Home › Kerala › സമനിലയ്ക്ക് ഷൂട്ടൗട്ടിൽ വിധി, പെനാൽറ്റികളുടെ പെരുമഴ; സൂപ്പർ ലീഗ് കേരള രണ്ടു റൗണ്ട് പിന്നിടുമ്പോൾ

സമനിലയ്ക്ക് ഷൂട്ടൗട്ടിൽ വിധി, പെനാൽറ്റികളുടെ പെരുമഴ; സൂപ്പർ ലീഗ് കേരള രണ്ടു റൗണ്ട് പിന്നിടുമ്പോൾ

സമനിലയിൽ തീരുന്ന കളികൾക്ക് ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തുന്ന പുതിയ പോയിന്റ് നിയമം ആദ്യ ആഴ്ചകളിൽ തന്നെ സൂപ്പർ ലീഗ് കേരളയുടെ മുഖം മാറ്റി. രണ്ടാം റൗണ്ടിലെ മൂന്നു മത്സരങ്ങളും ഷൂട്ടൗട്ടിലാണ് തീർന്നത്. അഞ്ചു പോയിന്റ് വീതമുള്ള കാലിക്കറ്റും ഫോഴ്സ കൊച്ചിയുമാണ് മുന്നിൽ.

സമനിലയ്ക്ക് ഷൂട്ടൗട്ടിൽ വിധി, പെനാൽറ്റികളുടെ പെരുമഴ; സൂപ്പർ ലീഗ് കേരള രണ്ടു റൗണ്ട് പിന്നിടുമ്പോൾ
Image Courtesy: https://www.facebook.com/superleaguekeralaofficial

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ രണ്ടു റൗണ്ട് പിന്നിടുമ്പോൾ ലീഗിലെ ഏറ്റവും വലിയ ചർച്ചാവിഷയം ജപ്പാനിലെ ജെ ലീഗ് മാതൃകയിൽ കൊണ്ടുവന്ന പുതിയ പോയിന്റ് സമ്പ്രദായമാണ്. 90 മിനിറ്റിൽ ജയിക്കുന്ന ടീമിന് മൂന്നു പോയിന്റ്. 90 മിനിറ്റ് കഴിയുമ്പോൾ സ്കോർ തുല്യമാണെങ്കിൽ മത്സരഫലം സമനില തന്നെയാണ്; എന്നാൽ പഴയതുപോലെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു പിരിയില്ല. എക്സ്ട്രാ ടൈം ഇല്ലാതെ നേരെ പെനാൽറ്റി ഷൂട്ടൗട്ട്. സമനിലയ്ക്കുള്ള ഒരു പോയിന്റ് ഇരുടീമിനും ലഭിക്കും; ഷൂട്ടൗട്ട് ജയിക്കുന്നവർക്ക് ഒരു പോയിന്റ് അധികം. അങ്ങനെ ഷൂട്ടൗട്ട് ജയിക്കുന്നവർക്ക് രണ്ടും തോൽക്കുന്നവർക്ക് ഒന്നും പോയിന്റ്. ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളും 90 മിനിറ്റിൽ തന്നെ ഫലം കണ്ടെങ്കിലും, രണ്ടാം റൗണ്ടിലെ മൂന്നും സമനിലയിൽ തീർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിന് ഈ സീസൺ മുതൽ സൂപ്പർ ലീഗ് കേരള ഷീൽഡ് ലഭിക്കും. ആദ്യ നാലു സ്ഥാനക്കാർ സെമിഫൈനലിലെത്തും; ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും നേരിടും. ഇത്തവണ സെമിഫൈനലുകൾ ഇരുടീമുകളുടെയും തട്ടകത്തിൽ രണ്ടു പാദങ്ങളിലായാണ്. നോക്കൗട്ട് മത്സരങ്ങളിൽ പതിവുപോലെ എക്സ്ട്രാ ടൈമും പിന്നെ പെനാൽറ്റിയും.

സെപ്റ്റംബർ 25-ന് കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ സീസൺ ഫൈനലിന്റെ ആവർത്തനത്തോടെയായിരുന്നു തുടക്കം. 11,255 കാണികൾക്കു മുന്നിൽ 17-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ആസിയർ ഗോമസ് നേടിയ ഗോളിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കിനെ 1-0ന് തോൽപ്പിച്ചു. പിറ്റേന്ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സി തിരുവനന്തപുരം കൊമ്പൻസിനെ 2-0ന് കീഴടക്കി. 22-ാം മിനിറ്റിൽ പരിചയസമ്പന്നനായ പ്രശാന്ത് കെ. ആദ്യ ഗോൾ നേടി; ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എം. ഉറൂട്ടി പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചി–മലപ്പുറം എഫ്സി മത്സരം ഗോൾരഹിത സമനിലയിലേക്ക് നീങ്ങുമ്പോൾ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ രാഹുൽ രാജു കൊച്ചിയുടെ വിജയഗോൾ നേടി.

രണ്ടാം റൗണ്ടിൽ ഒക്ടോബർ ഒന്നിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ലീഗ് ചരിത്രത്തിലെ ആദ്യ ഷൂട്ടൗട്ട് പിറന്നു. ആദ്യ പകുതിയിൽ കൊളംബിയൻ മധ്യനിരതാരം ബ്ലാഡിമിർ അംഗുലോ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പത്തുപേരുമായി തൃശൂർ മികച്ച കളി പുറത്തെടുത്തു. എന്നാൽ ഗോൾരഹിതമായി തീർന്ന മത്സരത്തിനു ശേഷം ഷൂട്ടൗട്ടിൽ ഫോഴ്സ കൊച്ചി 4-1ന് ജയിച്ച് രണ്ടു പോയിന്റ് സ്വന്തമാക്കി. പിറ്റേന്ന് കോഴിക്കോട് നടന്ന മലബാർ ഡെർബിയിൽ കാലിക്കറ്റും മലപ്പുറവും 1-1ന് പിരിഞ്ഞു; ഷൂട്ടൗട്ടിൽ 4-3ന് ജയിച്ച കാലിക്കറ്റ് തോൽവിയറിയാതെ കുതിപ്പ് തുടർന്നു.

ഒക്ടോബർ നാലിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 42-ാം മിനിറ്റിൽ നീളൻ പാസ് നെഞ്ചിൽ സ്വീകരിച്ച് നിഷാം നേടിയ ഗോളിൽ കൊമ്പൻസ് കണ്ണൂരിനെതിരെ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഫ്രെഡറിക് അൻസാ ബോച്ച്‌വേയുടെ മികച്ച ഫിനിഷിൽ കണ്ണൂർ ഒപ്പമെത്തി. എന്നാൽ ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ മൂന്നു കിക്കുകളും പാഴായതോടെ കൊമ്പൻസ് 3-0ന് ജയിച്ച് സീസണിലെ ആദ്യ പോയിന്റുകൾ നേടി.

രണ്ടു റൗണ്ട് പൂർത്തിയാകുമ്പോൾ ഒരു ജയവും ഒരു ഷൂട്ടൗട്ട് ജയവുമായി കാലിക്കറ്റും ഫോഴ്സ കൊച്ചിയും അഞ്ചു പോയിന്റ് വീതം നേടി മുന്നിലാണ്; മികച്ച ഗോൾ വ്യത്യാസത്തിൽ കാലിക്കറ്റ് ഒന്നാമത്. നാലു പോയിന്റുമായി കണ്ണൂർ മൂന്നാമതും രണ്ടു പോയിന്റുമായി കൊമ്പൻസ് നാലാമതുമാണ്. തൃശൂരിനും മലപ്പുറത്തിനും ഓരോ പോയിന്റ് മാത്രം. വെള്ളിയാഴ്ച കണ്ണൂരിൽ കണ്ണൂർ വാരിയേഴ്സ്–ഫോഴ്സ കൊച്ചി മത്സരത്തോടെ മൂന്നാം റൗണ്ട് തുടങ്ങും. ശനിയാഴ്ച തൃശൂരിൽ തൃശൂർ മാജിക് കാലിക്കറ്റിനെയും ഞായറാഴ്ച തിരുവനന്തപുരത്ത് കൊമ്പൻസ് മലപ്പുറത്തെയും നേരിടും. എല്ലാ മത്സരങ്ങളും രാത്രി 7.30-ന്; സീ5-ലും യുണൈറ്റ്8 സ്പോർട്സിലും തത്സമയം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕