Home › Kerala › മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകൾ; കേരള ബ്ലാസ്റ്റേഴ്സ് യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ ഗ്രൂപ്പിന്റെ കൈകളിലേക്ക്

മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകൾ; കേരള ബ്ലാസ്റ്റേഴ്സ് യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ ഗ്രൂപ്പിന്റെ കൈകളിലേക്ക്

ഹൈദരാബാദ് ആസ്ഥാനമായ മാഗ്നം സ്പോർട്സിൽ നിന്ന് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും കൈമാറും; എട്ട് മാസത്തിനുള്ളിൽ ഉടമസ്ഥാവകാശം പൂർണമായി മാറും

മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകൾ; കേരള ബ്ലാസ്റ്റേഴ്സ്  യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ ഗ്രൂപ്പിന്റെ കൈകളിലേക്ക്
കൊച്ചി ∙ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം മാറുന്നു. ക്ലബ്ബ് ഇതുവരെ കൈകാര്യം ചെയ്തിരുന്ന ഹൈദരാബാദ് ആസ്ഥാനമായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ ഗ്രൂപ്പിന് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വിൽക്കാൻ അന്തിമ കരാറിൽ ഒപ്പുവച്ചതായി ക്ലബ്ബ് സ്ഥിരീകരിച്ചു.

ഷാർജയിലെ ഭരണകുടുംബമായ അൽ ഖാസിമി കുടുംബവുമായി ബന്ധമുള്ള ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയാണ് അൽ ഫുർസാൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളത്. കായിക, സ്പോർട്സ്-ടെക് മേഖലകളിൽ പ്രവർത്തിക്കുന്ന ഈ യുഎഇ കൺസോർഷ്യമാണ് ഇനി മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ.

കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇടപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്ലബ്ബിന്റെ ഇപ്പോഴത്തെ സിഇഒ അഭിക് ചാറ്റർജിയാണ് ഘട്ടംഘട്ടമായുള്ള കൈമാറ്റം സ്ഥിരീകരിച്ചത്. ഏകദേശം 100-120 കോടി രൂപയ്ക്കാണ് ക്ലബ്ബിന്റെ പൂർണ ഓഹരികളും കൈമാറുന്നതെന്നാണ് റിപ്പോർട്ടുകൾ. കൈമാറ്റ പ്രക്രിയ എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും, 2026-27 സീസണിനുള്ളിൽ ഉടമസ്ഥാവകാശം പൂർണമായി പുതിയ ഗ്രൂപ്പിന് കൈമാറുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

2016 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളായിരുന്നു മാഗ്നം സ്പോർട്സ്. നീണ്ട വിൽപന പ്രക്രിയയ്ക്കൊടുവിലാണ് പുതിയ ഉടമകളിലേക്ക് ക്ലബ്ബ് എത്തുന്നത്. നിയമപരമായ ചില തടസ്സങ്ങൾ കാരണം ഏറ്റെടുക്കൽ പ്രക്രിയ വൈകിയതായി ക്ലബ്ബ് പ്രതിനിധികൾ നേരത്തേ വ്യക്തമാക്കിയിരുന്നു.

ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ഓഫിയോ സ്പോർട്ടിയെ ഓപ്പറേഷണൽ പാർട്ണറായി നിയമിച്ചിട്ടുണ്ട്. ഓഫിയോ സിഇഒ താമീം അൻവറും സഹസ്ഥാപകൻ ശരത് കുനിയിലുമാണ് ക്ലബ്ബിന്റെ ദൈനംദിന കാര്യങ്ങൾക്ക് നേതൃത്വം നൽകുക. ഈ മാറ്റം ഒരു ഉടമസ്ഥാവകാശ കൈമാറ്റം മാത്രമല്ലെന്നും, ക്ലബ്ബിനായി ദീർഘകാല കാഴ്ചപ്പാടോടെ 'പ്രോജക്ട് ബ്ലാസ്റ്റേഴ്സ്' എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്നും അൽ ഫുർസാൻ അറിയിച്ചു.

ആരാധകരായ മഞ്ഞപ്പടയെ ആശ്വസിപ്പിച്ചുകൊണ്ട് താമീം അൻവർ പറഞ്ഞു, "ക്ലബ്ബ് സുരക്ഷിത കൈകളിലാണ്. അത് മലയാളികളുടെ കൈകളിലാണ്. കാത്തിരുന്ന് കാണൂ."

അതേസമയം, അൽ ഫുർസാൻ ഗ്രൂപ്പ് ക്ലബ്ബിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി പുറത്തിറക്കിയ പ്രസ്താവനയിൽ, "ഞങ്ങളെ സംബന്ധിച്ച് ഇത് വെറുമൊരു ഫുട്ബോൾ ക്ലബ്ബ് ഏറ്റെടുക്കൽ അല്ല," എന്ന് പറഞ്ഞു. "കേരളമേ, ഇത് ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ അഭിനിവേശവും അഭിമാനവും സ്വപ്നങ്ങളും വികാരങ്ങളും പ്രതിനിധീകരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഈ യാത്ര ആരംഭിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്," എന്നും ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയും ഡോ. ഡൺസ്റ്റണും ചേർന്ന് ഒപ്പുവച്ച പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ ഫുട്ബോളിലെ ജനപ്രിയ ക്ലബ്ബുകളിലൊന്ന് ഗൾഫ് അധിഷ്ഠിത നിക്ഷേപ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക് മാറുന്നത് ക്ലബ്ബിന്റെ ഭാവിയിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്നത് ആരാധകർ ഉറ്റുനോക്കുകയാണ്.

Read Next

K SPORTSSPORTS. STORIES. BEYOND.