ഇരട്ടസെഞ്ച്വറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; ഇന്ത്യ എയ്ക്ക് 284 റൺസ് ലീഡ്
ആദ്യ ഇന്നിങ്സിൽ 113ന് പുറത്തായ ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ എട്ടിന് 488 എന്ന നിലയിൽ. ദേവ്ദത്ത് പടിക്കൽ 199, സായ് സുദർശൻ 91.

ലിങ്കൺ: ഇരട്ടസെഞ്ച്വറിക്ക് ഒരു റൺ അകലെ ദേവ്ദത്ത് പടിക്കൽ വീണെങ്കിലും ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 204 റൺസ് പിന്നിലായിരുന്ന സന്ദർശകർ മൂന്നാം ദിനം കളി നിർത്തുമ്പോൾ 119 ഓവറിൽ എട്ടു വിക്കറ്റിന് 488 റൺസെടുത്തു. രണ്ടു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ എയ്ക്ക് 284 റൺസിന്റെ ലീഡുണ്ട്. വാഷിങ്ടൺ സുന്ദറും (51*) ആകാശ് ദീപുമാണ് (0*) ക്രീസിൽ.
248 പന്തിൽ 24 ഫോറും മൂന്നു സിക്സും ഉൾപ്പെടെയാണ് പടിക്കൽ 199 റൺസെടുത്തത്. സാക് ഗിബ്സണ്ടെ ലെഗ് സൈഡിലൂടെയുള്ള പന്തിൽ ബാറ്റ് വെച്ച പടിക്കലിനെ വിക്കറ്റ് കീപ്പർ മിച്ചൽ ഹേ പിടികൂടി. അൽപ്പനേരം ക്രീസിൽ നിന്നശേഷമാണ് പടിക്കൽ മടങ്ങിയത്. സായ് സുദർശനൊപ്പം 215 റൺസും യശ് റാതോഡിനൊപ്പം 142 റൺസും പടിക്കൽ കൂട്ടിച്ചേർത്തു. 184 പന്തിൽ 91 റൺസെടുത്ത സുദർശൻ ക്രിസ്റ്റ്യൻ ക്ലാർക്കിനെ പുൾ ചെയ്യാനുള്ള ശ്രമത്തിൽ സ്ക്വയർ ലെഗ്ഗിൽ പിടികൊടുത്തു; സെഞ്ച്വറിക്ക് ഒൻപത് റൺ അകലെ. 72 പന്തിൽ 66 റൺസെടുത്ത യശ് റാതോഡും 75 പന്തിൽ 51 റൺസുമായി പുറത്താകാതെ നിൽക്കുന്ന വാഷിങ്ടൺ സുന്ദറും അർധസെഞ്ച്വറി നേടി. ഔഖിബ് നബി 38 റൺസെടുത്തു.
എന്നാൽ സീനിയർ താരങ്ങൾക്ക് മത്സരം നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാൾ രണ്ടു ഇന്നിങ്സിലുമായി 17ഉം അഞ്ചും കെഎൽ രാഹുൽ പൂജ്യവും നാലും റൺസെടുത്തു മടങ്ങി. നായകൻ ധ്രുവ് ജുറെൽ രണ്ടാം ഇന്നിങ്സിൽ രണ്ടു റണ്ണിന് പുറത്തായി. ആദ്യ ഇന്നിങ്സിൽ ആറു ബാറ്റർമാർ പൂജ്യത്തിന് മടങ്ങിയപ്പോൾ യശ് റാതോഡും (44*) പടിക്കലും (32) മാത്രമാണ് പിടിച്ചുനിന്നത്. മറുപടിയായി ന്യൂസിലൻഡ് എ റീസ് മാരിവിന്റെയും (76) ഡീൻ ഫോക്സ്ക്രോഫ്റ്റിന്റെയും (51) മികവിൽ 317 റൺസെടുത്തു. ഔഖിബ് നബിയും അൻഷുൽ കംബോജും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നാലു ദിവസത്തെ മത്സരത്തിന്റെ അവസാന ദിനമാണ് നാളെ.




