ഇന്ത്യ പരമ്പരാഗത വൈരികളായ പാകിസ്താനെ നേരിടും



