പോൾവാൾട്ടിൽ അമൽ ചിത്രക്ക് സ്വർണം; ഇനി ലക്ഷ്യം ബ്രസീലിലെ ലോക സ്കൂൾ മീറ്റ്
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ 3.10 മീറ്റർ ചാടി കടകശ്ശേരി ഐഡിയലിലെ അമൽ ചിത്രയ്ക്ക് സ്വർണം. രണ്ടാം സ്ഥാനത്തേക്കാളും 85 സെന്റിമീറ്റർ മുന്നിൽ.

കോഴിക്കോട്: ബ്രസീലിൽ നടക്കുന്ന ലോക സ്കൂൾ മീറ്റിലേക്ക് പറക്കാനൊരുങ്ങുന്ന അമൽ ചിത്ര കെ.എസ്. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണത്തിലേക്ക് കുതിച്ചുയർന്നു. സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ 3.10 മീറ്റർ ഉയരം താണ്ടിയാണ് മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ അമൽ ചിത്രയുടെ നേട്ടം. 2.25 മീറ്ററിൽ ഒതുങ്ങിയ എതിരാളികളേക്കാൾ 85 സെന്റിമീറ്റർ ഉയരത്തിലാണ് അമൽ ചിത്ര ബാർ കടന്നത്. കഴിഞ്ഞ വർഷം വെള്ളിയിലൊതുങ്ങിയ അമൽ ചിത്ര ഇത്തവണ സ്വർണത്തിലേക്ക് ഉയർന്നു. നവംബർ 11 മുതൽ 20 വരെ ബ്രസീലിലാണ് ലോക സ്കൂൾ മീറ്റ്.
ആലത്തിയൂർ കെ.എച്ച്.എം. എച്ച്.എസിലെ ഭദ്ര എം.കെ. വെള്ളി നേടിയതോടെ ആദ്യ രണ്ടു സ്ഥാനവും മലപ്പുറത്തിനായി. കോതമംഗലം മാർ ബേസിലിലെ ബിയ മരിയം ബിജുവിനാണ് (എറണാകുളം) വെങ്കലം. മൂന്നുപേരും 2.25 മീറ്ററാണ് ചാടിയത്. പാല സെന്റ് തോമസ് എച്ച്.എസ്.എസിലെ അയോന മേരി സോജനും (കോട്ടയം) ഇതേ ഉയരം കടന്നെങ്കിലും നാലാമതായി. 3.43 മീറ്ററാണ് ഈ ഇനത്തിലെ മീറ്റ് റെക്കോർഡ് (2024).




