News
ഫോർമുല വൺ : മലേഷ്യയിൽ നടന്ന ബഹറീൻ ഗ്രാന്റ്പ്രീയിൽ വെർസ്റ്റാപ്പൻ ജയം
സുരക്ഷ പ്രശ്നങ്ങൾ കാരണം മലേഷ്യയിലേക്ക് മാറ്റിയ മത്സരത്തിൽ മെഴ്സിഡീസിന്റെ കിമി അന്റൊനെല്ലി രണ്ടാമതെത്തി. പതിനെട്ടാം സ്ഥാനത്തേക്ക് വീണ ശേഷം അവിശ്വസനീയമായി തിരിച്ചു കയറിയ ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ മൂന്നാമതും.

Image Courtesy: https://www.facebook.com/MaxVerstappen
മലേഷ്യ: ഫോർമുല വണ്ണിന്റെ ഈ സീസണിൽ ഇതുവരെ കണ്ട ഏറ്റവും നാടകീയമായ ദിവസം. കനത്ത മഴ, രണ്ടുവട്ടം നീട്ടിവച്ച തുടക്കം, പരാജയപ്പെട്ട ടയർ തന്ത്രങ്ങൾ, രണ്ട് സേഫ്റ്റി കാറുകൾ — എല്ലാ കുഴപ്പങ്ങൾക്കുമൊടുവിൽ മലേഷ്യയിലെ സെപാങ്ങിൽ നടന്ന ബഹ്റൈൻ ഗ്രാൻപ്രിയിൽ മാക്സ് വെർസ്റ്റാപ്പൻ ജയിച്ചുകയറി. 2026 സീസണിൽ ഡച്ച് താരത്തിന്റെ ആദ്യ ജയമാണിത്.
സുരക്ഷ പ്രശ്നങ്ങൾ കാരണം മലേഷ്യയിലേക്ക് മാറ്റിയ മത്സരത്തിൽ മെഴ്സിഡീസിന്റെ കിമി അന്റൊനെല്ലി രണ്ടാമതെത്തി. പതിനെട്ടാം സ്ഥാനത്തേക്ക് വീണ ശേഷം അവിശ്വസനീയമായി തിരിച്ചു കയറിയ ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ മൂന്നാമതും.
ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫോർമുല വൺ സെപാങ്ങിൽ തിരിച്ചെത്തിയത്. സീസണിലെ പതിനാറാം റൗണ്ടിൽ ആദ്യമായി മഴയിൽ റേസ് നടന്നു. നിശ്ചയിച്ച സമയത്തിനും ഏകദേശം മൂന്നര മണിക്കൂർ വൈകിയാണ് ചെക്കേർഡ് ഫ്ലാഗ് വീണത്. റേസ് കണ്ട പ്രമുഖ കമന്റേറ്ററും മുൻ ഡ്രൈവറുമായ മാർട്ടിൻ ബ്രണ്ടിൽ സ്കൈ സ്പോർട്സിനോട് പ്രതികരിച്ചത്, താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭ്രാന്തമായ എഫ്1 റേസുകളിലൊന്നാണ് ഇതെന്നാണ്.
പോൾ പൊസിഷനിൽ നിന്ന് തുടങ്ങിയ വെർസ്റ്റാപ്പന് തുടക്കത്തിൽ ലീഡ് നഷ്ടമായി. എന്നാൽ റെഡ്ബുൾ താരം വൈകാതെ മുന്നിലെത്തി. രണ്ടാമതുള്ള അന്റൊനെല്ലിയെക്കാൾ പത്തു സെക്കൻഡിലേറെ ലീഡുമായി കുതിക്കുമ്പോഴാണ് രണ്ടാം സേഫ്റ്റി കാർ വന്നത്.
വില്യംസിന്റെ അലക്സ് ആൽബൺ ട്രാക്കിനു പുറത്ത് നിർത്തിയ കാർ നീക്കാൻ സമയമെടുത്തതോടെ, അഞ്ചു ലാപ്പ് ബാക്കിനിൽക്കെ ലീഡ് ഇല്ലാതായി. പക്ഷേ അവസാന ലാപ്പിന്റെ പുനരാരംഭത്തിൽ വെർസ്റ്റാപ്പന് പിഴച്ചില്ല.
കഴിഞ്ഞ സീസണിന്റെ അവസാന റേസായ അബുദാബി ഗ്രാൻപ്രിക്കു ശേഷം വെർസ്റ്റാപ്പന്റെ ആദ്യ ജയം. കരിയറിലെ എഴുപത്തിരണ്ടാമത്തേതും. റെഡ്ബുള്ളിന്റെ നീണ്ട കാത്തിരിപ്പിനും ഇതോടെ അറുതിയായി.
കിരീടപ്പോരാട്ടത്തിൽ നിർണായകമായത് ജോർജ് റസലിന്റെ പിൻമാറ്റമാണ്. സഹതാരം അന്റൊനെല്ലിക്ക് പിന്നിൽ മൂന്നാമതായി ഓടുകയായിരുന്ന റസൽ, അഞ്ചു ലാപ്പ് ശേഷിക്കെ രണ്ടാം സേഫ്റ്റി കാർ ഘട്ടത്തിൽ കാർ നിർത്തി. പവർ യൂണിറ്റ് തകരാറാണെന്നാണ് പ്രാഥമിക സൂചന.
ഒരാഴ്ച മുൻപ് ബാകുവിൽ ആധികാരിക ജയം നേടി കിരീടപ്രതീക്ഷ വീണ്ടെടുത്ത റസലിന് ഇത് കനത്ത പ്രഹരമായി. ഏഴു റൗണ്ടുകൾ ബാക്കിനിൽക്കെ അന്റൊനെല്ലിയുടെ ലീഡ് 84 പോയിന്റായി ഉയർന്നു .സീസണിലെ ഏറ്റവും വലിയ വ്യത്യാസം.
വെർസ്റ്റാപ്പനൊപ്പം മുൻനിരയിൽ തുടങ്ങിയ ഹാമിൽട്ടൺ ജയത്തിനായി പോരാടേണ്ടതായിരുന്നു. എന്നാൽ ട്രാക്ക് ഏറെ നനഞ്ഞിരിക്കെ തുടക്കത്തിൽ സ്ലിക്ക് ടയറുകൾ ഘടിപ്പിക്കാനുള്ള ഫെറാറിയുടെ തീരുമാനം പിഴച്ചു. ആദ്യ ലാപ്പുകളിൽ തന്നെ ലീഡറിൽ നിന്ന് ഒരു മിനിറ്റിലേറെ പിന്നിലായി; പതിനെട്ടാം സ്ഥാനത്തേക്ക് വീണു. ഇന്റർമീഡിയറ്റ് ടയറിനായി പിറ്റിൽ കയറാതെ, ട്രാക്ക് ഉണങ്ങും വരെ കാത്തിരിക്കാമെന്ന് ഹാമിൽട്ടൺ ടീമിനോട് ആവശ്യപ്പെട്ടു. ആ തീരുമാനവും കൃത്യസമയത്ത് വന്ന ആദ്യ സേഫ്റ്റി കാറും നിർണായകമായി. പിന്നീട് തുടർച്ചയായി അതിവേഗ ലാപ്പുകളുമായി ഏഴുതവണ ലോകചാമ്പ്യനായ താരം മുന്നോട്ടു കയറി. അവസാനം റെഡ്ബുള്ളിന്റെ ഐസക് ഹജാറിനെ മറികടന്ന് ഹാമിൽട്ടൺ പോഡിയം ഉറപ്പിച്ചു. അഞ്ചു റേസുകളായി തുടർന്ന ഫെറാറിയുടെ പോഡിയം വരൾച്ചയ്ക്കും അതോടെ വിരാമമായി. സഹതാരം ചാൾസ് ലെക്ലെർക്കും ഹജാറിനെ മറികടന്ന് നാലാമതെത്തി.




