Home › News › 44 വർഷം നീണ്ട കാത്തിരിപ്പിന് വിട; വനിത ഹോക്കിയിൽ സ്വർണ്ണം നേടി ഇന്ത്യ

44 വർഷം നീണ്ട കാത്തിരിപ്പിന് വിട; വനിത ഹോക്കിയിൽ സ്വർണ്ണം നേടി ഇന്ത്യ

വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയെ 1-0 ന് തകർത്താണ് ഇന്ത്യൻ വനിതകൾ സ്വർണ്ണ മെഡൽ നേടിയത്

44 വർഷം നീണ്ട കാത്തിരിപ്പിന് വിട; വനിത ഹോക്കിയിൽ സ്വർണ്ണം നേടി ഇന്ത്യ
Image Courtesy: https://www.facebook.com/TheHockeyIndia/
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയെ 1-0 ന് തകർത്ത് ഇന്ത്യൻ വനിതകൾ സ്വർണ്ണം സ്വന്തമാക്കി. 44 വർഷം നീണ്ട നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ ലാൽറെംസിയാമി ആണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ക്യാപ്റ്റൻ സലീമ ടെറ്റെയുടെ മികച്ച ലീഡ്ഷിപ്പിൽ ഇന്ത്യൻ പ്രതിരോധ നിര ചൈനയുടെ വൻ മുന്നേറ്റങ്ങളെ മുഴുവൻ തടഞ്ഞുനിർത്തി. മൂന്നാം ക്വാർട്ടറിൽ സലീമയുടെ കൈവിരലിന് പരിക്കേറ്റ് താൽക്കാലികമായി കളം വിടേണ്ടി വന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും ടീം തളർന്നില്ല. എന്നാൽ നാലാം ക്വാർട്ടറിൽ വിരലുകളിൽ ടേപ്പ് ചുറ്റി താരം വീര്യത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയുണ്ടായി. രണ്ടാം ക്വാർട്ടറിൽ ചൈനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സ്ട്രോക്ക് തകർപ്പൻ സേവിലൂടെ തടഞ്ഞ ഇന്ത്യൻ ഗോൾകീപ്പർ സവിത പുനിയയുടെ പ്രകടനമാണ് കളി ഇന്ത്യയുടെ കൈകളിൽ ഭദ്രമാക്കിയത്. കളി അവസാനിക്കാൻ മൂന്ന് മിനിറ്റുള്ളപ്പോൾ സമനില ഗോളിനായി ചൈന തങ്ങളുടെ ഗോൾകീപ്പറെ വരെ പിൻവലിച്ച് 11 ഔട്ട്ഫീൽഡ് കളിക്കാരെ ഇറക്കി കടുത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇന്ത്യൻ പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. ഇതിനുമുമ്പ് 1982-ൽ ഡൽഹിയിൽ നടന്ന ഗെയിംസിലാണ് ഇന്ത്യൻ വനിതകൾ അവസാനമായി സ്വർണ്ണം നേടിയത്. അതിനുശേഷം 1998-ലും 2018-ലും ഫൈനലിൽ എത്തിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഈ തകർപ്പൻ വിജയത്തോടെ വരാനിരിക്കുന്ന 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള യോഗ്യതയും ഇന്ത്യ ഉറപ്പാക്കി. ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിലെ ഓരോ കളിക്കാർക്കും 11 ലക്ഷം രൂപ വീതവും സപ്പോർട്ട് സ്റ്റാഫിന് 5.5 ലക്ഷം രൂപ വീതവും ഹോക്കി ഇന്ത്യ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു.

ഈ സുവർണ്ണ വിജയത്തോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 16 സ്വർണ്ണമടക്കം 76 ആയി ഉയർന്നു. ഇനി നാളെ പുരുഷ ഫൈനലിൽ ഇന്ത്യ മലേഷ്യയെ നേരിടും. സെമിയിൽ ദക്ഷിണ കൊറിയയെ 2-1 ന് തോൽപ്പിച്ചാണ് മലേഷ്യ ഫൈനലിൽ എത്തിയത്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത രണ്ട് ടീമുകളാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്.

Read Next

K SPORTSSPORTS. STORIES. BEYOND.