ബാലൺ ഡി ഓർ വേദിയിൽ സ്പാനിഷ് ആധിപത്യം; കോപയിൽ യമാലിന് ഹാട്രിക്. മികച്ച ക്ലബ് പിഎസ്ജി
മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ മൂന്നാം തവണയും ലാമിൻ യമാലിന്. പുരസ്കാരം സഹതാരം പൗ കുബാർസിക്ക് അർഹതപ്പെട്ടതാണെന്ന് യമാൽ.

ലണ്ടൻ: ബാലൺ ഡി ഓർ വേദിയിൽ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ മൂന്നാം തവണയും ലാമിൻ യമാലിന്. 2024ലും 2025ലും പുരസ്കാരം നേടിയ ബാഴ്സലോണ താരം കോപ ട്രോഫി മൂന്നു തവണ നേടുന്ന ആദ്യ താരമായി. "ഈ പുരസ്കാരം അവനാണ് കിട്ടേണ്ടിയിരുന്നത്. അവൻ അത് അർഹിക്കുന്നു," ബാഴ്സയിലെ സഹതാരം പൗ കുബാർസിയെക്കുറിച്ച് യമാൽ പറഞ്ഞു. ഇതാണോ ശരിക്കും ആഗ്രഹിച്ച പുരസ്കാരമെന്ന അവതാരകൻ തിയറി ഓൻറിയുടെ ചോദ്യത്തിന്, എല്ലാം വേണമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.
സ്പെയിനിനെ ലോകചാമ്പ്യന്മാരാക്കിയ ലൂയിസ് ഡി ലാ ഫുവന്റെയാണ് പുരുഷന്മാരുടെ വിഭാഗത്തിലെ മികച്ച പരിശീലകൻ. വനിതാ വിഭാഗത്തിൽ ബാഴ്സലോണയുടെ പെരെ റൊമേവു പുരസ്കാരം നേടി. വനിതകളിലെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ രണ്ടാം തവണയും ബാഴ്സയുടെ വിക്കി ലോപസിനാണ്. ലോകകപ്പ് ജേതാക്കളായ സ്പെയിനിന്റെ ഗോളി ഉനായ് സിമോൺ പുരുഷന്മാരിലെ മികച്ച ഗോളിയായി. വനിതാ വിഭാഗത്തിൽ ബാഴ്സയുടെ സ്പാനിഷ് ഗോളി കാറ്റ കോളാണ് പുരസ്കാരം നേടിയത്. യുവതാരം, പരിശീലകൻ, ഗോളി വിഭാഗങ്ങളിലെ ആറു പുരസ്കാരങ്ങളും സ്പാനിഷ് താരങ്ങൾക്കോ പരിശീലകർക്കോ ആണ്. വനിതകളിലെ മികച്ച ക്ലബ്ബിനുള്ള പുരസ്കാരവും ബാഴ്സലോണ സ്വന്തമാക്കി. പുരുഷന്മാരിലെ മികച്ച ക്ലബ് തുടർച്ചയായ രണ്ടാം തവണയും യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയാണ്. ക്ലബിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ നിലവിലെ ബാലൺ ഡി ഓർ ജേതാവ് ഉസ്മാൻ ഡെംബലേ പ്രസിഡന്റിനും സ്പോർട്ടിങ് ഡയറക്ടറ്ക്കും ജീവനക്കാർക്കും പരിശീലകൻ ലൂയിസ് എൻറിക്വെയ്ക്കും നന്ദി പറഞ്ഞു. "ആരാധകർ എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. അവിശ്വസനീയമായ ഒരു ക്ലബ് ഞങ്ങൾ കെട്ടിപ്പടുത്തു. തോളോട് തോൾ ചേർന്നാണ് എന്നും ഞങ്ങളുടെ പോരാട്ടം," ഡെംബലേ പറഞ്ഞു. പുരസ്കാരവേദിയിൽ സ്പാനിഷ് ഫുട്ബോളിന്റെയും ബാഴ്സലോണയുടെയും ആധിപത്യമാണ് തെളിഞ്ഞുനിന്നത്.
സീസണിലെ ടോപ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി ബയേണിനും ഇംഗ്ലണ്ടിനുമായി 73 ഗോളടിച്ച ഹാരി കെയ്ൻ സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ മെക്സിക്കോയുടെ ചാർലിൻ കൊറാളിനാണ് ഈ പുരസ്കാരം. സാമൂഹിക സേവനത്തിനുള്ള സോക്രടീസ് പുരസ്കാരം ആഴ്സണലിന്റെ ഇംഗ്ലീഷ് താരം ബുക്കായോ സാക്കയ്ക്കാണ്. ചടങ്ങിനൊടുവിൽ പുരുഷ ബാലൺ ഡി ഓർ കെയ്നും വനിതാ ബാലൺ ഡി ഓർ അലക്സിയ പുട്ടല്ലസും സ്വന്തമാക്കി.




