The G.O.A.T
പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്: ഒരു ഇതിഹാസത്തിന്റെ വളർച്ചയും പതനവും
പച്ചപ്പുല്ലിൽ പന്തുമായി ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ജോർജ് ബെസ്റ്റ്. ഫുട്ബോളിലെ ആദ്യ റോക്ക്സ്റ്റാറായി അറിയപ്പെടുന്ന അദേഹം പന്തുമായി ഒരു കാലഘട്ടത്തെ നൃത്തം ചെയ്യിച്ചു. പക്ഷേ ലോകം കീഴടക്കിയ ആ മനുഷ്യന് സ്വന്തം ജീവിതത്തെ കീഴടക്കാനായില്ല. ജോർജ്ജ് ബെസ്റ്റ് എന്ന പ്രതിഭയുടെ വാഴ്ച്ചയും വീഴ്ച്ചയും.

Image Courtesy: AI generated image
2005 നവംബർ 20. ലണ്ടനിലെ ക്രോംവെൽ ആശുപത്രിയിലെ ഒരു മുറിയിൽ ജോർജ് ബെസ്റ്റ് കിടക്കുകയായിരുന്നു. ഒരിക്കൽ പച്ചപ്പുല്ലിലൂടെ പന്തുമായി പറന്നുനടന്നിരുന്ന ആ കാലുകൾ നിശ്ചലമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളെ വേഗവും ചലനവും കൊണ്ട് കീഴടക്കിയിരുന്ന ആ ശരീരം രോഗത്തിന്റെ പിടിയിലായിരുന്നു. ആ ദിവസം പുറത്തുവന്ന ഒരു ചിത്രം ലോകത്തെ ഞെട്ടിച്ചു. ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ബെസ്റ്റ്. ക്ഷീണിച്ച മുഖം. മരണത്തിന്റെ നിഴൽ. ചിത്രം പുറത്തുവിടാൻ ബെസ്റ്റ് തന്നെയാണ് സമ്മതിച്ചത്. അതിനൊപ്പം വന്ന സന്ദേശം:
“Don’t die like me.”
മദ്യപാനം തന്റെ ജീവിതത്തിൽ വരുത്തിയ ദുരന്തം മറ്റൊരാളുടെ ജീവിതത്തിലും ആവർത്തിക്കരുതെന്ന മുന്നറിയിപ്പുപോലെയായിരുന്നു അത്. പക്ഷേ ആ ചിത്രം പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ 2005 നവംബർ 25-ന് തന്റെ അമ്പത്തിയൊമ്പതാം വയസ്സിൽ ജോർജ് ബെസ്റ്റ് അന്തരിച്ചു.
ഒരു കാലത്ത് ലോകം മുഴുവൻ ആരാധിച്ച ഫുട്ബോൾ കലാകാരൻ. പിന്നീട് അതേ ലോകം അദ്ദേഹത്തിന്റെ പതനവും കണ്ടു. അതാണ് ജോർജ് ബെസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിരോധാഭാസം. 1946 മെയ് 22-ന് വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിലാണ് ജോർജ് ബെസ്റ്റ് ജനിച്ചത്. ഈസ്റ്റ് ബെൽഫാസ്റ്റിലെ ക്രെഗാഗ് പ്രദേശത്തായിരുന്നു ബാല്യം. പിതാവ് ഡികി ബെസ്റ്റ് കപ്പൽശാലയിലെ ജോലിക്കാരനായിരുന്നു. അമ്മ ആൻ മികച്ച ഹോക്കി താരവുമായിരുന്നു. സ്പോർഡ്സിന് ഏറെ പ്രാധാന്യമുണ്ടായിരുന്ന ഒരു സാധാരണ കുടുംബാന്തരീക്ഷത്തിലാണ് ജോർജ് വളർന്നത്.
ഏറെ വൈകാതെ ആ ബാലന്റെ ലോകം വളരെ പെട്ടെന്ന് ഫുട്ബോളായി മാറി. തെരുവുകളിൽ പന്തുമായി മണിക്കൂറുകൾ ചെലവഴിച്ച അവന് പന്ത് കാലിൽ കിട്ടിയാൽ അത് ശരീരത്തിന്റെ മറ്റൊരു ഭാഗം പോലെയായിരുന്നു. ചെറുപ്പത്തിലേ തന്നെ അവന്റെ അസാധാരണമായ പന്തടക്കം പലരുടേയും ശ്രദ്ധിക്കപ്പെട്ടു. ക്രെഗാഗ് ബോയ്സ് ക്ലബിൽ കളിച്ചുകൊണ്ടിരുന്ന ബെസ്റ്റിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നോർത്തേൺ അയർലാന്റ് സ്കോട്ട് ആയ ബോബ് ബിഷപ്പ് ശ്രദ്ധിച്ചു.
അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്നത്തെ മാനേജർ മാറ്റ് ബസ്ബിക്ക് ഒരു ടെലഗ്രാം അയച്ചു. “ബോസ്, ഞാൻ ഒരു പ്രതിഭയെ കണ്ടെത്തിയെന്ന് തോന്നുന്നു..” ഒരു സ്കോട്ടിന്റെ ആ കുറിപ്പ് പിന്നീട് അത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കണ്ടെത്തലുകളിലൊന്നായി മാറുന്നതാണ് പിന്നീട് ലോകം കണ്ടത്.
പതിനഞ്ചാം വയസ്സിൽ ജോർജ് ബെസ്റ്റ് യുണൈറ്റഡ് ട്രയലിനായി ഇംഗ്ലണ്ടിലെത്തി. പക്ഷേ വീട്ടിൽ നിന്ന് അകന്ന് നിൽക്കാൻ ആ ബാലന് കഴിഞ്ഞില്ല. ഹോം സിക്നസ് കാരണ ബെസ്റ്റ് ബെൽഫാസ്റ്റിലേക്ക് മടങ്ങി. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല. മാറ്റ് ബസ്ബി ബെസ്റ്റിന്റെ പിതാവുമായി ബന്ധപ്പെട്ടു. ഒടുവിൽ ബെസ്റ്റ് മാഞ്ചസ്റ്ററിലേക്ക് തിരിച്ചെത്തി.
1963 സെപ്റ്റംബർ 14-ന് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനെതിരെ യുണൈറ്റഡിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം. അന്ന് അദ്ദേഹത്തിന് വെറും 17 വയസ്സാണ് പ്രായം. ഏറെ താമസിയാതെ തന്നെ ഓൾഡ് ഡ്രഫോർഡിൽ ആ പുതിയ പേര് ഉച്ചത്തിൽ മുഴങ്ങിത്തുടങ്ങി.
1966 മാർച്ച് 9. യുറോപ്യൻ കപ്പ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം. ലിസ്ബണിലെ എസ്താദിയോ ദ ലൂസ് സ്റ്റേഡിയത്തിലെ കളിയിൽ എതിരാളികൾ ബെൻഫിക്ക. അന്നത്തെ യൂറോപ്യൻ ഫുട്ബോളിലെ വമ്പൻ ശക്തികളിലൊന്ന് അവർ. മാഞ്ചസ്റ്റർ യുണൈറ്റഡ് 5–1ന് ജയിച്ച ആ കളിയിൽ 19 വയസ്സുകാരനായ ജോർജ് ബെസ്റ്റ് രണ്ട് ഗോളുകൾ നേടി. ആ രാത്രിയിൽ യൂറോപ്പും ആദ്യമായി ആ ചെറുപ്പക്കാരന്റെ അസാധാരണ പ്രതിഭയെ അടുത്തറിഞ്ഞു.
നീണ്ട മുടിയും വേഗതയും പന്തിൻമേലുള്ള അസാധാരണമായ നിയന്ത്രണവും. പ്രതിരോധതാരങ്ങളെ ഒന്നിന് പിന്നാലെ ഒന്നായി മറികടക്കുന്ന ശൈലി. പോർച്ചുഗീസ് മാധ്യമങ്ങൾ അദ്ദേഹത്തിന് ഒരു പേര് നൽകി: “El Beatle.” ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോൾ സോബ്രേറോ (മെക്സിക്കൻ തൊപ്പി) ധരിച്ചുള്ള ബെസ്റ്റിന്റെ ചിത്രം പിന്നീട് അദ്ദേഹത്തിന്റെ സെലിബ്രിറ്റി ഇമേജിന്റെ ഭാഗമായി.
അത് ഒരു കാൽപന്തു കളിക്കാരന്റെ ജനനം മാത്രമായിരുന്നില്ല. ഒരു താരത്തിന്റെ ഉദയം കൂടിയായിരുന്നു. ജോർജ് ബെസ്റ്റിന്റെ കളിയെ കണക്കു കൊണ്ട് മാത്രം വിവരിക്കാൻ കഴിയില്ല. അവൻ മൈതാനത്ത് പന്തുമായി ഓടുകയായിരുന്നില്ല നൃത്തം ചെയ്യുകയായിരുന്നു. ഒരു പ്രതിരോധതാരത്തെ വേഗത്തിൽ മറികടക്കും. അടുത്തയാളെ ശരീരത്തിന്റെ ചെറിയൊരു ചലനത്തിലൂടെ തെറ്റിദ്ധരിപ്പിക്കും. മൂന്നാമനിലേക്ക് എത്തുമ്പോൾ ദിശ മാറ്റും. എന്താണ് അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്ന് എതിരാളികൾക്ക് മാത്രമല്ല, പലപ്പോഴും ഫുഡ്ബോൾ പണ്ഡിതർക്ക് പോലും പ്രവചിക്കാൻ കഴിയാത്തതായിരുന്നു ബെസ്റ്റിന്റെ കളിയുടെ സൗന്ദര്യം. ബോബി ചാൾട്ടൺ, ഡെന്നീസ് ലോ തുടങ്ങിയ മഹാന്മാർക്കൊപ്പം യുണൈറ്റഡിൽ വളർന്ന ബെസ്റ്റ് അധികം വൈകാതെ തന്നെ സ്വന്തം സിംഹാസനം നേടിയെടുത്തു.
മൈതാനത്തിന് പുറത്തും ബെസ്റ്റിന് വലിയ സ്വീകാര്യതയായിരുന്നു. അദേഹത്തിന്റെ സ്റ്റൈലും നീളൻ മുടിയും ഒരുപാട് ആരാധികമാരെ നേടിക്കൊടുത്തു. വെളുക്കുവോളമുള്ള പാർട്ടികളും മദ്യപാനവുമായിരുന്നു ബെസ്റ്റിന്റെ പ്രധാന ഹോബി. ഫുട്ബോൾ താരങ്ങൾ സെലിബ്രിറ്റികളായി മാറിത്തുടങ്ങിയ കാലത്ത് ആ മാറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിലൊന്നായി അദേഹം മാറി. അദ്ദേഹത്തെ “the fifth Beatle” എന്ന് വരെ വിളിച്ചു. ഫുട്ബോൾ താരമെന്ന പരിധി കടന്ന് ഒരു പോപ്പ് കൾച്ചറൽ ഐക്കൺ ആയി ബെസ്റ്റ് മാറുകയായിരുന്നു.
1968 മെയ് 29 വെബ്ലി. യൂറോപ്യൻ കപ്പ് ഫൈനലിൽ ബെൻഫിക്കയുമായി ഏറ്റുമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്. 90 മിനിറ്റിന് ശേഷം മത്സരം 1–1. അധികസമയത്തിന്റെ 97മത് മിനിറ്റിൽ ജോർജ് ബെസ്റ്റ് പന്തുമായി മുന്നോട്ട്. ബെൻഫിക്ക ഗോളി ബോക്സിന് പുറത്തേക്ക് വരുന്നു. ബെസ്റ്റ് അദ്ദേഹത്തെ മറികടന്ന് പന്ത് വലയിലേക്ക് പായിക്കുന്നു. 2–1ന് യുണൈറ്റഡ് മുന്നിൽ. അവസാനം അവർ 4–1ന് ജയിച്ചു. യൂറോപ്യൻ കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാഞ്ചസ്റ്റ്‍ യുണൈറ്റഡ് മാറി. ആ ചരിത്രവിജയത്തിൽ ജോർജ് ബെസ്റ്റിന്റെ പേരും സ്വർണ്ണലിപിയിൽ എഴുതപ്പെട്ടു. അതേ വർഷം മറ്റൊരു ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ബാലൺ ഡി ഓർ.
1968-ലെ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി ജോർജ് ബെസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. വെറും ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതികളിലൊന്ന് ബെസ്റ്റിനെ തേടിയെത്തി. അത് ബെസ്റ്റിന്റെ കരിയറിന്റെ കൊടുമുടിയായിരുന്നു. പക്ഷേ അതേ സമയം, അദേഹത്തിന്റെ ആ കൊടുമുടിയിൽ നിന്ന് താഴേക്കുള്ള വീഴ്ച്ചയും ആരംഭിച്ചിരുന്നു. ഫുട്ബോളിൽ നിന്ന് കിട്ടിയ പ്രശസ്തി ബെസ്റ്റിനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോയി. ഒരു ഘട്ടത്തിൽ ഫുട്ബോളിനേക്കാൾ കൂടുതൽ ശ്രദ്ധ അദ്ദേഹത്തിന്റെ ലൈഫ് സ്റ്റെയിലിലേക്കായി. ബെസ്റ്റിന്റെ പ്രശസ്തി എത്രമാത്രം വലുതായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു കണക്ക് യുവേഫ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ഘട്ടത്തിൽ ആഴ്ചയിൽ 10,000 വരെ ആരാധകരുടെ കത്തുകൾ വരുമായിരുന്നു എന്നാണ് ആ കണക്ക്.
പക്ഷേ ആ തിളക്കത്തിന് പിന്നിൽ മറ്റൊരു കഥ പതുക്കെ എഴുതപ്പെടുകയായിരുന്നു. മദ്യപാനത്തിന്റെ. പ്രശസ്തിയും പണവും ആഡംബരവും ജീവിതം കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു തുടങ്ങി. പരിശീലനം ഒഴിവാക്കി, അച്ചടക്കം നഷ്ടപ്പെട്ടു. ഫുട്ബോളിൽ നിന്ന് ശ്രദ്ധ പതുക്കെ അകന്നു. ഒരു ഘട്ടത്തിൽ ടീമിനൊപ്പമുള്ള യാത്രയിൽ നിന്ന് വിട്ടുനിന്ന് ലണ്ടനിൽ അഭിനേത്രി സിനീഡ് കുസാക്കിനൊപ്പം സമയം ചെലവഴിച്ചതും അദ്ദേഹത്തിന്റെ കരിയറിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളിൽ ഒന്നായി.
ജോർജ് ബെസ്റ്റ് എന്ന ഇതിഹാസത്തിന്റെ ജീവിതത്തിൽ നിന്ന് ഫുട്ബോൾ തന്നെ പതുക്കെ അകന്നുപോകുകയായിരുന്നു. യുണൈറ്റഡിനായി 466 കളികളിൽ 178 ഗോളുകൾ അദേഹം നേടി. 1974-ൽ, വെറും ഇരുപത്തിയേഴാം വയസ്സിൽ, ജോർജ് ബെസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. അത് ഒരു സാധാരണ ട്രാൻസ്ഫർ ആയിരുന്നില്ല. ഒരു യുഗത്തിന്റെ അവസാനമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടശേഷം ബെസ്റ്റ് പല ക്ലബുകൾക്കായി കളിച്ചു. അമേരിക്കയിലും എത്തി. ലോസ് അഞ്ചലസ് ആസ്ടെക്സ്, ഫോർട്ട് ലോഡർഡെയിൽ സ്ട്രൈക്കേഴ്സ്, സാൻ ജോസ് എർത്ത്ക്വേക്സ്. പുതിയ രാജ്യങ്ങൾ, പുതിയ ടീമുകൾ. പക്ഷേ പഴയ ജോർജ് ബെസ്റ്റ്നെ പൂർണമായി തിരികെ കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും സാൻ ജോസിനായി കളിച്ച കാലത്ത് അദ്ദേഹത്തിന്റെ പഴയ മാജിക് വീണ്ടും ഓർമ്മിപ്പിച്ച ഒരു നിമിഷമുണ്ടായി.
ആറ് ഡിഫൻഡേഴ്സിനെമറികടന്ന് നടത്തിയ ഒരു അസാധാരണ ഒറ്റയാൾ പ്രകടനം. അവസാനം അത് ഗോളിയി മാറിയപ്പോൾ അത് ബെസ്റ്റിന്റെ കരിയരിലെ അവസാനത്തെ മനോഹര നിമിഷങ്ങളിൽ ഒന്നായി മാറി. പ്രായം കൂടിയപ്പോഴും അദ്ദേഹത്തിന്റെ കാലുകളിൽ പഴയ കലാകാരന്റെ ചില മിന്നലുകൾ ബാക്കിയുണ്ടായിരുന്നു. സ്വന്തം രാജ്യമായ നോർത്തേൺ അയർലാന്റിന് വേണ്ടി അദ്ദേഹം 37 മത്സരങ്ങൾ കളിച്ചു. ഒമ്പത് ഗോളുകൾ നേടി. പക്ഷേ കരിയറിൽ ഒരു വലിയ ശൂന്യത എന്നും ബാക്കി നിന്നു. ജോർജ് ബെസ്റ്റ് ഒരിക്കലും ലോകകപ്പ് ഫൈനൽസിൽ കളിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ വേദിയിൽ ജോർജ് ബെസ്റ്റ് എന്ന പ്രതിഭയെ കാണാൻ കഴിഞ്ഞില്ല. 37 മത്സരങ്ങൾ കളിച്ച തന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ ടീമിനെ ഒരിക്കൽപ്പോലും ഒരു ലോകകപ്പിന്റെ വേദിയിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
വർഷങ്ങളായുള്ള മദ്യപാനം ഒടുവിൽ അദ്ദേഹത്തിന്റെ ശരീരത്തെ ഗുരുതരമായി ബാധിച്ചു. 2002-ൽ ജോർജ് ബെസ്റ്റിന്റെ കരൾ മാറ്റിവച്ചു. അത് ഒരു പുതിയ ജീവിതത്തിനുള്ള അവസരമായിരുന്നു. പക്ഷേ കരൾ മാറ്റിവെച്ചതിന് ശേഷവും മദ്യപാനം പൂർണമായി ഉപേക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദേഹം വീണ്ടും മദ്യപാനത്തിലേക്ക് മടങ്ങി. മൈതാനത്ത് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളെ നേരിട്ട മനുഷ്യന്, സ്വന്തം ജീവിതത്തിലെ ഒരു ശത്രുവിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. അവിടെയാണ് ജോർജ് ബെസ്റ്റ് എന്ന താരത്തിന്റെ ജീവിതകഥ കൂടുതൽ വേദനാജനകമാകുന്നത്. 2005 ഒക്ടോബറിൽ ജോർജ് ബെസ്റ്റ് വീണ്ടും ആശുപത്രിയിലായി.
ലണ്ടനിലെ ക്രോംവെൽ ആശുപത്രിയിൽ ആദ്യം വൃക്കക്ക് ഇൻഫെക്ഷനുള്ള ചികിത്സ തേടി. പിന്നാലെ മറ്റ് ആരോഗ്യപ്രശ്നങ്ങളും വന്നു. പതിയെ അദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി.
നവംബറിൽ ശ്വസകോശത്തിൽ ഇൻഫെക്ഷൻ ഉണ്ടായി. പിന്നീട് മൾട്ടിപ്പിൾ ഓർഗൺ ഫേലിയർ ഉണ്ടായി. നവംബർ 20-ന് ലോകം ആ ആശുപത്രിക്കിടക്കയിലെ ചിത്രം കണ്ടു.
“Don’t die like me.”
ഒരു ഫുട്ബോൾ ഇതിഹാസത്തിന്റെ അവസാന മുന്നറിയിപ്പുപോലെ ആ വാക്കുകൾ ലോകത്തിന് മുന്നിൽ നിന്നു. അഞ്ച് ദിവസങ്ങൾക്ക് ശേഷം 2005 നവംബർ 25ന് ക്രോംവെൽ ആശുപത്രിയിൽ വച്ച് ജോർജ് ബെസ്റ്റ് ഈ ലോകത്തെ വിട്ടുപോയി. ശ്വാസകോശത്തിലെ അണുബാധയും മറ്റ് അവയവങ്ങളുടെ തകരാറുമായിരുന്നു മരണകാരണം.
2005 ഡിസംബർ 3. ബെൽഫാസ്റ്റിലെ ജോർജ് ബെസ്റ്റിന്റെ അവസാന യാത്ര. ക്രെഗാഗിലെ കുടുംബവീട്ടിൽ നിന്ന് സ്റ്റോർമോണ്ടിലേക്കുള്ള വിലാപയാത്ര മനുഷ്യരുടെ കടലായി മാറി. ഏകദേശം ഒരു ലക്ഷത്തോളം പേർ അദ്ദേഹത്തിന് യാത്രാമൊഴി നൽകാൻ എത്തിയതായി രേഖകൾ പറയുന്നു. സ്റ്റോർമോണ്ട് എസ്റ്റേറ്റിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു. അത് ഒരു ഫുട്ബോളറുടെ അന്ത്യയാത്ര മാത്രമായിരുന്നില്ല. ബെൽഫാസ്റ്റ് സ്വന്തം മകനെ യാത്രയാക്കുകയായിരുന്നു. ഒരിക്കൽ തെരുവുകളിൽ പന്തുമായി ഓടിയിരുന്ന ബാലനെ, പിന്നീട് ലോകത്തിന്റെ വേദിയിൽ പന്തുമായി നൃത്തം ചെയ്ത കലാകാരനെ, അവർ യാത്രയാക്കി.
2006 മെയ് 22. ജോർജ് ബെസ്റ്റിന്റെ അറുപതാം ജന്മദിനത്തിൽ ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിന് ഔദ്യോഗികമായി അധികൃതർ ഒരു പുതിയ പേര് നൽകി. ജോർജ് ബെസ്റ്റ് ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട്. ബെൽഫാസ്റ്റിന്റെ തെരുവുകളിൽ നിന്ന് ലോക ഫുട്ബോളിന്റെ വേദിയിലേക്ക് ഉയർന്ന ഒരാളുടെ പേര് സ്വന്തം നഗരത്തിന്റെ ഒരു പ്രധാന കവാടത്തിൽ പതിഞ്ഞു.
ജോർജ് ബെസ്റ്റിനെ ഓർക്കുമ്പോൾ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് മനസ്സിൽ വരും. ആദ്യത്തേത് പുൽമൈതാനത്തിലൂടെ പന്തുമായി ഓടുന്ന ചെറുപ്പക്കാരന്റെയാണ് .മുന്നിൽ പ്രതിരോധതാരങ്ങളും പിന്നിൽ ആയിരക്കണക്കിന് ആരാധകരും. മുഖത്ത് ചിരിയും കാലിൽ പന്തുമായി ലോകം മുഴുവൻ നോക്കിനിൽക്കുമ്പോഴും സ്വാഭാവികമായി കളിക്കുന്ന ഒരു കലാകാരൻ.
രണ്ടാമത്തേത് ആശുപത്രിക്കിടക്കയിൽ കിടക്കുന്ന അതേ മനുഷ്യൻ. ക്ഷീണിച്ച ശരീരവും രോഗത്തിന്റെ അടയാളങ്ങൾ നിറഞ്ഞ മുഖവും. മരണത്തിന്റെ നിഴലിനിടയിൽ ഒരു ജീവിതം.
ജോർജ് ബെസ്റ്റ് ഒരു പെർഫെക്ട് ഹീറോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതം ഒരു ഫുട്ബോൾ കഥ മാത്രവുമല്ല. അത് പ്രതിഭയുടെയും പ്രശസ്തിയുടെയും ആസക്തിയുടെയും തകർച്ചയുടെയും മനുഷ്യജീവിതത്തിന്റെയും കഥയാണ്. ഫുട്ബോൾ മൈതാനത്ത് ലോകം അദ്ദേഹത്തെ ഒരു മാലാഖയെപ്പോലെ കണ്ടു. രാത്രികളിൽ അദ്ദേഹം സ്വന്തം ജീവിതം ചൂതാടി. ഒടുവിൽ ആശുപത്രിക്കിടക്കയിൽ നിന്ന് ലോകത്തോട് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന സന്ദേശമായി മാറി:
“Don’t die like me.” അത് പറഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം ജോർജ് ബെസ്റ്റ് മരിച്ചെങ്കിലും പന്തുമായി ഓടിയ ആ മനുഷ്യൻ ഫുട്ബോൾ ചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞില്ല. ജോർജ് ബെസ്റ്റ് എന്ന കളിക്കാരൻ അസാമാന്യപ്രതിഭക്കൊപ്പം ഒരു തീരാവേദനയായി ഫുട്ബോൾ ആരാധകരുടെ മനസിൽ ഇന്നും ജീവിക്കുന്നു.
