Home › School Games › മേളയുടെ ആറ് താരങ്ങൾ; നിവേദ്യയ്ക്ക് ഫുൾ മാർക്ക്, അൽക്കയ്ക്ക് മൂന്നാം വർഷവും ചാമ്പ്യൻപട്ടം

മേളയുടെ ആറ് താരങ്ങൾ; നിവേദ്യയ്ക്ക് ഫുൾ മാർക്ക്, അൽക്കയ്ക്ക് മൂന്നാം വർഷവും ചാമ്പ്യൻപട്ടം

സംസ്ഥാന സ്കൂൾ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്മാർ: ശ്രീഹരി എം., ഹർഷ ജോൺ, വിഷ്ണു യാദവ്, അൽക്ക ഷിനോജ്, കെ.ജെ. എബിൻ, നിവേദ്യ കലാധർ

മേളയുടെ ആറ് താരങ്ങൾ; നിവേദ്യയ്ക്ക് ഫുൾ മാർക്ക്, അൽക്കയ്ക്ക് മൂന്നാം വർഷവും ചാമ്പ്യൻപട്ടം
കായിക മേളയിലെ വ്യക്തിഗത ചാമ്പ്യൻമാർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്ക്സിൽ ആറ് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യൻപട്ടം ആറ് ജില്ലകളിലേക്ക്. ഇതിൽ ഏറ്റവും തിളക്കമുള്ള നേട്ടം വടവന്നൂർ വി.എം.എച്ച്.എസിലെ നിവേദ്യ കലാധറിന്റേതാണ്. സീനിയർ പെൺകുട്ടികളുടെ 400, 800, 1500 മീറ്ററുകളിൽ സ്വർണം നേടിയ നിവേദ്യ സാധ്യമായ മുഴുവൻ പോയിന്റും (15) സ്വന്തമാക്കി. 2022ൽ സബ് ജൂനിയറിലും 2025ൽ ജൂനിയറിലും ട്രിപ്പിൾ നേടിയ നിവേദ്യയുടെ മൂന്നാം ട്രിപ്പിളാണിത്. കഴിഞ്ഞ വർഷം ജൂനിയർ വിഭാഗത്തിലും നിവേദ്യയായിരുന്നു വ്യക്തിഗത ചാമ്പ്യൻ. സീനിയർ 4x400 റിലേയിൽ പാലക്കാടിനൊപ്പം വെള്ളിയും നേടി.

ജൂനിയർ പെൺകുട്ടികളിൽ കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസിലെ അൽക്ക ഷിനോജ് ആതിഥേയരായ കോഴിക്കോടിന്റെ അഭിമാനമായി. 800, 1500 മീറ്ററുകളിൽ സ്വർണവും 400 മീറ്ററിൽ വെള്ളിയുമായി 13 പോയിന്റ്. തുടർച്ചയായ മൂന്നാം വർഷമാണ് അൽക്ക വ്യക്തിഗത ചാമ്പ്യനാകുന്നത്. 2024ൽ മൂന്ന് സ്വർണവുമായി സബ് ജൂനിയർ ചാമ്പ്യനായ അൽക്ക 2025ൽ സബ് ജൂനിയറിൽ ചാമ്പ്യൻപട്ടം പങ്കിട്ടു. ഇത്തവണ ജൂനിയറിലേക്ക് കയറിയിട്ടും ആ പട്ടം കൈവിട്ടില്ല.

സീനിയർ ആൺകുട്ടികളിൽ കുന്നംകുളം ഗവ. ബോയ്സ് വി.എച്ച്.എസ്.എസിലെ കെ.ജെ. എബിൻ 400, 200 മീറ്ററുകളിലെ സ്വർണത്തോടെ 10 പോയിന്റുമായി ചാമ്പ്യനായി. 200 മീറ്ററിൽ 100 മീറ്റർ റെക്കോർഡ് ജേതാവ് ടി.എം. അതുലിനെ ആറ് നൂറിലൊന്ന് സെക്കൻഡിന് മറികടന്നാണ് എബിൻ സ്പ്രിന്റ് ഡബിൾ തികച്ചത്. റെക്കോർഡ് പിറന്ന 4x400 റിലേയിൽ തൃശൂർ ടീമിനൊപ്പം വെള്ളിയും നേടി.

ജൂനിയർ ആൺകുട്ടികളിൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവാണ് ചാമ്പ്യൻ (13 പോയിന്റ്). ലോങ്ങ് ജംപിലും 200 മീറ്ററിലും സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടി. ലോങ്ങ് ജംപിൽ 7.31 മീറ്ററുമായി മീറ്റ് റെക്കോർഡും കുറിച്ചു.

സബ് ജൂനിയർ പെൺകുട്ടികളിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ഹർഷ ജോൺ 200, 400 മീറ്ററുകളിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയുമായി 13 പോയിന്റോടെ ചാമ്പ്യനായി. സബ് ജൂനിയർ ആൺകുട്ടികളിൽ ജി.വി. രാജ സ്പോർട്സ് സ്കൂളിലെ എം. ശ്രീഹരി 100 മീറ്ററിലെ സ്വർണവും 80 മീറ്റർ ഹർഡിൽസിലും ലോങ്ങ് ജംപിലും വെള്ളിയുമായി 11 പോയിന്റോടെ ചാമ്പ്യനായി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕