Football
നോർത്ത് മെസിഡോണിയക്കെതിരെ സ്കോട്ട്ലൻഡിന് ജയം
എവേ മത്സരത്തിൽ മികച്ച കളി പുറത്തെടുത്ത സ്കോട്ട്ലൻഡ് നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്

Image Courtesy: https://www.facebook.com/scotlandnationalteam
കളിയുടെ തുടക്കം മുതൽ ആതിഥേയരെ ഗോൾമുഖത്ത് പൂട്ടുന്ന കാഴ്ചയാണ് കണ്ടത്. വെറും ഏഴാം മിനിറ്റിൽ തന്നെ സ്കോട്ട്ലൻഡ് ലീഡെടുത്തു. ബില്ലി ഗിൽമൂറിന്റെ പാസിൽ നിന്ന് ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച കിയേറൻ ബോവി, മികച്ചൊരു ഷോട്ടിലൂടെ നോർത്ത് മാസിഡോണിയൻ ഗോൾകീപ്പർ സ്റ്റോൾ ദിമിത്രിവ്സ്കിയെ കീഴടക്കുകയായിരുന്നു. ഇത് ബോവിയുടെ ആദ്യ അന്താരാഷ്ട്ര ഗോളും കൂടിയാണ്.
തന്റെ 100ആം അന്താരാഷ്ട്ര മത്സരം കളിച്ച നായകൻ ആൻഡി റോബർട്ട്സൺ കളംനിറഞ്ഞു കളിച്ചപ്പോൾ, ബെൻ ഗാനോൻ-ഡോക്കിന്റെയും ബോവിയുടെയും മുന്നേറ്റങ്ങൾ മാസിഡോണിയൻ പ്രതിരോധത്തിന് കടുത്ത ഭീഷണി ഉയർത്തി. മത്സരത്തിനിടയിൽ ഒരു നായ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത് കാണികൾക്ക് കൗതുകകരമായ കാഴ്ചയായി.
ആവേശം നിറഞ്ഞ രണ്ടാം പകുതിയും പെനാൽറ്റിയും
രണ്ടാം പകുതിയിലും സ്കോട്ട്ലൻഡ് ആക്രമണം തുടർന്നു. ഗാനോൻ-ഡോക്കിന് ഗോൾ നേടാൻ സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടർന്ന് ബോക്സിൽ വീണതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി വാർ (VAR) പരിശോധനയിലൂടെ നഷ്ടമായെങ്കിലും, വൈകാതെ സ്കോട്ട്ലൻഡിന് വീണ്ടും അനുകൂലമായി പെനാൽറ്റി ലഭിച്ചു. ബോജൻ മിോവ്സ്കിയുടെ ഹാൻഡ്ബോളിൽ ലഭിച്ച പെനാൽറ്റി കിക്കെടുത്ത ജോൺ മക്ഗിൻ, ഗോൾകീപ്പറെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു.
കഴിഞ്ഞ മത്സരത്തിലെന്നപോലെ ഇത്തവണയും സ്കോട്ട്ലൻഡ് 10 പേരുമായാണ് കളി പൂർത്തിയാക്കിയത്. മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിൽ ജോർജ് ജെജെകോവിനെതിരെ നടത്തിയ പരുഷമായ ടാക്കിളിനെത്തുടർന്ന് ഡിഫെൻഡർ സ്കോട്ട് മക്കെൻനയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. അവസാന നിമിഷങ്ങളിൽ മാസിഡോണിയയുടെ കനത്ത സമ്മർദ്ദത്തെ ചെറുത്തുനിന്നാണ് പൊകോഗ്‌ലിയുടെ കീഴിൽ സ്കോട്ട്ലൻഡ് വിലപ്പെട്ട വിജയം സ്വന്തമാക്കിയത്.



