Home › News › കോംപനിക്ക് ആഴ്ചകളോളം വിശ്രമം; നില തൃപ്തികരമെന്ന് ബയേൺ

കോംപനിക്ക് ആഴ്ചകളോളം വിശ്രമം; നില തൃപ്തികരമെന്ന് ബയേൺ

പരിശീലനത്തിനിടെ കുഴഞ്ഞുവീണ ബയേൺ പരിശീലകൻ വിൻസെന്റ് കോംപനിയുടെ നില തൃപ്തികരം. അന്തിമ രോഗനിർണയം വന്നിട്ടില്ല; ശനിയാഴ്ചത്തെ ക്ലാസിക്കറിലും ആരോൺ ഡാങ്ക്സിനായിരിക്കും ചുമതല.

കോംപനിക്ക് ആഴ്ചകളോളം വിശ്രമം; നില തൃപ്തികരമെന്ന് ബയേൺ
Image Courtesy: https://www.facebook.com/vincentkompany

മ്യൂണിക്ക്: പരിശീലനത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ ബയേൺ മ്യൂണിക് പരിശീലകൻ വിൻസെന്റ് കോംപനി ആഴ്ചകളോളം ടീമിനൊപ്പം ഉണ്ടാകില്ല. ദിവസങ്ങളല്ല, ആഴ്ചകളാണ് തിരിച്ചുവരവിന് വേണ്ടിവരികയെന്ന് ക്ലബ് സ്പോർട്ടിങ് ഡയറക്ടർ മാക്സ് എബർൽ വ്യക്തമാക്കി. കോംപനിയുടെ നില തൃപ്തികരമാണ്. എന്നാൽ അന്തിമ രോഗനിർണയം ഇനിയും വന്നിട്ടില്ല. "ആവശ്യമായ എല്ലാ വൈദ്യസഹായവും പിന്തുണയും വിന്നിക്ക് ലഭിക്കുന്നുണ്ട്; അദ്ദേഹത്തിന് ആവശ്യമുള്ളത്ര സമയവും നൽകും," എബർൽ പറഞ്ഞു. തിരിച്ചുവരവിന് സമയപരിധി നിശ്ചയിക്കുന്നില്ലെന്നും ക്ലബ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച യൂത്ത് ടീമിന്റെ പരിശീലനം കണ്ടതിനു പിന്നാലെയാണ് കോംപനി കുഴഞ്ഞുവീണത്. കഴിഞ്ഞയാഴ്ച കടുത്ത വൈറസ് ബാധ ഉണ്ടായിരുന്നതായി കോംപനി തന്നെ പറഞ്ഞിരുന്നു. കുഴഞ്ഞുവീഴലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. അമിത ജോലിഭാരവും ക്ഷീണവുമാകാം കാരണമെന്ന് ജർമൻ പത്രം ബിൽഡും ബെൽജിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തെങ്കിലും ക്ലബ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

കോംപനിയുടെ അഭാവത്തിൽ സഹപരിശീലകൻ ആരോൺ ഡാങ്ക്സ് നയിച്ച ബയേൺ ഞായറാഴ്ച ഫ്രൈബർഗിനെ 3-1ന് തോൽപിച്ച് ബുണ്ടസ് ലീഗയിൽ വീണ്ടും ഒന്നാമതെത്തിയിരുന്നു. ഇത്തരം ജയങ്ങളാണ് കോംപനിക്കുള്ള ഏറ്റവും നല്ല മരുന്നെന്നായിരുന്നു എബർലിന്റെ പ്രതികരണം. ശനിയാഴ്ച മ്യൂണിക്കിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെയാണ് ബയേണിന്റെ അടുത്ത ലീഗ് മത്സരം. 17 പോയിന്റ് വീതമുള്ള ഇരു ടീമും തമ്മിലുള്ള ക്ലാസിക്കറിലും ഡാങ്ക്സ് തന്നെയാകും ടച്ച് ലൈനിൽ എന്നാണ് സൂചന.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕