ഗോളടിച്ചു നേടിയ സ്വർണപ്പന്ത്; ബാലൺ ഡി ഓർ ഹാരി കെയ്നിനും അലക്സിയ പുട്ടല്ലസിനും
ബയേണിനും ഇംഗ്ലണ്ടിനുമായി ഒറ്റ സീസണിൽ 73 ഗോൾ. 2001ൽ മൈക്കൽ ഓവനു ശേഷം ബാലൺ ഡി ഓർ നേടുന്ന ആദ്യ ഇംഗ്ലീഷ് താരം.

ലണ്ടൻ: ഗോളുകൾ കൊണ്ട് എഴുതിയ സീസണിനൊടുവിൽ ഹാരി കെയ്നിന് ബാലൺ ഡി ഓർ. ലണ്ടനിലെ പല്ലാഡിയം തിയേറ്ററിൽ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിൽ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് നായകൻ ലോക ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതി ഏറ്റുവാങ്ങി. ബാഴ്സലോണയുടെ ലാമിൻ യമാൽ, റയലിന്റെ കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള വമ്പന്മാരെ പിന്തള്ളിയാണ് കെയ്നിന്റെ നേട്ടം. 2001ൽ മൈക്കൽ ഓവനു ശേഷം പുരസ്കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് 33കാരനായ കെയ്ൻ. ഇതോടെ 25 വർഷത്തെ ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് അവസാനമായി. ചരിത്രത്തിൽ ആദ്യമായി ലണ്ടനിൽ നടന്ന ചടങ്ങിൽ തന്നെ ഒരു ഇംഗ്ലീഷുകാരന് സ്വർണപ്പന്ത് എന്ന കാവ്യനീതിയും. വനിതാ വിഭാഗത്തിൽ ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരം അലക്സിയ പുട്ടല്ലസിനാണ് ബാലൺ ഡി ഓർ. ചടങ്ങിന് മുമ്പേ ഫേവറിറ്റായി എത്തിയ പുട്ടല്ലസ് പ്രവചനങ്ങൾ ശരിവെച്ചു.
2025-26 സീസണിൽ ബയേണിനും ഇംഗ്ലണ്ടിനുമായി 65 മത്സരങ്ങളിൽ 73 ഗോളും എട്ട് അസിസ്റ്റുമാണ് കെയ്നിന്റെ സമ്പാദ്യം. ഈ നൂറ്റാണ്ടിൽ ഒരു സീസണിൽ ഇതിലേറെ ഗോൾ നേടിയത് ലയണൽ മെസ്സി മാത്രം; 2011-12ൽ ബാഴ്സലോണയ്ക്കും അർജന്റീനയ്ക്കുമായി 82 ഗോൾ. ബയേണിനായി 51 കളിയിൽ 61 ഗോളാണ് കെയ്ൻ നേടിയത്. ബുണ്ടസ് ലീഗയിൽ 36 ഗോളോടെ തുടർച്ചയായ മൂന്നാം തവണയും ടോപ് സ്കോററായി. രണ്ടാം തവണ യൂറോപ്യൻ ഗോൾഡൻ ഷൂവും സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ 14 ഗോളുമായി എംബാപ്പെക്ക് തൊട്ടുപിന്നിൽ രണ്ടാമതുമെത്തി.
കരിയറിൽ കിരീടമില്ലാത്ത താരമെന്ന പേര് ഏറെക്കാലം കേട്ട കെയ്ൻ ഈ സീസണിൽ ബയേണിനൊപ്പം ബുണ്ടസ് ലീഗ, ജർമൻ കപ്പ്, സൂപ്പർ കപ്പ് എന്നിവ നേടി. ആറു വർഷത്തിനു ശേഷമാണ് ബയേൺ ജർമൻ കപ്പ് നേടുന്നത്; കെയ്നിന്റെ കരിയറിലെ ആദ്യ ആഭ്യന്തര കപ്പും. ടൂർണമെന്റിൽ 10 ഗോളുമായി ടോപ് സ്കോററുമായി. ലോകകപ്പിൽ ആറു ഗോളുമായി ഗോൾവേട്ടക്കാരിൽ അഞ്ചാമനായ കെയ്ൻ, ലൂസേഴ്സ് ഫൈനൽ ജയത്തോടെ ഇംഗ്ലണ്ടിന് വെങ്കലം സമ്മാനിച്ചു. 1966നു ശേഷം ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. യോഗ്യതാ റൗണ്ടിൽ അഞ്ചു ഗോളും കെയ്ൻ നേടിയിരുന്നു.
"ഞാൻ ഏറെക്കുറെ നിശ്ശബ്ദനായിപ്പോയി. ലണ്ടനിൽ വെച്ചായതിനാൽ ഇത് കൂടുതൽ സവിശേഷമാണ്. എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഈ വർഷം തീരുമാനം എളുപ്പമായിരുന്നില്ലെന്ന് ഊഹിക്കാം," പുരസ്കാരം ഏറ്റുവാങ്ങി കെയ്ൻ പറഞ്ഞു. എല്ലാ ജേതാക്കളെയും നാമനിർദേശം ലഭിച്ചവരെയും അഭിനന്ദിച്ച കെയ്ൻ, ബയേണിലെ സഹതാരങ്ങൾക്കും ചികിത്സയിൽ കഴിയുന്ന പരിശീലകൻ വിൻസെന്റ് കോംപനിക്കും നന്ദി പറഞ്ഞു. "നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. വിന്നി, താങ്കൾ വീട്ടിലോ ഇപ്പോഴും ആശുപത്രിയിലോ ആണെന്നറിയാം. എല്ലാ നന്മകളും നേരുന്നു. ഈ നേട്ടം താങ്കൾക്ക് അൽപം ഊർജം നൽകുമെന്ന് കരുതുന്നു," കെയ്ൻ പറഞ്ഞു. ബയേണിലെത്തിയ ശേഷം കളിക്കാരനായും വ്യക്തിയായും നായകനായും താൻ മെച്ചപ്പെട്ടെന്നും ഈ ട്രോഫി ബയേണിലേക്ക് കൊണ്ടുവരാനായതിൽ സന്തോഷമുണ്ടെന്നും കെയ്ൻ കൂട്ടിച്ചേർത്തു.
2023ൽ ബയേണിലെത്തിയ കെയ്ൻ 158 മത്സരങ്ങളിൽ 156 ഗോളുമായി ക്ലബ്ബിന്റെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ ഏഴാം സ്ഥാനത്തെത്തി. "ജീവിതത്തിലെ ഏറ്റവും മികച്ച സീസൺ" എന്നാണ് കഴിഞ്ഞ മാസം കെയ്ൻ ഈ സീസണെ വിശേഷിപ്പിച്ചത്. സീസണിലെ മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ ട്രോഫിയും ചടങ്ങിൽ കെയ്നിനായിരുന്നു. പിഎസ്ജിയുടെ ഉസ്മാൻ ഡെംബലേയായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. ഏറെ കാലം കിരീടമില്ലാതെ നിന്ന കെയ്നിന് ഇത് സ്വപ്നസാക്ഷാത്കാരത്തിന്റെ രാവ്.




