തകർച്ചയിൽ നിന്ന് കരകയറ്റി ജുറെൽ; നായകന്റെ സെഞ്ച്വറിയിൽ ഇന്ത്യ എ 346
ന്യൂസിലാൻഡ് എയ്ക്കെതിരായ രണ്ടാം അൺഒഫീഷ്യൽ ടെസ്റ്റിൽ ധ്രുവ് ജുറെലിന് 105, പഡിക്കലിന് 80, ആകാശ് ദീപിന് 68; മുകേഷിന് രണ്ട് വിക്കറ്റ്

ക്രൈസ്റ്റ്ചർച്ച്: ആറിന് 160 എന്ന നിലയിൽ തകർന്നു നിന്ന ഇന്ത്യ എയെ നായകൻ ധ്രുവ് ജുറെലിന്റെ സെഞ്ച്വറി കരകയറ്റി. ന്യൂസിലാൻഡ് എയ്ക്കെതിരായ രണ്ടാം അൺഒഫീഷ്യൽ ടെസ്റ്റിൽ ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 346 റൺസെടുത്തു. 99 റൺസുമായി ആദ്യ ദിവസം പുറത്താകാതെ നിന്ന ജുറെൽ രണ്ടാം ദിവസം സെഞ്ച്വറി പൂർത്തിയാക്കി. 171 പന്തിൽ 11 ഫോറും മൂന്ന് സിക്സും സഹിതം 105 റൺസെടുത്താണ് ജുറെൽ പുറത്തായത്. ആദ്യ ടെസ്റ്റിൽ ഒന്നും രണ്ടുമായിരുന്നു ജുറെലിന്റെ സ്കോർ.
ഇന്നിങ്സിന്റെ നാലാം പന്തിൽ തന്നെ യശസ്വി ജയ്സ്വാൾ പൂജ്യത്തിന് മടങ്ങി. കെ.എൽ. രാഹുലിന്റെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങിയ ബി. സായി സുദർശനും (41) ആദ്യ ടെസ്റ്റിൽ 199 റൺസെടുത്ത ദേവ്ദത്ത് പഡിക്കലും (80) ചേർന്ന് രണ്ടാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഉച്ചയ്ക്ക് ശേഷം ആറ് പന്തുകൾക്കിടെ മൂന്ന് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ എ കുഴഞ്ഞു. പഡിക്കൽ ബോൾഡായപ്പോൾ ആർ. സ്മരണും വാഷിങ്ടൺ സുന്ദറും എല്ലിന് മുന്നിൽ കുടുങ്ങി. ഇൻസ്വിങ്ങ് കൊണ്ട് വലച്ച ഫ്രേസർ ഷീറ്റ് 63 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.
ഏഴാം വിക്കറ്റിൽ മാനവ് സുതാറിനൊപ്പം (22) 62 റൺസും എട്ടാം വിക്കറ്റിൽ ആകാശ് ദീപിനൊപ്പം 75 റൺസും ചേർത്താണ് ജുറെൽ ഇന്നിങ്സ് രക്ഷിച്ചത്. പത്താമനായി ഇറങ്ങിയ ആകാശ് ദീപ് 116 പന്തിൽ 68 റൺസെടുത്ത് ബാറ്റ് കൊണ്ടും തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് എയ്ക്ക് എട്ടാം ഓവറിലേക്ക് എത്തുമ്പോഴേക്കും 13 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. മുകേഷ് കുമാർ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. തുടർന്ന് ഡീൻ ഫോക്സ്ക്രോഫ്റ്റും മാത്യു ബോയ്ലും ചേർന്ന് പുറത്താകാതെ 92 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം ദിവസത്തെ രണ്ടാം സെഷനിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 34 ഓവറിൽ മൂന്നിന് 105 എന്ന നിലയിലാണ് ആതിഥേയർ. ഫോക്സ്ക്രോഫ്റ്റ് 39ഉം ബോയ്ൽ 38ഉം റൺസുമായി ക്രീസിലുണ്ട്. ഇന്ത്യ എയുടെ സ്കോറിന് 241 റൺസ് പിന്നിലാണ് ന്യൂസിലാൻഡ് എ. ലിങ്കണിൽ നടന്ന ആദ്യ അൺഒഫീഷ്യൽ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.




