Home › School Games › ശ്രീഹരി കരിക്കന് മീറ്റ് റെക്കോർഡ്; 400 മീറ്ററിൽ സീനിയേഴ്സിനേക്കാൾ വേഗം

ശ്രീഹരി കരിക്കന് മീറ്റ് റെക്കോർഡ്; 400 മീറ്ററിൽ സീനിയേഴ്സിനേക്കാൾ വേഗം

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ 47.84 സെക്കൻഡോടെ ഒമ്പത് വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥ. സീനിയർ ആൺകുട്ടികളിൽ കുന്നംകുളത്തിന്റെ എബിൻ കെ.ജെ.ക്ക് സ്വർണം.

ശ്രീഹരി കരിക്കന് മീറ്റ് റെക്കോർഡ്; 400 മീറ്ററിൽ സീനിയേഴ്സിനേക്കാൾ വേഗം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‍ലറ്റിക്ക്സിന്റെ ആദ്യ മീറ്റ് റെക്കോർഡ് മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കന്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ 47.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത തിരുവനന്തപുരം താരം 2017ൽ പാലയിൽ സ്ഥാപിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് ഒരു സെക്കൻഡിലധികം മെച്ചപ്പെടുത്തിയത്. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയ എബിൻ കെ.ജെ.യെക്കാൾ (48.06) വേഗത്തിലാണ് ശ്രീഹരി ഓടിയെത്തിയത്. സീനിയർ വിഭാഗത്തിലെ മീറ്റ് റെക്കോർഡായ 47.65ൽ നിന്ന് വെറും 0.19 സെക്കൻഡ് അകലെ. പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് എച്ച്.എസിലെ അനുദേവ് എൻ. (കോഴിക്കോട്, 49.01) വെള്ളിയും സായ് കൊല്ലത്തിന്റെ ആർച്ചിത് എസ്. നായർ (49.22) വെങ്കലവും നേടി.

സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ കുന്നംകുളം ഗവ. ബോയ്സ് വി.എച്ച്.എസ്.എസിലെ എബിൻ കെ.ജെ. തൃശൂരിന് സ്വർണം സമ്മാനിച്ചു. ജി.വി. രാജയിലെ ജെറിൻ സി. ജോൺ (48.77) വെള്ളിയും ശിവപ്രസാദ് എ. (49.14) വെങ്കലവും നേടി. ഇതോടെ 400 മീറ്ററിൽ ആൺകുട്ടികളുടെ രണ്ട് വിഭാഗങ്ങളിലുമായി ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ജി.വി. രാജ സ്പോർട്സ് സ്കൂളിന് സ്വന്തം.

സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ വടവന്നൂർ വി.എം.എച്ച്.എസിലെ നിവേദ്യ കലാധർ (പാലക്കാട്) 56.12 സെക്കൻഡിൽ സ്വർണം നേടി. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ശ്രേയ ആർ. (56.84) വെള്ളിയും ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ അനാമിക അജേഷ് (56.89) വെങ്കലവും നേടി ആലപ്പുഴയ്ക്ക് ഇരട്ട മെഡൽ സമ്മാനിച്ചു. ജൂനിയർ പെൺകുട്ടികളിൽ സായ് തലശ്ശേരിയുടെ ഇവാന ടോമി (കണ്ണൂർ) 56.33 സെക്കൻഡിൽ സ്വർണത്തിലെത്തി. കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസിലെ അൽക്ക ഷിനോജ് (കോഴിക്കോട്, 56.72) വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ്സിലെ സ്നേഹ ശ്യാം (57.95) വെങ്കലവും നേടി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕