2000 പേർക്ക് കൂടി ഭക്ഷണം, വെയിലിന് പന്തൽ; കായികമേളയിലെ പരാതികളിൽ ഇടപെട്ട് മന്ത്രി
ഫലം വേഗത്തിൽ നൽകണം, രാത്രി വൈകുംവരെ മത്സരങ്ങൾ നീളരുത്; സംഘാടകർക്ക് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദേശം.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്നുമുതൽ 2000 പേർക്ക് കൂടി അധികമായി ഭക്ഷണം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേളയുടെ രണ്ടാം ദിനം ഉച്ചഭക്ഷണം തികയാതെ വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. അത്‍ലറ്റിക്ക്സ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചതോടെ കൂടുതൽ കുട്ടികളും കാണികളും എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. കുട്ടികൾക്കും കാണികൾക്കും വെയിലേൽക്കാതിരിക്കാൻ പന്തൽ ഒരുക്കും. മേള റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കാൻ ഐഡി കാർഡ് കാണിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.
മേളയുടെ നടത്തിപ്പിലെ പോരായ്മകൾ പരിഹരിക്കാൻ സംഘാടക സമിതികൾക്ക് മന്ത്രി കർശന നിർദേശം നൽകി. മത്സരഫലങ്ങൾ വൈകാതെ പ്രഖ്യാപിക്കണം. ട്രോഫി കമ്മിറ്റി സമയനിഷ്ഠ പാലിക്കണം. രാത്രി വൈകുംവരെ നീളുന്ന മത്സരങ്ങൾ വേഗത്തിൽ തീർക്കണം. വേദികളിലെ വെളിച്ചം ഉറപ്പാക്കണം. ശുചിമുറികൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കുട്ടികളെ താമസിപ്പിച്ച കേന്ദ്രങ്ങൾ മന്ത്രി നേരിട്ട് സന്ദർശിച്ചു. താമസകേന്ദ്രങ്ങളിൽ പോരായ്മകളില്ലെന്നും മറ്റ് കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ ചാത്തമംഗലം എൻഐടിയിലെ സിന്തറ്റിക് ട്രാക്കാണ് മേളയുടെ പ്രധാന വേദി. 31നാണ് മേള സമാപിക്കുന്നത്.




