Home › Football › ചുവപ്പുകാർഡിൽ ചുവടുപിഴച്ച് ബ്രെന്റ്ഫോർഡ്; ഗോമസിന്റെ ഫിനിഷും ഗ്രോസിന്റെ പെനാൽറ്റിയും, ബ്രൈറ്റണിന് 2-0 ജയം

ചുവപ്പുകാർഡിൽ ചുവടുപിഴച്ച് ബ്രെന്റ്ഫോർഡ്; ഗോമസിന്റെ ഫിനിഷും ഗ്രോസിന്റെ പെനാൽറ്റിയും, ബ്രൈറ്റണിന് 2-0 ജയം

ഇഗോർ തിയാഗോയുടെ ചുവപ്പ് കാർഡിന് ശേഷം പത്തുപേരുമായി 67 മിനിറ്റ് കളിച്ച ബ്രെൻഫഡിനെ ഡിയേഗോ ഗോമസിന്റെയും പാസ്കൽ ഗ്രോസിന്റെയും ഗോളുകളിൽ ബ്രൈട്ടൺ തോൽപ്പിച്ചു

ചുവപ്പുകാർഡിൽ ചുവടുപിഴച്ച് ബ്രെന്റ്ഫോർഡ്; ഗോമസിന്റെ ഫിനിഷും ഗ്രോസിന്റെ പെനാൽറ്റിയും, ബ്രൈറ്റണിന് 2-0 ജയം
Image Courtesy: https://www.facebook.com/officialbhafc

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണിന്റെ മുന്നേറ്റം തുടരുന്നു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത ടീമിന് ഇത്തവണ ബ്രെൻഫഡ് കാര്യമായ എതിരാളിയായിരുന്നില്ല. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളോടെ സീഗുൾസ് വിജയം ഉറപ്പാക്കി.

പതിനഞ്ചാം മിനിറ്റിൽ തന്നെ ബ്രൈറ്റൺ ലീഡ് നേടി. ഡിയേഗോ ഗോമസ് ബോക്സിന് പുറത്തുനിന്ന് ഇടത്കാലുകൊണ്ട് വലയുടെ ഇടത് മൂലയിലേക്ക് പായിച്ച് ടീമിന് ലീഡ് നേടിക്കൊടുത്തു. ആദ്യ ഗോളിന്റെ ക്ഷീണം മാറും മുന്നേ ബീസിന് അടുത്ത തിരിച്ചടി കിട്ടി. 23ആം മിനിറ്റിൽ ബ്രെൻഫഡിന്റെ ഇഗോർ തിയാഗോയ്ക്ക് ചുവപ്പ് കാർഡ്. ഇതോടെ പത്ത് പേരായി ചുരുങ്ങിയ ടീമിന് മികച്ച ഫോമിലുള്ള ബ്രൈറ്റണെ പിടിച്ചുകെട്ടാനായില്ല.

40ആം മിനിറ്റിൽ ലൂക്ക വുസ്കോവിച്ചിനെ ബ്രെൻഫഡ് പ്രതിരോധം പെനാൽറ്റി ബോക്സിനകത്ത് വീഴ്ത്തി. 42ആം മിനിറ്റിൽ പാസ്കൽ ഗ്രോസ് വലത്കാലുകൊണ്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്തെത്തിച്ചു. പന്തടക്കത്തിലും പോസ്റ്റിലേക്കുള്ള ഷോട്ടുകളിലും ബ്രൈറ്റൺ ഏറെ മുന്നിലായിരുന്നു. രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായില്ല. നിരന്തരമായ ആക്രമണങ്ങൾ ബ്രൈറ്റൺ നടത്തി. പത്തോളം ഷോട്ടുകളാണ് ടാർഗറ്റിലേക്ക് ബ്രൈറ്റൺ തൊടുത്തത്. ബീസ് ഗോളിയുടെ മികവാണ് സ്കോർ 2-0 ആവാൻ കാരണം.

പത്ത് മത്സരങ്ങൾ കഴിഞ്ഞ ലീഗിൽ 22 പോയിന്റുമായി ബ്രൈറ്റൺ രണ്ടാം സ്ഥാനത്താണ്. മൂന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് അധികം. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി ആഴ്സണൽ ബഹുദൂരം മുന്നിലാണ്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕